കൊച്ചി: കേരളത്തിലും തമിഴ്നാട്ടിലുമായി നടക്കുന്ന അനധികൃത ഏലം ഇ-ലേലത്തിനെതിരെ മുന്നറിയിപ്പുമായി സ്പൈസസ് ബോര്‍ഡ്. അംഗീകൃത ലൈസന്‍സ് ഇല്ലാത്ത ആളുകളും സ്ഥാപനങ്ങളും നടത്തുന്ന ഇത്തരം ലേലങ്ങള്‍ അനധികൃതമാണെന്നും ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും സ്പൈസസ് ബോര്‍ഡ് വ്യക്തമാക്കി.
ചില സ്ഥാപനങ്ങളും സംഘങ്ങളും ലൈസൻസുള്ള ചില വ്യാപാരികളും ഉൾപ്പെടെ അനധികൃത ലേലങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്. സി.എൽ.എം (കാർഡമം ലൈസൻസിങ് ആൻഡ് മാർക്കറ്റിങ്) നിയമങ്ങൾ പ്രകാരം, സ്പൈസസ് ബോർഡിന്റെ ലൈസൻസുള്ള വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും മാത്രമേ ലേലക്കാരായോ ഡീലര്‍മാരായോ പ്രവർത്തിക്കാൻ കഴിയൂ. ലൈസൻസുള്ള ലേലക്കാരന് ബോർഡ് അംഗീകരിച്ച സ്ഥലങ്ങളിലും തീയതികളിലും സമയങ്ങളിലും മാത്രമേ ലേലം നടത്താൻ അധികാരമുള്ളൂവെന്നും ബോർഡ് വ്യക്തമാക്കി.
അനധികൃത ലേലങ്ങൾ അധികൃത ലേലക്കാര്‍ക്കും ഏലം ഉൽപാദകര്ക്കും സാമ്പത്തികനഷ്ടവും വ്യാപാരത്തിലെ സുതാര്യതക്ക് പ്രതിസന്ധിയും ഉണ്ടാക്കുന്നതായി ബോർഡ് ചൂണ്ടിക്കാട്ടി. ലൈസൻസുള്ള വ്യാപാരികൾ രജിസ്റ്റർ ചെയ്ത എസ്റ്റേറ്റ് ഉടമകളിൽനിന്നോ കർഷകരിൽനിന്നോ ലൈസൻസുള്ള ലേലക്കാരിൽനിന്നോ മാത്രമേ ഏലം വാങ്ങാവൂ എന്നും ബോര്‍ഡ് നിർദേശിച്ചു. ലൈസന്‍സ് ഉള്ളവര്‍ക്ക് ഇടുക്കിയിലെ പുറ്റടി, തമിഴ്നാട്ടിലെ ബോഡിനായ്ക്കന്നൂര്‍ എന്നിവിടങ്ങളിലെ ഇ-ലേലത്തിലും മറ്റു സംസ്ഥാനങ്ങളില്‍ നടക്കുന്ന ലേലത്തിലും പങ്കെടുക്കാം. ലേലം നടത്താന്‍ ലൈസന്‍സ് കരസ്ഥമാക്കിയവരുടെ വിവരങ്ങള്‍ സ്പൈസസ് ബോര്‍ഡിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ (www.indianspices.com) ലഭ്യമാണെന്നും സ്പൈസസ് ബോര്‍ഡ് അറിയിച്ചു. ഏലം വ്യാപാരത്തില്‍ സുതാര്യത ഉറപ്പാക്കുമെന്നും അധികൃതര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.