മേഘശ്രീ ഐ.എ.എസ്
കൽപറ്റ: റവന്യൂ വകുപ്പിലെ സ്ഥലംമാറ്റ വിവാദങ്ങൾക്ക് പിന്നാലെ 12 പേരുടെ ലിസ്റ്റ് മാത്രം പുറത്തിറക്കി ജില്ല ഭരണകൂടം. സീനിയർ ക്ലർക്ക്/സ്പെഷൽ വില്ലേജ് ഓഫിസർ തസ്തികയിലുള്ള 74 ജീവനക്കാരെ സ്ഥലംമാറ്റാനുള്ള ലിസ്റ്റ് കഴിഞ്ഞ ദിവസം തയാറാക്കിയിരുന്നെങ്കിലും ജില്ല കലക്ടറുടെ അനുമതി ലഭിക്കാത്തതിനാൽ പുറത്തിറങ്ങിയിരുന്നില്ല.
സ്ഥലംമാറ്റ ലിസ്റ്റ് വിവാദമാകുകയും ഭരണകക്ഷി സർവിസ് സംഘടനകൾ പരസ്പരം കൊമ്പുകോർക്കുകയും ചെയ്തതോടെ ലിസ്റ്റ് പിൻവലിക്കുകയായിരുന്നു. സർവിസ് സംഘടനകളുടെ ഇടപെടലിനെ തുടർന്ന് 18ന് ജില്ല കലക്ടർ പുറത്തിറക്കിയ പുതിയ സ്ഥലംമാറ്റ ഉത്തരവിൽ ജില്ലക്ക് പുറത്തുനിന്നും വയനാട്ടിലേക്ക് മാറ്റപ്പെട്ട 12 പേർക്ക് മാത്രമാണ് ഉൾപ്പെട്ടത്. ജില്ലതല സ്ഥലംമാറ്റം നടപ്പാക്കുന്ന വേളയിൽ ആവശ്യമെങ്കിൽ ഈ നിയമനങ്ങൾ പുനഃക്രമീകരിക്കും എന്നും പുതിയ ഉത്തരവിലുണ്ട്.
ഇത് സ്ഥലംമാറ്റവും നിയമനവും സംബന്ധിച്ച് നിലവിലുള്ള മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്ന് ഒരു വിഭാഗം ജീവനക്കാർ ആരോപിക്കുന്നു. സ്ഥലം മാറ്റപ്പെട്ട ജീവനക്കാർ ജോലിയിൽ പ്രവേശിക്കുന്നതിന് ജൂലൈ 25ന് കലക്ടർ മുമ്പാകെ ഹാജരായെങ്കിലും ആഗസ്റ്റ് 18നാണ് ജോലി നിശ്ചയിച്ച് നിയമന ഉത്തരവ് നൽകിയത്. ഇവർക്ക് ആഗസ്റ്റ് 18 വരെയുള്ള കാലയളവ് ഡ്യൂട്ടിയായി ക്രമീകരിച്ചുകൊണ്ടും ഉത്തരവാക്കിയിട്ടുണ്ട്. ഫലത്തിൽ 24 ദിവസം ജോലി ചെയ്യാതെ ഇവർക്ക് സർക്കാർ ശമ്പളം നൽകേണ്ടിവരും.
ജില്ലയിലെ റവന്യൂ വകുപ്പിൽ 23 ജീവനക്കാർക്കെതിരെ വിജിലൻസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങിയിട്ടുണ്ട്. വൈത്തിരി താലൂക്കിലെ സീനിയർ ക്ലർക്ക്, ഒരു വനിത വില്ലേജ് ഓഫിസർ, മാനന്തവാടി താലൂക്കിലെ ഭരണകക്ഷി സംഘടനയുടെ നേതാവ് കൂടിയായ സീനിയർ ക്ലർക്ക്, വൈത്തിരി താലൂക്കിലെ മൂന്ന് വില്ലേജ് ജീവനക്കാർ, മാനന്തവാടി താലൂക്കിലെ ഒരു വില്ലേജ് ഓഫിസർ, ഒരു വില്ലേജ് അസിസ്റ്റൻറ്, ഒരു വില്ലേജ് ഫീൽഡ് അസിസ്റ്റൻറ്, ജില്ലയിലെ ഒരു ഡെപ്യൂട്ടി തഹസിൽദാർ, ഒരു തഹസിൽദാർ, സുൽത്താൻ ബത്തേരി താലൂക്കിലെ ഒരു വില്ലേജ് ഓഫിസർ, മറ്റു രണ്ട് വില്ലേജ് ജീവനക്കാർ എന്നിവർ ഉൾപ്പെടെയുള്ളവർക്കെതിരെ വിജിലൻസ് അന്വേഷണം നടക്കുന്നതായാണ് വിവരം.
