കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്നും വർധനവ്. രണ്ടാഴ്ചത്തെ ഇടവേളക്ക് ശേഷം പവൻ വില 75,000 രൂപ കടന്നു. ഗ്രാമിന് 35 രൂപ വർധിച്ച് 9390 രൂപയിലെത്തി. പവന് 280 വർധിച്ച് 75,120 രൂപയിലും. കഴിഞ്ഞ ദിവസവും സ്വർണവില വർധിച്ചിരുന്നു. രണ്ട് ദിവസം കൊണ്ട് 90 രൂപയാണ് ഗ്രാമിന് കൂടിയത്.
ആഗസ്റ്റ് എട്ടിനാണ് പവൻ വില 75,760 രൂപയിലെത്തിയത്. യു.എസിലെ ആഭ്യന്തര പ്രശ്നങ്ങളാണ് സ്വർണവിപണിയിൽ പ്രതിഫലിച്ചത്. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവിന്റെ ഗവർണർ ലിസ കുക്കിനെ പുറത്താക്കിയിരുന്നു. യു.എസിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു നടപടി. സ്വന്തം സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യൽ വഴിയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. ആ സ്ഥാനത്തേക്ക് മറ്റൊരാളെ ഉടൻ നിയമിക്കുമെന്നും അറിയിച്ചു.
എന്നാൽ ട്രംപിന് തന്നെ പുറത്താക്കാൻ അധികാരമില്ലെന്നും നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്നും ലിസ കുക്ക് വ്യക്തമാക്കിയിട്ടുണ്ട്.
അതിനിടെ, രാജ്യാന്തര സ്വർണവില 3400 ഡോളർ കടക്കുമെന്നും വിലയിരുത്തലുണ്ട്. രാജ്യാന്തര സ്വർണവില ഔൺസിന് 3,374 ഡോളറിൽ നിന്ന് 3,393 ഡോളർ വരെ ഉയർന്നെങ്കിലും പിന്നീട് ഡോളർ കരുത്തു കാട്ടിയതോടെ 3,374 ഡോളറിലെത്തി.
സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക്, സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക്, കസ്റ്റംസ് ഡ്യൂട്ടി എന്നിവയാണ് സ്വര്‍ണത്തിന്റെ വില നിര്‍ണയിക്കുന്നതിന്റെ അടിസ്ഥാന ഘടകങ്ങള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.