തിരുവനന്തപുരം: യുവതികളുടെ ലൈംഗിക പീഡന വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്കെതിരെ കേസെടുക്കാൻ ആലോചന. ആരും നേരിട്ട് പരാതി നൽകിയിട്ടില്ലെങ്കിലും പെൺകുട്ടികളെ പിന്തുടർന്ന് ശല്യപ്പെടുത്തിയതിന് നിയമനടപടി സ്വീകരിക്കാനാണ് ആലോചിക്കുന്നത്.
രാഹുൽ സമൂഹ മാധ്യമങ്ങൾ വഴി ശല്യം ചെയ്തതായി കൊച്ചിയിലും തിരുവനന്തപുരത്തും വെളിപ്പെടുത്തലുകളുണ്ടായിട്ടുണ്ട്. എന്നാൽ ഏത് പൊലീസ് സ്റ്റേഷനിലാണ് രാഹുലിനെതിരെ കേസ് രജിസ്റ്റർ ചെയ്യുക എന്നത് വ്യക്തമല്ല. രാഹുൽ ഗർഭഛിദ്രത്തിന് നിർബന്ധിച്ചുവെന്നാരോപിക്കുന്ന പെൺകുട്ടിയുടെ ഓഡിയോ സന്ദേശവും പുറത്തുവന്നിരുന്നു.
പല രീതിയിലുള്ള ആരോപണങ്ങൾ ഉയർന്നുവെങ്കിലും രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി ലഭിച്ചില്ലെന്നാണ് എം.എൽ.എ സ്ഥാനത്ത് നിന്ന് പുറത്താക്കാതിരിക്കാൻ കോൺഗ്രസ് പറഞ്ഞ വാദം.
രാഹുലിനെതിരെ ഉയർന്ന ആരോപണങ്ങൾ അതീവ ഗൗരവമുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും അഭിപ്രായപ്പെട്ടിരുന്നു. ഗർഭം ധരിച്ച സ്ത്രീയെ കൊന്ന് കളയുമെന്ന് പറയുന്നതൊക്കെ വലിയ ക്രിമിനൽ രീതി ആണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. അതിനു പിന്നാലെയാണ് രാഹുലിനെതിരെ കേസെടുക്കാൻ പൊലീസ് മേധാവി നിർദേശം നൽകിയത്.
നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രം നടത്താന്‍ സമ്മര്‍ദം ചെലുത്തിയെന്ന് ആരോപിച്ച് ക്രിമിനല്‍ കേസെടുത്ത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷകനായ ഷിന്റോ സെബാസ്റ്റ്യന്‍ രാഹുലിനെതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍, പരാതിയില്‍ പറയുന്ന യുവതി ആരെന്നോ എപ്പോള്‍, എവിടെവെച്ച് നടന്നുവെന്നോ തുടങ്ങിയ കാര്യങ്ങള്‍ പറയുന്നില്ലെന്നും അതിനാൽ പെട്ടെന്ന് അന്വേഷണം ആരംഭിക്കാൻ കഴിയില്ലെന്നുമാണ് പൊലീസ് അറിയിച്ചത്.
യുവതികളുടെ ആരോപണങ്ങൾക്ക് പിന്നാലെ രാഹുൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ചിരുന്നു. പിന്നാലെ കോൺഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും ചെയ്തു. പരാതിയോ എഫ്.ഐ.ആറോ ഇല്ലാത്ത സാഹചര്യത്തിൽ രാഹുൽ എം.എൽ.എ സ്ഥാനം രാജിവെക്കേണ്ടതില്ല എന്നായിരുന്നു നേതൃത്വത്തിന്റെ തീരുമാനം. രാഹുൽ രാജിവെച്ചാൽ പാലക്കാട് വീണ്ടും ഉപതെരഞ്ഞെടുപ്പിലേക്ക് പോയാൽ സീറ്റ് നിലനിർത്താൻ സാധിക്കുമോ എന്ന പേടിയും കോൺഗ്രസിനുണ്ട്. വിവാദങ്ങൾക്കിടെ അടൂരിലെ വീട്ടിൽ തുടരുകയാണ് രാഹുൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.