ഏതാനും മാസങ്ങൾക്കിടയിൽ കുപ്പാടിത്തറ, പയ്യമ്പള്ളി വില്ലേജ് ഓഫിസർമാർ കൈക്കൂലി വാങ്ങുന്നതിനിടയിൽ വിജിലൻസിന്റെ പിടിയിലായിരുന്നു. തുടർന്ന് ഇവരെ സസ്പെൻഡ് ചെയ്യുകയും ചെയ്തു. വിജിലൻസ് പിടിയിലായ പയ്യമ്പള്ളി വില്ലേജ് ഓഫിസറെ നേരത്തേ പേര്യയിലേക്ക് ജില്ല കലക്ടർ സ്ഥലംമാറ്റിയിരുന്നെങ്കിലും ഭരണകക്ഷിയുടെ സർവിസ് സംഘടനയുടെ സംസ്ഥാന കൗൺസിൽ അംഗം ഇടപെട്ട് ഉത്തരവ് റദ്ദാക്കിക്കുകയായിരുന്നു.
ഇതും ഇപ്പോൾ വിവാദമായിട്ടുണ്ട്. റവന്യൂ വകുപ്പ് കൈകാര്യംചെയ്യുന്ന സി.പി.ഐയുടെ ജില്ല സെക്രട്ടറിയുടെ വീട് സ്ഥിതിചെയ്യുന്ന പ്രദേശമായ പയ്യമ്പള്ളിയിലെ വില്ലേജ് ഓഫിസർ കൈക്കൂലി കേസിൽ പിടിയിലായത് പാർട്ടിക്കും നാണക്കേടായിട്ടുണ്ട്.
അതേസമയം, കൈക്കൂലിക്കേസിൽ പിടിയിലായ വില്ലേജ് ഓഫിസർ സംഘടന നേതാക്കൾക്ക് മാസപ്പടി നൽകിയിരുന്നതായുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്. വിജിലൻസ് അന്വേഷണത്തിൽ ഇതുസംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് കരുതുന്നത്.
നേരത്തേ ഇറക്കിയ വില്ലേജ് ഓഫിസർമാരുടെ സ്ഥലംമാറ്റ ഉത്തരവിൽ സർവിസ് സംഘടനകൾ ഇടപെടുകയും തർക്കമുണ്ടാവുകയും ചെയ്തതിനെ തുടർന്ന് ജില്ല കലക്ടർ ഇടപെട്ട് വെള്ളരിമല, തൃക്കൈപ്പറ്റ, കോട്ടപ്പടി വില്ലേജ് ഓഫിസർമാരെ പരസ്പരം സ്ഥലംമാറ്റി പുതിയ ഉത്തരവിറക്കിയിരുന്നു. ഉരുൾ ദുരന്തവുമായി ബന്ധപ്പെട്ട് വിവാദങ്ങളിൽപെട്ട വെള്ളരിമല വില്ലേജ് ഓഫിസറെ തൃക്കൈപ്പറ്റക്കാണ് സ്ഥലംമാറ്റിയത്. അതേസമയം, ആരോപണ വിധേയരായ ഭരണകക്ഷി സംഘടന നേതാക്കൾ ഉൾപ്പെടെയുള്ളവരെ ഇപ്പോഴും ജനസമ്പർക്കമുള്ള ഓഫിസുകളിൽനിന്ന് മാറ്റിനിയമിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.