black pepper

കുതിച്ചു ചാട്ടത്തിനൊരുങ്ങി കുരുമുളക്‌ വിപണി

മൂന്നാഴ്‌ചയായി നിത്യേന കുരുമുളക്‌ വില ഉയരുന്നു. അൺ ഗാർബ്ൾഡ്‌ ഇതിനകം കിലോ 684 രൂപയിലെത്തി. ഉൽപാദന മേഖല 700 രൂപയെയാണ്‌ ഉറ്റുനോക്കുന്നത്‌. ഉത്തരേന്ത്യൻ വൻകിട വ്യാപാരികളുടെ നാടൻ മുളക്‌ സ്‌റ്റോക്ക്‌ ചുരുങ്ങിയ അവസ്ഥയാണ്‌. ഇറക്കുമതി നടത്തിയ വില കുറഞ്ഞ മുളകുമായി നാടൻ ചരക്ക്‌ കലർത്തി വില താഴ്ത്തി വിൽക്കുന്നവരുമുണ്ട്. ഉത്സവ സീസൺ മുന്നിലുള്ളതിനാൽ ഉത്തരേന്ത്യൻ വിപണികളിൽ സുഗന്ധവ്യഞ്‌ജനങ്ങൾക്ക്‌ ആവശ്യം വർധിക്കും.

അന്താരാഷ്‌ട്ര വിപണിയിൽ മലബാർ മുളക്‌‌ വില ടണിന്‌ 8200 ഡോളറാണ്‌. ഇന്തോനേഷ്യയും മലേഷ്യയും ബ്രസീലും ശ്രീലങ്കയും വിയറ്റ്‌നാമും നിരക്ക്‌ താഴ്‌ത്തി വിദേശ കച്ചവടങ്ങൾക്ക്‌ ശ്രമം നടത്തുന്നുണ്ട്‌. ക്രിസ്‌മസ്‌ വരെയുള്ള ആവശ്യങ്ങൾക്ക്‌ ചരക്ക്‌ സംഭരണത്തിനുള്ള നീക്കത്തിലാണ്‌ അമേരിക്കൻ ഇറക്കുമതിക്കാർ.

ഉത്തരേന്ത്യൻ ഔഷധ നിർമാതാക്കൾക്ക്‌ ഒപ്പം കറിമസാല വ്യവസായികളും ജാതിക്ക വാങ്ങാൻ രംഗത്തിറങ്ങി. ഏതാനും മാസമായി കാര്യമായ വില വ്യതിയാനമില്ലാത്ത ഉൽപന്നത്തിന്‌ ആഭ്യന്തര ആവശ്യം വർധിച്ചത് ഗുണമാകും. നവംബർ വരെ ഡിമാൻഡ് ഉയരുമെന്ന പ്രതീക്ഷയിൽ പരമാവധി ജാതിക്ക, ജാതിപത്രി എന്നിവ വാങ്ങാൻ വ്യവസായികൾ ഉത്സാഹിക്കുന്നുണ്ട്‌. കയറ്റുമതിക്കാരും സംഭരണം ഊർജിതമാക്കി. ഗൾഫ്‌ രാജ്യങ്ങളുമായി ഉറപ്പിച്ച കച്ചവടങ്ങൾ പ്രകരമുള്ള സംഭരണമാണ്‌ കയറ്റുമതി മേഖല നടത്തുന്നത്‌. പ്രമുഖ വിപണികളിൽ ചരക്ക്‌ വരവ്‌ കുറവാണ്‌. ജാതിക്ക വില കിലോ 300 രൂപയിലും ജാതിപ്പരിപ്പ്‌ വില 600 രൂപയിലും വ്യാപാരം നടന്നു.

അന്തർസംസ്ഥാന വാങ്ങലുകാർ ചുക്ക്‌ സംഭരണ നീക്കത്തിലാണ്‌. വിദേശ ഓർഡറുകളുടെ കരുത്തിൽ മികച്ചയിനങ്ങളുടെ വില വർധനക്ക് സാധ്യത. മുഖ്യ വിപണികളിലും ചുക്ക്‌ സ്‌റ്റോക്ക്‌ ചുരുങ്ങിയ അവസരമാണ്‌. അറബ്‌ രാജ്യങ്ങൾ ചുക്ക്‌ വിപണിയുടെ ചലനങ്ങൾ വിലയിരുത്തുന്നുണ്ട്‌. ഇടത്തരം ചുക്ക്‌ 24,000 രൂപയിലും മികച്ച ചുക്ക്‌ 25,000 രൂപയിലും വിപണനം നടന്നു.

നാളികേരത്തിൽ മാന്ദ്യം വിട്ടുമാറിയില്ല. കൊപ്ര വില ഇടിവ്‌ കണ്ട്‌ വൻകിട മില്ലുകാർ ചരക്ക്‌ സംഭരണം ഊർജിതമാക്കി. തമിഴ്‌നാട്ടിൽ കൊപ്ര ക്വിന്റലിന്‌ 20,400 രൂപയിലാണ്‌. കൊച്ചിയിൽ നിരക്ക്‌ 21,800 രൂപയിലും. ഓണം അടുത്ത സാഹചര്യത്തിൽ മുന്നേറാൻ ശ്രമം നടത്താം. വെളിച്ചെണ്ണ ലിറ്ററിന്‌ 370 രൂപയിലാണ്‌ പല സൂപ്പർ മാർക്കറ്റുകളിലും ഇടപാടുകൾ നടക്കുന്നത്‌. നേരത്തേ 529 രൂപയായി ഉയർന്ന കേര വെളിച്ചെണ്ണ വില 460ലേക്ക്‌ താഴ്‌ന്നു.

തായ്‌ലൻഡിൽ മഴയും തൊഴിലാളി ക്ഷാമവുംമൂലം റബർ ടാപ്പിങ്‌ രംഗം തളർച്ചയിലാണ്‌. അവർ ശ്രീലങ്കയിൽനിന്ന്‌ തൊഴിലാളികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ്‌. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും മഴ കുറഞ്ഞതോടെ മഴ മറ ഒരുക്കിയ തോട്ടങ്ങളിൽ കർഷകർ റബർവെട്ടിന് ഇറങ്ങി. കാലാവസ്ഥ തെളിഞ്ഞാൽ ഷീറ്റും ലാറ്റക്‌സും കൂടുതൽ ഉൽപാദിപ്പിക്കാൻ കർഷകർ ഉത്സാഹിക്കും. ടയർ നിർമാതാക്കൾ ആർ.എസ്‌.എസ്‌ നാലാം ഗ്രേഡ്‌ ഷീറ്റ്‌ വില 19,800 രൂപയിൽനിന്ന്‌ 19,000ത്തിലേക്ക്‌ ഇടിച്ചു. അഞ്ചാം ഗ്രേഡ്‌ 18,600 രൂപയിൽ വിപണനം നടന്നു.

Tags:    
News Summary - Pepper market

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT