ആമപ്പൊയിൽ സ്കൂൾ അധ്യാപകൻ അബ്ദുൽ സലാം സ്കൂൾ കോമ്പൗണ്ടിലെ മരക്കൊമ്പ് വെട്ടിനീക്കുന്നു
കാളികാവ്: രാവിലെ പത്തിന് കൃത്യമായി സ്കൂളിൽ വന്ന് കുട്ടികൾക്ക് പാഠങ്ങൾ പഠിപ്പിച്ച് മടങ്ങുന്ന പതിവ് അധ്യാപകരിൽനിന്ന് ഏറെ വ്യത്യസ്തനാണ് ആമപ്പൊയിൽ ജി.എൽ.പി സ്കൂളിലെ അബ്ദുൽ സലാം മാഷ്. സ്കൂളിലെ പഠനകാര്യങ്ങളിൽ അതി കൃത്യത പാലിക്കുന്നതിനൊപ്പം അവധി ദിവസങ്ങളിൽ കൂടി സ്കൂളിലെ അറ്റകുറ്റപ്പണികൾ നടത്താനും കോമ്പൗണ്ടിലെ കാട് വെട്ടിത്തെളിക്കാനും ഭീഷണിയാവുന്ന മരക്കൊമ്പുകൾ വെട്ടിനീക്കാനുമെല്ലാം സലാം മുൻപന്തിയിലുണ്ടാവും.
സ്കൂൾ കെട്ടിടത്തിലെ ഓട് പൊട്ടിയാലോ മതിൽ കമ്പിവേലിയിടാനോ എന്തിനും പി.ടി.എക്കാർക്കൊപ്പം സലാമും കൂടെയുണ്ടാവും രണ്ടാം ശനിയാഴ്ച സലാം സ്കൂൾ കോമ്പൗണ്ടിലെ മരത്തിൽ കയറി മെഷീൻ വാളുപയോഗിച്ച് കൊമ്പുകൾ നീക്കിയിരുന്നു.
മരം മുറിക്കാനുള്ള എല്ലാ ഉപകരണങ്ങളും അദ്ദേഹത്തിന് സ്വന്തമായിയുണ്ട്. വാണിയമ്പലം താളിയംകുണ്ട് പരേതനായ ഏനി മുസ്ലിയാരുടെ മകനായ അബ്ദുൽ സലാം 2019ലാണ് ആമപ്പൊയിൽ സ്കൂളിൽ അറബിക് അധ്യാപകനായി എത്തുന്നത്. പി.എസ്.സി നിയമനവുമായി ആദ്യനിയമനം തിരുവനന്തപുരം ജില്ലയിലായിരുന്നു.
പിന്നീട് മലപ്പുറം ജില്ലയിലേക്ക് നിയമനം കിട്ടി. നാട്ടിലെ വീടുകൾക്ക് ഭീഷണിയാവുന്ന തെങ്ങുകളും മറ്റുമരങ്ങളും മുറിച്ചുനീക്കാൻ സഹായമായി സലാം മുൻപന്തിയിൽ ഉണ്ട്. കാറ്റിൽ മരങ്ങൾ പൊട്ടിവീണാൽ ഇപ്പോഴും സലാമിന്റെ സഹായം തേടിയെത്തുന്നത് പതിവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.