അബൂബക്കർ, ശിവൻ, അരൂഷ്
മാനന്തവാടി: ഒറ്റക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിൽ ആരുമില്ലാത്ത സമയത്ത് അതിക്രമിച്ചു കയറി നാശനഷ്ടം വരുത്തിയ സംഭവത്തിൽ മൂന്നുപേരെ അറസ്റ്റ് ചെയ്തു. കൂത്തുപറമ്പ്, മീത്തലെപീടികയിൽ വീട് കാരായി അരൂഷ് (52), കൽപറ്റ എരഞ്ഞിവയൽ കോഴിക്കോടൻ വീട് അബൂബക്കർ (64), മാടക്കര കോളിയാടി വലിയവട്ടം വീട്ടിൽ ശിവൻ (55) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഒഴക്കോടി അനിയറ്റ്കുന്നിൽ താമസിക്കുന്ന ഒമ്പതേടത്ത് വീട്ടിൽ തങ്കമണിയുടെ (87) പരാതിയിലാണ് നടപടി.
ഇവരുമായി നല്ല ബന്ധത്തിലല്ലാത്ത മകളെ അവരുടെ വീട്ടിൽ താമസിപ്പിക്കണമെന്നാവശ്യപ്പെട്ട് കടക്കെണി വിമോചന മുന്നണി എന്ന പേരിൽ 20ഓളം ആളുകൾ ന്യായവിരുദ്ധമായി സംഘം ചേർന്ന് പരാതിക്കാരിയുടെ വീട്ടിലേക്ക് പ്രകടനമായി എത്തുകയും നാശനഷ്ടം വരുത്തുകയുമായിരുന്നുവെന്നാണ് പരാതി. വിവരം ലഭിച്ചയുടനെ ജൂനിയർ എസ്.ഐ അതുൽ മോഹന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തുകയും വീടിനുള്ളിൽ കണ്ട മൂന്നുപേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
സംഭവസ്ഥലത്ത്നിന്ന് പൊട്ടിയ നിലയിലുള്ള വാതിൽ പൂട്ടിന്റെ ഭാഗവും സി.സി.ടി.വി ഡി.വി.ആറും കടക്കെണി വിമോചന മുന്നണി എന്ന പേരിൽ സ്ഥാപിച്ച പോസ്റ്ററുകളും ബന്തവസ്സിലെടുത്തു. മാനന്തവാടി ഇൻസ്പെക്ടർ എസ്.എച്ച്.ഒ പി. റഫീഖിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ അതുൽ മോഹൻ, എം.സി. പവനൻ, എ.എസ്.ഐ ഷമ്മി, എസ്.സി.പി.ഒമാരായ സി.എച്ച്. നൗഷാദ്, സി.പി.ഒ റാഷിദ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.