വി.എസ്. അച്യുതാനന്ദനും ഭാര്യ കെ. വസുമതിയും
(ഫയൽ ചിത്രം)
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും കെ. വസുമതിയും തമ്മിലെ വിവാഹ സ്നേഹ ബന്ധത്തിന് 58ന്റെ നിറവ്. പ്രമുഖരടക്കം നിരവധി പേരാണ് സമൂഹമാധ്യമങ്ങളിലൂടെ പഴയ ചിത്രങ്ങൾ പങ്കുവെച്ചും മറ്റും വിവാഹ വാർഷികാശംസ നേർന്നത്.
കേരള രാഷ്ട്രീയ ചരിത്രത്തിലെ സമരാധ്യായമായ വി.എസിന്റെ പോരാട്ട ജീവിതത്തിന് അരനൂറ്റാണ്ടിലേറെ നിഴലായിനിന്ന നിശബ്ദ സാക്ഷിയാണ് ഭാര്യ വസുമതി. രാഷ്ട്രീയത്തോട് കാര്യമായ അനുഭാവം പ്രകടിപ്പിക്കുകയോ മാധ്യമങ്ങൾക്ക് മുന്നിൽ അധികം പ്രത്യക്ഷപ്പെടുകയോ ചെയ്യാത്ത അവർ, വി.എസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോഴും മനസാന്നിധ്യമായി ഒപ്പമുണ്ട്.
യൗവനത്തിൽ തന്നെ സ്വന്തം ജീവിതം നാടിനും പാർട്ടിക്കുമായി സമർപ്പിച്ച വി.എസിന് വിവാഹ ജീവിതത്തിൽ ആദ്യം താൽപര്യമില്ലായിരുന്നു. 44ാം വയസ്സിലാണ് അക്കാര്യത്തിലൊരു പുനർചിന്തയുണ്ടായത്. അന്ന് എം.എൽ.എയും കമ്യൂണിസ്റ്റ് പാർട്ടി ആലപ്പുഴ ജില്ല സെക്രട്ടറിയുമാണദ്ദേഹം.
ഏറെ സൗഹൃദം പുലർത്തിയ മുതിർന്ന കമ്യൂണിസ്റ്റ് നേതാവ് ആർ. സുഗതന് അവസാന നാളുകളിൽ പാർട്ടി സൗകര്യങ്ങളൊരുക്കിയെങ്കിലും ഉറ്റവരാരുമില്ലാതെ രോഗപീഡകളാലുണ്ടായ യാതനകൾ കണ്ട് ഉള്ളുലഞ്ഞതോടെയാണ് വിവാഹമെന്നതിലേക്ക് വി.എസ് എത്തിയത്.
1967 ജൂലൈ 16നാണ് ആലപ്പുഴ കുത്തിയതോട് കുഞ്ഞൻ - പാർവതി ദമ്പതികളുടെ മകൾ വസുമതിയെ വി.എസ് ജീവിതസഖിയാക്കിയത്. സെക്കന്ദരാബാദ് ഗാന്ധി ആശുപത്രിയിൽ ജനറൽ നഴ്സിങ് വിദ്യാർഥിയായിരുന്നു അന്ന് 29 കാരിയായ വസുമതി. ആലപ്പുഴ നരസിംഹം ഓഡിറ്റോറിയത്തിൽ നടന്ന ലളിത വിവാഹത്തിന്റെ ക്ഷണക്കത്ത് പാർട്ടി ജില്ല ജോയന്റ് സെക്രട്ടറി എൻ. ശ്രീധരന്റെ പേരിലായിരുന്നു.
വിവാഹശേഷം ദമ്പതികൾക്ക് പാർട്ടിതന്നെ വീടെടുത്തുനൽകിയെങ്കിലും പിറ്റേദിവസം തന്നെ വസുമതിയെ സ്വന്തം വീട്ടിലാക്കി വി.എസ് നിയമസഭ സമ്മേളനത്തിന് പോയി. വസുമതിക്ക് ആരോഗ്യവകുപ്പിൽ ജോലി ലഭിച്ച് മക്കളായ ആശയും അരുൺകുമാറും പിറന്ന ശേഷമാണ് വി.എസ് സ്വന്തമായി വീടുണ്ടാക്കുന്നത്. അന്നേ കുടുംബ കാര്യങ്ങൾ വസുമതിയാണ് നോക്കിയത്.
ഈ വിവാഹ വാർഷികത്തിൽ വി.എസ് പട്ടം എസ്.യു.ടി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ‘‘ഇന്ന് അച്ഛന്റെയും അമ്മയുടെയും വിവാഹ വാർഷികം. പ്രതിസന്ധികൾ സമ്മാനിക്കുന്ന വേദനകൾക്കിടയിലും സ്നേഹത്തിന്റെ ഉണർത്തുകൾ, പ്രതീക്ഷകൾ...’’ എന്ന് മകൻ അരുൺകുമാർ ഫേസ്ബുക് കുറിപ്പിട്ടതോടെയാണ് പലരും ആശംസ നേർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.