പാലക്കാട്: തൃശ്ശൂരിൽ ബി.ജെ.പി വ്യാപകമായി കള്ളവോട്ട് ചേർത്തതിന്റെ തെളിവുകൾ പുറത്തുവന്നിട്ടും മുഖ്യമന്ത്രി പിണറായി വിജയൻ എന്തുകൊണ്ടാണ് പ്രതികരിക്കാത്തതെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. ‘എന്തുകൊണ്ടാണ് പോലീസ് കേസെടുക്കാത്തത് ? എന്തുകൊണ്ടാണ് സിപിഎമ്മിന്റെ പ്രമുഖരായ നേതാക്കളാരും ഇക്കാര്യത്തിൽ ശക്തമായി പ്രതികരിക്കാത്തത് ? സുരേഷ് ഗോപിയുടെ ഓഫീസിന്റെ ബോർഡിൽ കരി ഓയിൽ ഒഴിച്ച് സിപിഎം നടത്തിയ പ്രകടനം വിഷയം വഴി തിരിച്ചുവിടാനല്ലേ?’ -അദ്ദേഹം ചോദിച്ചു.
തൃശ്ശൂരിലെ കള്ളവോട്ട് വിഷയത്തിൽ കേരള മുഖ്യമന്ത്രിയും സിപിഎമ്മും പ്രവർത്തിക്കുന്നത് അമിത്ഷായുടെ നിർദ്ദേശങ്ങൾക്കനുസരിച്ചാണെന്നും സന്ദീപ് വാര്യർ ആരോപിച്ചു. ചങ്കൂറ്റമുണ്ടെങ്കിൽ കള്ളവോട്ട് ചേർക്കാൻ നേതൃത്വം നൽകിയ ബിജെപി നേതാക്കൾക്കെതിരെ പിണറായി സർക്കാർ കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതിനിടെ, തൃശൂരിൽ ബി.ജെ.പി ജില്ല കമ്മിറ്റി ഓഫിസിന്റെ വിലാസത്തിൽ പത്തു വോട്ട് ചേർത്തതായി വി.എസ്. സുനിൽ കുമാർ വാർത്താസമ്മേളനത്തിൽ തെളിവ് സഹിതം പുറത്തുവിട്ടു. നിഖിൽ, ബിജു, വിനിൽ, ഗോപകുമാർ, സെബാസ്റ്റ്യൻ വൈദ്യർ, അരുൺ, സുരേഷ് കുമാർ, സുശോഭു, സുനിൽകുമാർ, രാജേഷ് എന്നിരുടെ പേരാണ് ദീൻ ദയാൽ മന്ദിരത്തിന്റെ വിലാസത്തിൽ ചേർത്തത്.
തൃശ്ശൂർ കോർപറേഷനിലെ പഴയ നടത്തറ വാർഡിൽ ഒരു വീട്ടിൽ തദ്ദേശ തെരഞ്ഞെടുപ്പിനുള്ള കരട് വോട്ടർ പട്ടികയിൽ 113 വോട്ട് ചേർത്ത വിവരം ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് വാർത്ത സമ്മേളനത്തിൽ പുറത്തുവിട്ടിരുന്നു. അശോകൻ എന്ന വ്യക്തിയുടെ പേരിലുള്ള വീട്ടിലാണ് വോട്ട് ചേർത്തത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ 5 പേർ മാത്രമാണ് ഇവിടെ വോട്ടര്മാർ ആയിരുന്നത്. ഇതാണ് 113 ആയത്. ലോകസഭ തെരഞ്ഞെടുപ്പിന് സമാനമായി തദ്ദേശ തെരഞ്ഞെടുപ്പിൽ അട്ടിമറി ശ്രമം നടക്കുകയാണ്.
മലപ്പുറം തിരൂർ സ്വദേശിയായ ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് വി. ഉണ്ണികൃഷ്ണൻ ബി.ജെ.പി തൃശൂർ ജില്ല വൈസ് പ്രസിഡന്റിന്റെ മേൽവിലാസത്തിൽ വോട്ട് ചേർത്ത വിവരം ഇനലെ പുറത്തുവന്നിരുന്നു. ബി.ജെ.പി തൃശൂർ ജില്ല വൈസ് പ്രസിഡന്റും തൃശൂർ നഗരസഭ കൗൺസിലറും കേരളവർമ കോളജ് അധ്യാപികയുമായ ഡോ. വി. ആതിരയുടെ വീടിന്റെ വിലാസത്തിലാണ് ഇദ്ദേഹത്തിന്റെ വോട്ട്. ഈ വീട്ടിലെ സ്ഥിരതാമസക്കാരനാണെന്ന് വ്യക്തമാക്കിയാണ് വോട്ട് ചേർത്തത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അനുഭാവികൾ മുതൽ സംസ്ഥാന നേതാക്കൾ വരെ വ്യാജ വിലാസത്തിലും അല്ലാതെയും തൃശൂർ പാർലമെന്റ് മണ്ഡലത്തിൽ വോട്ട് ചേർത്തുവെന്നാണ് വ്യക്തമാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.