മലപ്പുറം: 2026ലെ ഹജ്ജ് തീർഥാടകരെ തെരഞ്ഞെടുക്കാനുള്ള നറുക്കെടുപ്പ് ബുധനാഴ്ച നടക്കുമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി അറിയിച്ചു. മുംബൈയിലെ ഹജ്ജ് കമ്മിറ്റി ആസ്ഥാനത്ത് രാവിലെ 11.30 മുതലാണ് നറുക്കെടുപ്പ്. www.hajcommittee.gov.in വെബ്സൈറ്റിൽ നറുക്കെടുപ്പ് ലൈവ് കാണാൻ കഴിയും. തെരഞ്ഞെടുക്കപ്പെട്ടവരുടെയും കാത്തിരിപ്പുപട്ടികയിൽ ഉൾപ്പെട്ടവരുടെയും കവർ നമ്പറുകൾ ഹജ്ജ് കമ്മിറ്റി വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. മുഖ്യ അപേക്ഷകന്റെ അപേക്ഷയിൽ രേഖപ്പെടുത്തിയ മൊബൈൽ നമ്പറിലേക്ക് എസ്.എം.എസായും വിവരം ലഭിക്കും.
ഹജ്ജിന് അപേക്ഷിക്കാനുള്ള സമയപരിധി ആഗസ്റ്റ് ഏഴിനാണ് അവസാനിച്ചത്. സൂക്ഷ്മപരിശോധനകൾ പൂർത്തിയായപ്പോൾ മൊത്തം 27,123 അപേക്ഷകരാണ് കേരളത്തിൽനിന്നുള്ളത്. ഇതിൽ 16,086 പേർ സ്ത്രീകളാണ്. ഇന്ത്യയിൽ മൊത്തം 1,94,616 അപേക്ഷകരാണുള്ളത്. 65നു മുകളില്‍ പ്രായമുള്ളവർ, പുരുഷ തീർഥാടകർ കൂടെയില്ലാത്ത വനിത അപേക്ഷകർ (ലേഡീസ് വിത്തൗട്ട് മെഹ്റം), കഴിഞ്ഞ തവണ അപേക്ഷിച്ച് കാത്തിരിപ്പുപട്ടികയിൽ ഉൾപ്പെട്ട് അവസരം ലഭിക്കാത്തവർ എന്നിവരെ നറുക്കെടുപ്പില്ലാതെ പരിഗണിക്കും.
ഇതിനുശേഷമുള്ള സീറ്റുകളിലേക്കാണ് ജനറൽ വിഭാഗത്തിൽ നിന്നുള്ളവരെ നറുക്കെടുപ്പിലൂടെ കണ്ടെത്തുക. ബാക്കിയുള്ളവർ കാത്തിരിപ്പുപട്ടികയിൽ ഉൾപ്പെടും. 4972 പേരാണ് 65നു മുകളില്‍ പ്രായമുള്ളവരുടെ വിഭാഗത്തിലുള്ളത്. 3623 പേര് ലേഡീസ് വിത്തൗട്ട് മെഹ്റം വിഭാഗത്തിലും മുന്‍വര്‍ഷത്തെ കാത്തിരിപ്പുപട്ടികയില്‍ 918 പേരുമുണ്ട്. 17,610 പേരാണ് ജനറൽ വിഭാഗത്തിലെ അപേക്ഷകർ. 20 ദിവസത്തെ (ഷോർട്ട് ഹജ്ജ്) പാക്കേജിന് 2914 പേരാണ് കേരളത്തിൽനിന്ന് അപേക്ഷ സമർപ്പിച്ചത്. ഇന്ത്യയിൽ 18,659 പേർ ഈ പാക്കേജിന് അപേക്ഷ നൽകിയവരിലുണ്ട്. ഇത്തവണ പതിവിൽനിന്ന് വിഭിന്നമായി നേരത്തേ ഹജ്ജ് കമ്മിറ്റി നടപടിക്രമങ്ങൾക്ക് തുടക്കംകുറിച്ചിരുന്നു.
തെരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകർ ആദ്യ ഗഡുവായി 1,52,300 രൂപ ആഗസ്റ്റ് 20നകം അടക്കണം. പണമടച്ച രസീത്, മെഡിക്കൽ സ്ക്രീനിങ് ആൻഡ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് തുടങ്ങിയവയും അനുബന്ധ രേഖകളും കേന്ദ്ര ഹജ്ജ് കമ്മിറ്റി നിർദേശിക്കുന്ന സമയത്തിനകം സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് സമർപ്പിക്കണം. നിശ്ചിത സമയത്തിനകം പണമടക്കാത്തവരുടെ തെരഞ്ഞെടുപ്പ് മറ്റൊരറിയിപ്പും കൂടാതെ റദ്ദാവുകയും അത്തരം സീറ്റുകളിലേക്ക് കാത്തിരിപ്പുപട്ടികയിലുള്ളവരെ മുൻഗണനാക്രമത്തിൽ തെരഞ്ഞെടുക്കുന്നതുമാണ്. വിമാന ചാർജ്, സൗദിയിലെ ചെലവ് തുടങ്ങിയവ കണക്കാക്കിയ ബാക്കി തുക അടക്കേണ്ട സമയത്തെക്കുറിച്ച് അറിയിപ്പ് നൽകും. ഹജ്ജ് കമ്മിറ്റിയുടെ ട്രെയിനർമാരുടെ സേവനം 14 ജില്ലകളിലും ലഭ്യമാണ്. ഫോൺ: 0483 2710717, 2717572, 8281211786.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.