ഉദയകുമാറിന്റെ അമ്മ പ്രഭാവതിയമ്മ
തിരുവനന്തപുരം: ഫോർട്ട് സ്റ്റേഷനിൽ ഉദയകുമാറിനെ ഉരുട്ടിക്കൊന്ന കേസിൽ പൊലീസുകാരായ മുഴുവന്‍ പ്രതികളെയും വെറുതേവിട്ട ഹൈകോടതി ഉത്തരവ് കേട്ട് പൊട്ടിക്കരഞ്ഞ് ഉദയകുമാറിന്റെ അമ്മ പ്രഭാവതിയമ്മ. ഒരു കോടതിക്കും ഹൃദയമില്ലെന്നും ഇത്രയുംചെയ്തിട്ട് അവര്‍ കുറ്റക്കാരല്ലെന്ന് പറയുന്നതില്‍ കള്ളക്കളിയുണ്ടെന്നും പ്രഭാവതിയമ്മ മാധ്യമങ്ങളോട് പറഞ്ഞു.
‘കോടതിക്ക് കണ്ണുകണ്ടൂടെ, അവന്റെ തുടയില്‍ 22 മുറിവുണ്ടായിരുന്നു. ഉള്ളംകാല്‍ കണ്ടാല്‍ അപ്പോഴേ ബോധംകെട്ട് വീഴും. അപ്പോളാ കോടതി പറയുന്നത് അവര്‍ കുറ്റക്കാരല്ലെന്ന്. അത് ശരി. അപ്പോള്‍ ആര്‍ക്കും എന്തുംചെയ്യാം അല്ലേ. ഹൃദയമില്ലാത്ത എത്രയോപേര്‍ ലോകത്തുണ്ടെന്നാ. ഇപ്പോള്‍ ആര്‍ക്കും ഹൃദയമില്ലെന്നാണ് തോന്നുന്നത്. ഹൈക്കോടതിക്കും ഹൃദയമില്ല. ഒരുകോടതിക്കും ഹൃദയമില്ല. ഹൃദയമുണ്ടായിരുന്നെങ്കില്‍ എന്നോട് ഇത് കാണിക്കില്ലായിരുന്നു. ഹൃദയമുണ്ടെങ്കില്‍ കോടതി ഈ വാക്ക് പറയില്ലായിരുന്നു’ -പ്രഭാവതിയമ്മ കരഞ്ഞുകൊണ്ട് പറഞ്ഞു.
ഇത്രയുംചെയ്തിട്ട് അവര്‍ കുറ്റക്കാരല്ലെന്ന് പറയുന്നതില്‍ കള്ളക്കളിയുണ്ട്. പിന്നില്‍ ആരോ ഉണ്ട്. ആരെയാണ് സംശയമെന്ന് പറയാന്‍പറ്റില്ല. പ്രതികള്‍ക്ക് ശിക്ഷ കിട്ടണമെന്നതാണ് തന്റെ ആവശ്യമെന്നും പ്രഭാവതിയമ്മ പറഞ്ഞു. രാഷ്ട്രീയ കേരളത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച കേസിൽ എല്ലാ പ്രതികളെയും ഹൈകോടതി വെറുതെ വിടുകയായിരുന്നു. അന്വേഷണത്തിൽ സി.ബി.ഐക്ക് വീഴ്ച പറ്റിയെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസുമാരായ രാജാ വിജയരാഘവൻ, കെ.വി. ജയകുമാർ എന്നിവരുടെ ബെഞ്ച് പ്രതികളെ വെറുതെ വിട്ടത്.
കേസിൽ ഒന്നാം പ്രതിക്ക് സി.ബി.ഐ കോടതി വധശിക്ഷ വിധിച്ചിരുന്നു. ഈ വിധി ഉൾപ്പെടെ റദ്ദാക്കി കൊണ്ടാണ് ഹൈകോടതി മുഴുവൻ പ്രതികളെയും വെറുതെ വിട്ടത്. 2018ലാണ് സി.ബി.ഐ കോടതി കേസിൽ രണ്ടു പ്രതികൾക്ക് വധശിക്ഷ വിധിച്ചത്. രണ്ടാം പ്രതി നേരത്തെ മരിച്ചിരുന്നു. അഞ്ചു പ്രതികളെയാണ് കോടതി വെറുതെ വിട്ടത്. മോഷണക്കുറ്റം ആരോപിച്ചാണ് 2005 സെപ്റ്റംബർ 27ന് ഉദയകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ശ്രീകണ്ഠേശ്വരം പാർക്കിൽ നിന്ന് അന്നത്തെ ഫോർട്ട് സി.ഐയായിരുന്ന ഇ.കെ സാബുവിന്‍റെ പ്രത്യേക സ്ക്വാഡിലുള്ള പൊലീസുകാരാണ് ഉദയകുമാറിനെ കസ്റ്റഡിയിലെടുത്തത്. ആക്രിക്കടയിൽ ജോലിക്കാരനായിരുന്നു ഉദയകുമാർ.
ഉച്ചക്ക് കസ്റ്റഡിയിലെടുത്ത ഉദയകുമാർ ക്രൂരമായ മർദനങ്ങൾക്ക് ഇരയായി രാത്രി എട്ടുമണിയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഉരുട്ടിക്കൊലയെന്ന് പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തി. രാഷ്ട്രീയമായി ആ കാലത്ത് ഏറെ കോളിളക്കം ഉണ്ടാക്കിയ കേസായിരുന്നു ഇത്. ആദ്യം ലോക്കൽ പൊലീസും പിന്നീടു ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് അട്ടിമറിക്കാൻ പൊലീസ് ശ്രമിക്കുന്നുവെന്ന പരാതിയുമായി ഉദയകുമാറിന്റെ അമ്മ പ്രഭാവതിയമ്മ ഹൈകോടതിയെ സമീപിച്ചതിനെ തുടർന്ന് 2008 ആഗസ്റ്റിലാണ് അന്വേഷണം സി.ബി.ഐ ഏറ്റെടുത്തത്. നിയമപോരാട്ടങ്ങൾക്കൊടുവിൽ 13 വർഷത്തിനു ശേഷം 2018ലാണ് പൊലീസുകാരെ ശിക്ഷിച്ചുകൊണ്ടുള്ള വിധി വന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.