സുൽത്താൻ ബത്തേരി: നെന്മേനി പഞ്ചായത്തിലെ ചീരാൽ മേഖലയിൽ പുലി ശല്യം രൂക്ഷമായിട്ടും ഒന്നും ചെയ്യാനാകാതെ വനം വകുപ്പ്. കൂടുവെച്ച് മേഖലയിലെ പുലിപ്പേടി ഒഴിവാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. ഒടുവിൽ, വെള്ളച്ചാൽ എടപ്പരത്തി പാലക്കൽ അരവിന്ദന്റെ വളർത്തു നായെ തിങ്കളാഴ്ച വെളുപ്പിന് മൂന്നു മണിയോടെയാണ് പുലി കൊന്നത്. നായെ വലിച്ചുകൊണ്ടുപോകുന്നത് വീട്ടുകാർ കണ്ടിരുന്നു.
വെള്ളച്ചാലിൽ രണ്ടാം ദിവസമാണ് പുലിയെത്തുന്നത്. അതിനുമുമ്പ് കരിങ്കാളികുന്ന്, ചെറുമാട് ഭാഗത്ത് എത്തിയിരുന്നു. ഇവിടങ്ങളിൽ വനം വകുപ്പ് കൂട് സ്ഥാപിച്ചിട്ടുണ്ട്. പഞ്ചായത്തിലെ ചുള്ളിയോടിനടുത്ത് കരടിപ്പാറയിലും കൂട് വെച്ചതായി നാട്ടുകാർ പറയുന്നു. എന്നാൽ, കൂടിനടുത്തേക്ക് പുലി അടുക്കാത്ത സാഹചര്യമാണുള്ളത്.
മുണ്ടക്കൊല്ലി, ആശാരിപ്പടി, വല്ലത്തൂർ എന്നിവിടങ്ങളിൽ രണ്ടാഴ്ചമുമ്പ് കടുവ എത്തിയിരുന്നു. കടുവയെ കണ്ടെത്താൻ ഡ്രോൺ നിരീക്ഷണവും വനം വകുപ്പ് നടത്തിയിരുന്നു. ഒരു പ്രയോജനവുമുണ്ടായില്ല. പുലിയുടെ കാര്യവും ഇതേപോലെയാണ്. ചീരാൽ മേഖലയിൽനിന്ന് തമിഴ്നാട് അതിർത്തിയിലേക്ക് കൂടുതൽ ദൂരമില്ല. അതിർത്തി മേഖലയിലെ ചില എസ്റ്റേറ്റുകളിൽനിന്നാണ് പുലി എത്തുന്നതെന്ന് ചീരാലിലെ ജനങ്ങൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.