അഹ്മദാബാദിലെ വിമാനാപകടത്തിൽ മരിച്ച രഞ്ജിത വി. നായർക്ക് അന്ത്യോപചാരം അർപ്പിക്കുന്ന മന്ത്രിമാരായ വി. ശിവന്‍കുട്ടിയും ജി.ആര്. അനിലും. സി.പി.എം ജനറല്‍ സെക്രട്ടറി എം.എ. ബേബി, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് എന്നിവർ സമീപം
പുല്ലാട് (പത്തനംതിട്ട): ഇത്തവണ യാത്രയാക്കാൻ നാട് ഒന്നിച്ചെത്തിയിട്ടും പതിവ് നൊമ്പരച്ചിരി ആ മുഖത്ത് നിറഞ്ഞില്ല. പാറുവിനുള്ള മുത്തവും അമ്മ മറന്നു... നാടിന്റെ മകളെന്നെഴുതിയ ബാഡ്ജ് ധരിച്ച് ജന്മനാട് നിറകണ്ണുകളോടെ നിൽക്കെ, രഞ്ജിതക്ക് അന്ത്യയാത്ര.
അഹ്മദാബാദ് വിമാനാപകടത്തിൽ മരിച്ച പത്തനംതിട്ട പുല്ലാട് കുറങ്ങഴക്കാവ് കൊഞ്ഞോൺ വീട്ടിൽ രഞ്ജിത ആർ. നായരുടെ (39) മൃതദേഹം സംസ്കരിച്ചു. കണ്ടുനിന്ന കണ്ണുകളിലെല്ലാം കണ്ണീർത്തളം നിറയവേ, നിർമാണം അവസാനഘട്ടത്തിലെത്തിയ വീടിനോട് ചേർന്നൊരുക്കിയ ചിതക്ക് മകൻ ഇന്ദുചൂഢനും സഹോദര പുത്രന്മാരും ചേർന്ന് തീകൊളുത്തി. തുറക്കാത്ത പെട്ടിക്ക് മുകളിൽവെച്ച രഞ്ജിതയുടെ ചിത്രം നോക്കി പൊട്ടിക്കരഞ്ഞ അമ്മ തുളസി, ഏഴാം ക്ലാസുകാരി മകൾ ഇതിക (പാറു) എന്നിവരെ ആശ്വസിപ്പിക്കാനാകാതെ ബന്ധുക്കളും കണ്ണീരിലായി.
തിരുവനന്തപുരത്തുനിന്ന് രാവിലെ 9.15ഒാടെ പുല്ലാട്ടേക്ക് എത്തിച്ച മൃതദേഹത്തിൽ നൂറുകണക്കിനുപേരാണ് അന്ത്യാഞ്ജലി അർപ്പിച്ചത്. ചൊവ്വാഴ്ച രാവിലെ രാവിലെ 7.15ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ മൃതദേഹം സംസ്ഥാന സർക്കാറിനുവേണ്ടി മന്ത്രിമാരായ വി. ശിവന്‍കുട്ടിയും ജി.ആര്. അനിലും ചേർന്ന് ഏറ്റുവാങ്ങി. സി.പി.എം ജനറല്‍ സെക്രട്ടറി എം.എ. ബേബി, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം.എല്‍.എ എന്നിവരും വിമാനത്താവളത്തിലെത്തി അന്തിമോപചാരമര്‍പ്പിച്ചു. ഇവിടെനിന്നാണ് രഞ്ജിത പഠിച്ച പുല്ലാട് ശ്രീവിവേകാനന്ദ ഹൈസ്കൂളിലേക്ക് പൊതുദർശനത്തിന് മൃതദേഹം എത്തിച്ചത്. രഞ്ജിതയുടെ ചിത്രം പതിച്ചിരുന്ന പട്ടിൽ പൊതിഞ്ഞ പെട്ടി തുറക്കാതെയായിരുന്നു പൊതുദർശനം. മക്കളെയും അമ്മയെയും സ്കൂളിലേക്ക് കൊണ്ടുവന്നിരുന്നില്ല.
സംസ്ഥാന സർക്കാറിനുവേണ്ടി മന്ത്രി വി.എൻ. വാസവൻ അന്ത്യോപചാരം അർപ്പിച്ചു. തുടർന്ന് 1.30ഓടെ മൃതദേഹം പാതിപൂർത്തിയായ വീട്ടിലേക്ക് മാറ്റി. അതുവരെ തെളിഞ്ഞുനിന്നിരുന്ന മാനം പെട്ടെന്ന് നിറഞ്ഞൊഴുകി. മഴക്കിടെ സ്വപ്നവീട്ടിലേക്ക് ചേതനയറ്റ് എത്തിയ രഞ്ജിതയെ വരവേറ്റത് കൂട്ടക്കരച്ചിലായിരുന്നു.
വൈകീട്ട് 4.30ഓടെ മൃതദേഹം വീടിന്റെ മുറ്റത്ത് ഒരുക്കിയിരുന്ന പന്തലിലേക്ക് മാറ്റിയശേഷം അന്ത്യകർമങ്ങൾ പൂർത്തിയാക്കി. തുടർന്ന് വീടിന്റെ വലതുവശത്ത് ഒരുക്കിയ ചിതക്ക് പത്താം ക്ലാസ് വിദ്യാർഥി മകൻ ഇന്ദുചൂഢൻ, സഹോദര പുത്രന്മാരായ കാശിനാഥ്, ശ്രീറാം എന്നിവർ ചേർന്ന് അഗ്നിപകർന്നു. പെട്ടി തുറക്കാതെയായിരുന്നു കർമങ്ങളും സംസ്കാരവും.
കഴിഞ്ഞ 12ന് ലണ്ടനിലേക്കുള്ള എയർ ഇന്ത്യ വിമാനം തകർന്നാണ് രഞ്ജിത മരിച്ചത്. യു.കെയിലെ പോർട്ട്സ്മൗത്ത് ക്വീൻ അലക്സാണ്ട്ര ഹോസ്പിറ്റലിൽ നഴ്സായിരുന്ന രഞ്ജിത, നാലുദിവസത്തെ അവധിക്ക് നാട്ടിലെത്തിയശേഷം മടങ്ങുമ്പോഴായിരുന്നു ദാരുണാപകടം. തുടർന്ന് ഡി.എന്‍.എ പരിശോധന നീണ്ടതോടെ സംസ്കാരം വൈകുകയായിരുന്നു. തിങ്കളാഴ്ച മൃതദേഹം തിരിച്ചറിഞ്ഞതോടെയാണ് നാട്ടിലേക്ക് എത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.