ഓണാഘോഷത്തിനിടെ നിയമസഭ ജീവനക്കാരന്‍ കുഴഞ്ഞുവീണ് മരിച്ചു

തിരുവനന്തപുരം: നിയമസഭയില്‍ ഓണാഘോഷത്തിനിടെ ജീവനക്കാരൻ കുഴഞ്ഞുവീണ് മരിച്ചു. വയനാട് സുല്‍ത്താൻ ബത്തേരി വാഴയില്‍ ഹൗസില്‍ കുഞ്ഞബ്ദുല്ലയുടെയും ഐഷയുടെയും മകൻ വി. ജുനൈസാണ് (45) മരിച്ചത്. നിയമസഭയില്‍ ഡെപ്യൂട്ടി ലൈബ്രേറിയനാണ്.

ഓണസദ്യക്കുശേഷം തിങ്കളാഴ്ച ഉച്ചക്ക് 3.30 ഓടെ ശങ്കരനാരായണൻ തമ്പി ലോഞ്ചില്‍ ജീവനക്കാരുടെ കലാപരിപാടികള്‍ നടക്കുമ്പോഴായിരുന്നു സംഭവം. സ്റ്റേജില്‍ നൃത്തം അവതരിപ്പിക്കുന്നതിനിടെ ജുനൈസ് കുഴഞ്ഞുവീഴുകയായിരുന്നു. കാൽവഴുതി വീണെന്നാണ് ഒപ്പമുള്ളവർ ആദ്യം കരുതിയത്. എഴുന്നേല്‍ക്കാതിരുന്നതോടെ ജുനൈസിനെ നിയമസഭയിലെ ആംബുലൻസില്‍ ജനറല്‍ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

14 വര്‍ഷമായി നിയമസഭയില്‍ ജോലി ചെയ്തുവരികയാണ് ജുനൈസ്. പി.വി. അൻവര്‍ എം.എൽ.എ ആയിരുന്ന ഘട്ടത്തിന്‍റെ അദ്ദേഹത്തിന്‍റെ പേഴ്സണല്‍ സ്റ്റാഫായി പ്രവർത്തിച്ചിരുന്നു. അൻവര്‍ രാജിവച്ചതിനെ തുടർന്നാണ് നിയമസഭയിലേക്ക് മടങ്ങിയത്. സംഭവത്തെ തുടര്‍ന്ന് നിയമസഭയിലെ ഓണാഘോഷം നിർത്തിവെച്ചു.

മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ചൊവ്വാഴ്ച നിയമസഭയിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് നാട്ടിലേക്ക് കൊണ്ടുപോകും. ജുനൈസിന്റെ നിര്യാണത്തില്‍ സ്പീക്കര്‍ എ.എൻ. ഷംസീര്‍ അനുശോചിച്ചു.

റസീനയാണ് ജുനൈസിന്റെ ഭാര്യ. മക്കൾ: നജാദ് അബ്ദുല്ല (ഒമ്പതാം ക്ലാസ് വിദ്യാർഥി), നിഹാദ് അബ്ദുല്ല (ആറാം ക്ലാസ് വിദ്യാർഥി).

 

Tags:    
News Summary - legislative assembly employee collapses and dies while onam celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.