കൊച്ചി: 29,000ഓളം മെഡിക്കൽ സ്റ്റോറുകൾ വഴി പ്രതിവർഷം 15,000 കോടിയോളം രൂപയുടെ മരുന്ന് വിൽപ്പന നടക്കുന്ന കേരളത്തിൽ ഇവയുടെ ഗുണനിലവാരം പരിശോധിക്കാൻ ആവശ്യത്തിന് ആളില്ല. സംസ്ഥാനത്തിന്റെ ആരോഗ്യമേഖലയുടെ ദൗർബല്യങ്ങൾ ഓരോന്നായി പുറത്തുവരുന്നതിനിടെയാണ് ഡ്രഗ് ഇൻസ്പെക്ടർമാരുടെ രൂക്ഷമായ ക്ഷാമവും ചർച്ചയാകുന്നത്. ആവശ്യത്തിന് ഇൻസ്പെക്ടർമാർ ഇല്ലാത്തത് ഡ്രഗ് കൺട്രോൾ വകുപ്പിന്റെ പ്രവർത്തനത്തെയും മെഡിക്കൽ സ്റ്റോറുകളിലെ വാർഷിക പരിശോധനയെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
ഡ്രഗ് കൺട്രോൾ വകുപ്പിന് കീഴിൽ 47 ഡ്രഗ് ഇൻസ്പെക്ടർമാരാണുള്ളത്. ‘90കളുടെ പകുതിയിൽ ഒരു ജില്ലക്ക് രണ്ട് ഇൻസ്പെക്ടർമാർ എന്ന തോതിലാണ് ഉണ്ടായിരുന്നത്. 2005ഓടെ ഇത് 47 ആയി ഉയർന്നു. കഴിഞ്ഞ 20 വർഷത്തിനിടെ ഫാർമസികളുടെ എണ്ണത്തിലും മരുന്ന് വിൽപ്പനയിലും ഗണ്യമായ വർധനവ് ഉണ്ടായെങ്കിലും ഇൻസ്പെക്ടർമാരുടെ എണ്ണം 47ൽ തന്നെ നിൽക്കുന്നു. ഇവർ അധിക ജോലി ചെയ്താണ് നിലവിൽ വകുപ്പിന്റെ പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകുന്നത്. നൂറ് മെഡിക്കൽ സ്റ്റോറിന് ഒരു ഇൻസ്പെക്ടർ വേണമെന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്ക്. അങ്ങനെയാണെങ്കിൽതന്നെ മുന്നൂറിനടുത്ത് ഇൻസ്പെക്ടർമാരെങ്കിലും വേണ്ടിടത്താണ് വെറും 47 പേർ.
സർക്കാർ, സ്വകാര്യ ആശുപത്രികളിലെയടക്കം ഫാർമസികൾ, മരുന്ന് നിർമാണ കേന്ദ്രങ്ങൾ, ഗോഡൗണുകൾ എന്നിവിടങ്ങളിലെ പരിശോധനയും സാമ്പിൾ ശേഖരണവും, സൗന്ദര്യ വർധക വസ്തുക്കളുടെ സാമ്പിൾ ശേഖരണം, രക്തബാങ്കുകളുടെ പ്രവർത്തനം നിരീക്ഷിക്കൽ, പുതുതായി തുടങ്ങുന്ന മെഡിക്കൽ സ്റ്റോറുകളിലെ പരിശോധന, പുതിയ സ്റ്റോറുകൾ തുടങ്ങാനുള്ള അപേക്ഷകൾ കൈകാര്യം ചെയ്യൽ, ഉപഭോക്താക്കളുടെ പരാതികളിൽ നടപടി സ്വീകരിക്കൽ, മരുന്നുകളുടെ ദുരുപയോഗവും വ്യാജ മരുന്നുകളുടെ വിപണനവും കണ്ടെത്തൽ എന്നിവയെല്ലാം ഡ്രഗ് ഇൻസ്പെക്ടർമാരുടെ ചുമതലകളാണ്. വിവിധ കേസുകളുമായി ബന്ധപ്പെട്ട് മാസത്തിൽ നാലഞ്ച് ദിവസമെങ്കിലും കോടതി നടപടികൾക്കായും ഒരു ഇൻസ്പെക്ടർ മാറ്റിവെക്കേണ്ടിവരും.
ഒരു ഇൻസ്പെക്ടർ ഒരേ സമയം നിരവധി ഉത്തരവാദിത്തങ്ങൾ നിർവഹിക്കേണ്ടിവരുന്നതിനാൽ ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാത്ത അവസ്ഥയാണ്. വർഷത്തിൽ ഒരു ഫാർമസി ഒരു തവണയെങ്കിലും സന്ദർശിച്ചിരിക്കണമെന്നാണ് വ്യവസ്ഥ. എന്നാൽ, നിലവിലെ ആൾബലം വെച്ച് മൂന്ന് രണ്ട് വർഷത്തിൽ ഒരിക്കൽ പോലും സന്ദർശിക്കാൻ കഴിയാറില്ല. സാമ്പിൾ ലാബുകളിലേക്ക് അയക്കുന്ന പ്രക്രിയക്ക് തന്നെ ഒരു ദിവസം വേണ്ടിവരും. ആവശ്യത്തിന് ഇൻസ്പെക്ടർമാർ ഇല്ലാത്തതിനാൽ, ലഭിക്കുന്ന പരാതികൾ കേന്ദ്രീകരിച്ചുള്ള പരിശോധനയാണ് ഇപ്പോൾ പ്രധാനമായും നടക്കുന്നത്. കൂൺ പോലെ മുളച്ചുപൊന്തുന്ന പല തരം ക്ലിനിക്കുകൾ വഴി നൽകുന്ന മരുന്നുകളുടെ ഗുണനിലവാരമൊന്നും പരിശോധിക്കപ്പെടുന്നില്ല.
ഡ്രഗ് ഇൻസ്പെക്ടർമാരുടെ എണ്ണം നൂറെങ്കിലും ആയി ഉയർത്തണമെന്ന് കാണിച്ച് ഡ്രഗ്സ് കൺട്രോൾ വകുപ്പ് നിരവധി തവണ ആരോഗ്യമന്ത്രിക്ക് കത്ത് നൽകിയെങ്കിലും നടപടി ഉണ്ടായില്ല. അർബുദം, വൃക്കരോഗം, പ്രമേഹം, ശ്വാസകോശ രോഗങ്ങൾ, ഹൃദ്രോഗം തുടങ്ങിയവക്ക് സർവസാധാരണമായി ഉപയോഗിക്കുന്നവയുടെ വ്യാജ മരുന്നുകൾ പോലും സംസ്ഥാനത്ത് വിറ്റഴിക്കപ്പെടുന്നതായി മുമ്പ് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.