ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതക്കുള്ളിലൂടെ വാഹനങ്ങൾ ഓടുന്നതിന്റെ ചിത്രീകരണം
കൽപറ്റ: ആഗസ്റ്റ് 31ന് നിർമാണോദ്ഘാടനം നടക്കുന്ന ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത നാലു വർഷംകൊണ്ട് പൂർത്തിയാകുമെന്ന് അധികൃതർ. വയനാട് ജില്ലയിൽ 5.58 കിലോമീറ്ററും കോഴിക്കോട് ജില്ലയിൽ 3.15 കിലോമീറ്ററും നീളമുള്ള കേരളത്തിലെ ഏറ്റവും വലിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലൊന്നാണിത്.
നാളെ വൈകീട്ട് മൂന്ന് മണിക്ക് കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയിൽ സെന്റ് മേരീസ് സ്കൂൾ ഗ്രൗണ്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. മറിപ്പുഴ (കോഴിക്കോട്) മുതൽ മീനാക്ഷി പാലം (വയനാട്) വരെ അപ്രോച്ച് റോഡ് ഉൾപ്പെടെ 8.73 കിലോമീറ്റർ ദൈർഘ്യമുള്ള തുരങ്കപാതയുടെ 8.11 കിലോമീറ്റർ ദൂരം ഇരട്ട തുരങ്കങ്ങളാണ്.
പദ്ധതിയിൽ ഇരുവഴിഞ്ഞിപ്പുഴക്ക് കുറുകെ രണ്ട് പ്രധാന പാലങ്ങളും മറ്റ് മൂന്ന് ചെറു പാലങ്ങളും ഉൾപ്പെടും. ആറ് വളവുകളുള്ള റൂട്ടിൽ ഓരോ 300 മീറ്ററിലും ഇരട്ട തുരങ്കങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാതയും (ക്രോസ് പാസേജ്) ഉണ്ടാവും. പദ്ധതിക്കായി 33 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കുന്നത്. 5771 മീറ്റർ വനമേഖലയിലൂടെയും 2964 മീറ്റർ സ്വകാര്യ ഭൂമിയിലൂടെയുമാണ് തുരങ്കപാത കടന്നുപോകുന്നത്.
പ്രവൃത്തി ഉദ്ഘാടന ചടങ്ങിൽ പൊതുമരാമത്ത് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷനാകും. ധനമന്ത്രി കെ.എൻ. ബാലഗോപാൽ, വനം-വന്യജീവി സംരക്ഷണ മന്ത്രി എ.കെ. ശശീന്ദ്രൻ, പട്ടികജാതി പട്ടികവർഗ വികസന വകുപ്പ് മന്ത്രി ഒ.ആർ. കേളു, പ്രിയങ്ക ഗാന്ധി എംപി, എം.എൽ.എമാരായ ലിന്റോ ജോസഫ്, ടി. സിദ്ദീഖ് തുടങ്ങിയവർ പങ്കെടുക്കും.
കോഴിക്കോട്-വയനാട് ഗതാഗതം സുഗമമാകും; ആശങ്ക ബാക്കി
തുരങ്കപാത പദ്ധതി പൂർത്തിയായാൽ കോഴിക്കോട്-വയനാട് ഗതാഗതം സുഗമമാകും. യാത്രസമയം കുറയുകയും വിനോദസഞ്ചാര-വ്യാപാര മേഖലകൾക്ക് വൻ ഉണർവ് ലഭിക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷ.
കൊങ്കൺ റെയിൽവേ കോർപറേഷന്റെ മേൽനോട്ടത്തിൽ ഭോപാൽ ആസ്ഥാനമായ ദിലിപ് ബിൽഡ്കോൺ കമ്പനിയാണ് പ്രവൃത്തി നടത്തുക. പ്രധാന റോഡിന്റെ 300 മീറ്റർ അകലെനിന്നാണ് തുരങ്ക നിർമാണം ആരംഭിക്കുക. പാത പൂർത്തിയായാൽ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളുടെ വികസനത്തിനും ചരക്കുനീക്കത്തിനും ടൂറിസം പദ്ധതികള്‍ക്കും തുരങ്കപാത കുതിച്ചുചാട്ടമുണ്ടാക്കും.
മലപ്പുറത്തുനിന്നും കോഴിക്കോട്ടുനിന്നും കര്‍ണാടകയിലേക്കുള്ള ദൂരവും ഗണ്യമായി കുറയും. അതേസമയം, ഭൂമി തുരന്നുള്ള തുരങ്കപാതയുടെ നിർമാണം ഏറെ പരിസ്ഥിതി പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. പാത കടന്നുപോകുന്നത് പ്രകൃതി ദുരന്തങ്ങളുടെ സാധ്യതപ്പട്ടികയിലുള്ള പ്രദേശത്തുകൂടിയാണ്. 298 പേരുടെ മരണത്തിനിടയാക്കിയ ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ പ്രദേശങ്ങൾ കൂടിയാണിത്.
മേപ്പാടി പഞ്ചായത്തിലെ ഉരുൾസാധ്യതമേഖലയിലൂടെയാണ് തുരങ്കപാത വരുന്നതെന്നും ഇത് ഏറെ ആശങ്കയുണ്ടാക്കുന്നുവെന്നും പരിസ്ഥിതി പ്രവർത്തകർപറയുന്നു. എന്നാൽ റോഡ് നിർമാണത്തിന് ഉണ്ടാവുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍ പോലും തുരങ്ക പാതക്കുണ്ടാകില്ലെന്നാണ് മറുവാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.