കൽപറ്റ: കാറ്ററിങ്, ഹോട്ടൽ മേഖലയിൽ ഉൾപ്പെടെ കടുത്ത പ്രതിസന്ധി സൃഷ്ടിച്ച് ബിരിയാണി അരി വില കുതിച്ചുയുരുന്നു. രണ്ടുമാസം മുമ്പുവരെ കിലോ 110 മുതൽ 140 രൂപക്ക് വരെ ലഭിച്ചിരുന്ന ബിരിയാണി അരിയുടെ വില ഇരട്ടിയോളം ആയതോടെയാണ് വ്യാപാരികളും ഹോട്ടലുടമകളുമെല്ലാം ആശങ്കയിലായത്. ബിരിയാണിക്ക് കേരളത്തിൽ കൂടുതൽ ഉപയോഗിക്കുന്ന കയമ അരിക്ക് ഇപ്പോൾ കിലോക്ക് 210 രൂപയാണ് മാർക്കറ്റ് വില. കെ.ടി.എസിന് 220 ആയി. 110 രൂപയുണ്ടായിരുന്ന ട്രിപ്ൾ മാൻ ബ്രാൻഡിന് 230 രൂപയായി ഉയർന്നു. കഴിഞ്ഞ ഏതാനും മാസങ്ങൽക്കുള്ളിലാണ് വില ഉയർന്ന് 230 രൂപയിലെത്തിയത്.
വെളിച്ചെണ്ണക്കും വില വർധിച്ചിരുന്നുവെങ്കിലും കഴിഞ്ഞ ദിവസങ്ങളിലായി അൽപം താഴേക്ക് എത്തിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ച ലിറ്ററിന് 460 രൂപ വിലയുണ്ടായിരുന്ന സ്ഥാനത്ത് ഈയാഴ്ച 380 മുതൽ 400 വരെയായി. എങ്കിലും രണ്ടുമാസം മുമ്പ് 250 രൂപ വിലയുണ്ടായിരുന്ന വെളിച്ചെണ്ണക്ക് 400 രൂപ നൽകേണ്ടിവരുന്നത് സാധാരണക്കാരെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. തേങ്ങയുടെ വിലയിലും കഴിഞ്ഞ ദിവസങ്ങളിൽ നേരിയ കുറവുണ്ടായത് ചെറിയ ആശ്വാസം നൽകുന്നുണ്ട്. കിലോക്ക് 80 രൂപയാണ് ഇപ്പോഴത്തെ വില.
അനിയന്ത്രിതമായ വിലവർധന ഹോട്ടൽ, കാറ്ററിങ് മേഖലയിലുള്ളവരെയും സാധാരണക്കാരെയും കാര്യമായി ബാധിച്ചിട്ടുണ്ട്. അരിയുടെ വില വർധനയെ തുടർന്ന് ചില ഹോട്ടലുകളിൽ വിവിധ ബിരിയാണികൾക്ക് വില വർധിപ്പിച്ചിട്ടുണ്ട്. മറ്റു ചില ഹോട്ടലുകളാകട്ടെ വില വർധിപ്പിക്കാനുള്ള ഒരുക്കത്തിലുമാണ്. പല കാറ്ററിങ് സ്ഥാപനങ്ങളും അനിയന്ത്രിതമായ വില വർധനയിൽ പിടിച്ചുനിൽക്കാനാകാതെ ഇപ്പോൾ ബിരിയാണി ഓർഡറുകൾ സ്വീകരിക്കുന്നില്ല.
ചില സ്ഥാപനങ്ങൾ 20 മുതൽ 30 രൂപ വരെ വില വർധിപ്പിച്ചാണ് വിതരണം നടത്തുന്നത്. കയറ്റുമതി വർധിച്ചതും കേരളത്തിലേക്ക് കൂടുതലായും ബിരിയാണി അരിയെത്തുന്ന പശ്ചിമബംഗാളിൽ കാലാവസ്ഥ വ്യതിയാനം കാരണമായുണ്ടായ കൃഷി നാശവും ഉൽപാദനം കുറഞ്ഞതുമാണ് വില വർധനക്ക് പ്രധാന കാരണമെന്നാണ് വ്യാപാരികൾ പറയുന്നത്. ഉൽപാദനക്കുറവാണ് വെളിച്ചെണ്ണയുടെ വിലവർധനക്കും കാരണമായത്.
വെളിച്ചെണ്ണക്ക് വൻ തോതിൽ വില വർധിച്ചതോടെ പലരും സൺഫ്ലവർ ഓയിലിനെയും പാമോയിലിനെയും കൂടുതൽ ആശ്രയിക്കാൻ തുടങ്ങിയിട്ടുണ്ട്. കല്യാണം ഉൾപ്പടെയുള്ള ചടങ്ങുകളെ ബിരിയാണി അരിയുടെയും തേങ്ങയുടെയും വെളിച്ചണ്ണയുടെയും വില വർധന ബാധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.