കൽപറ്റ: ജില്ലയിലെ റവന്യൂവകുപ്പിൽ വിജിലൻസ് അന്വേഷണം നേരിടുന്ന ജീവനക്കാരെ സംരക്ഷിക്കുന്ന നിലപാടുമായി ഭരണകക്ഷി സർവിസ് സംഘടന. കഴിഞ്ഞദിവസം ചേർന്ന ജില്ല കമ്മിറ്റി യോഗത്തിൽ അഴിമതി ആരോപണം ഉയർന്ന നേതാക്കൾ ഉൾപ്പെടെയുള്ളവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഒരുവിഭാഗം ആവശ്യപ്പെട്ടെങ്കിലും സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടലിൽ നടപടി വേണ്ടെന്ന് നിലപാട് സ്വീകരിക്കുകയായിരുന്നു.
റവന്യൂ ജീവനക്കാരുടെ സ്ഥലം മാറ്റവും നിയമനവും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഗുരുതരമായ ആരോപണങ്ങൾ ഉയർന്നുവരുകയും നിരവധി പരാതികൾ വിജിലൻസിനും ജില്ല കലക്ടർക്കും ലഭിക്കുകയും ചെയ്ത സാഹചര്യത്തിൽ പാർട്ടി ഇടപെട്ട് ജില്ല കമ്മിറ്റി യോഗം വിളിച്ചുചേർക്കാൻ സംഘടനയോട് ആവശ്യപ്പെട്ടത്. യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി ഉൾപ്പടെയുള്ളവർ പങ്കെടുത്തു.
യോഗത്തിൽ ചേരിതിരിഞ്ഞ് ജില്ല കമ്മിറ്റി അംഗങ്ങൾ ആരോപണ പ്രത്യാരോപണങ്ങൾ ഉന്നയിച്ചു. എന്നാൽ മേൽകമ്മിറ്റി തീരുമാനങ്ങൾ അടിച്ചേൽപിക്കും വിധത്തിൽ ജനറൽ സെക്രട്ടറി ഇടപെട്ട് ആരോപണ വിധേയർക്കെതിരെ നടപടിയില്ലെന്ന് നിർദേശിച്ചുവെന്നാണ് വിവരം.
അതേസമയം, വിജിലൻസ് അന്വേഷണം നേരിടുന്നവർക്കെതിരേ നടപടിയില്ലാത്തതിൽ പാർട്ടി ജില്ല നേതൃത്വം കടുത്ത പ്രതിഷേധത്തിലാണ്. സിവിൽ സർവിസിലെ അഴിമതിക്കെതിരെ ക്വിറ്റ് കറപ്ഷൻ ഭാഗമായി സംസ്ഥാന വ്യാപകമായി പ്രചാരണവും നടത്തുന്ന ഭരണകക്ഷി സർവിസ് സംഘടന ഇപ്പോൾ അഴിമതിക്കാരെ സംരക്ഷിക്കുകയാണെന്ന് ഒരുവിഭാഗം പറയുന്നു. നേതാക്കൾക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ചൂണ്ടിക്കാട്ടി പുതിയ പരാതികളും നേതൃത്വത്തിന് ലഭിച്ചിട്ടുണ്ട്.
വനിതാ ഡെപ്യൂട്ടി തഹസിൽദാർ നേരത്തേ വില്ലേജ് ഓഫിസർ ആയിരിക്കെ നികുതി പിരിവിലൂടെ പിരിച്ചെടുത്ത പണം ട്രഷറിയിൽ അടക്കാതെ പിടിക്കപ്പെട്ടപ്പോൾ ഭരണപക്ഷ സർവിസ് സംഘടനയിൽ നിന്ന് റവന്യൂവകുപ്പ് കൈകാര്യം ചെയ്യുന്ന പാർട്ടിയുടെ സംഘടനയിലേക്ക് കൂറ് മാറിയതോടെ കേസ് ഒതുക്കിയെന്നാണ് പറയുന്നത്. സംഭവത്തിൽ ഇപ്പോൾ വീണ്ടും പരാതിയെത്തിയതായാണ് വിവരം.
ആരോപണ വിധേയരെ ജനസമ്പർക്കമുള്ള സീറ്റിൽ നിയമിക്കരുതെന്ന സർക്കാർ ഉത്തരവ് നിലനിൽക്കെ വിജിലൻസ് കോടതി പിഴയും തടവും ശിക്ഷ വിധിച്ച ഡെപ്യൂട്ടി തഹസിൽദാറെ സംരക്ഷിക്കുന്നതിന് സംഘടന സെക്രട്ടേറിയറ്റിലും ലാൻഡ് റവന്യൂ കമീഷണറുടെ ഓഫിസിലും നടത്തിയ ഇടപെടലുകളും പുറത്തുവന്നിട്ടുണ്ട്. സ്ഥലം മാറ്റങ്ങളിൽ പണം വാങ്ങുന്നത് ഉൾപ്പെടെയുള്ള ആരോപണങ്ങൾ നേരിടുന്ന മാനന്തവാടി താലൂക്കിലെ വനിതാ നേതാവ് ഉൾപ്പെടെയുള്ളവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് സംഘടനയിലെ ഒരുവിഭാഗത്തിന്റെ നിലപാട്.
2018ലെ പ്രളയ ദുരിതാശ്വാസ തട്ടിപ്പിൽ പ്രതികളായവരുൾപ്പെടെയുള്ള പ്രതിപക്ഷ സർവിസ് സംഘടനയുടെ ചില നേതാക്കളെ ഉൾപടെ സംരക്ഷിക്കുന്ന കാര്യത്തിലും സ്ഥലം മാറ്റങ്ങളിലും ഭരണ- പ്രതിപക്ഷ വ്യത്യാസമില്ലാതെയുള്ള പരസ്പര ധാരണകൾ നിലവിലുള്ളത് പാർട്ടിക്കും നാണക്കേടുണ്ടാക്കിയിട്ടുണ്ട്.
എൽ.ഡി.എഫ് സർക്കാറിന്റെ പ്രതിച്ഛായ തകർക്കുന്ന രീതിയിൽ റവന്യൂവകുപ്പിൽ അടിക്കടിയുണ്ടാകുന്ന ഗുരുതര ആരോപണങ്ങൾ ഗൗരവമായി പരിശോധിക്കണമെന്നാണ് എൻ.ജി.ഒ യൂനിയൻ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.