കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന അടുത്ത വര്‍ഷത്തെ ഹജ്ജിന് അപേക്ഷ സമര്‍പ്പിച്ചവരുടെ എണ്ണത്തിൽ വർധന. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 6823 അപേക്ഷകരാണ് കൂടിയത്. അപേക്ഷ സമര്‍പ്പണത്തിനുള്ള സമയപരിധി വ്യാഴാഴ്ച പൂര്‍ത്തിയായപ്പോള്‍ 27,186 അപേക്ഷകരാണുള്ളത്. 2025ലെ ഹജ്ജിന് ഇത് 20,636 ആയിരുന്നു.
അപേക്ഷകളുടെ സൂക്ഷ്മപരിശോധന കരിപ്പൂരിലെ സംസ്ഥാന ഹജ്ജ് ഹൗസില്‍ പുരോഗമിക്കുകയാണ്. അപേക്ഷകൾക്ക് കവർ നമ്പറുകളും അനുവദിക്കുന്നുണ്ട്. 65ന് മുകളില്‍ പ്രായമുള്ളവർ, പുരുഷ തീര്‍ഥാടകർ കൂടെയില്ലാത്ത വനിത തീര്‍ഥാടകര്‍ (ലേഡീസ് വിതൗട്ട് മെഹ്റം), കഴിഞ്ഞ തവണ അപേക്ഷിച്ച് കാത്തിരിപ്പുപട്ടികയില്‍ ഉള്‍പ്പെട്ട് അവസരം ലഭിക്കാത്തവര്‍ എന്നിവരെയാണ് നറുക്കെടുപ്പില്ലാതെ പരിഗണിക്കുക. ഇതിനുശേഷം ലഭ്യമായ സീറ്റുകളിലേക്ക് ജനറല്‍ വിഭാഗത്തില്‍നിന്ന് നറുക്കെടുപ്പിലൂടെ തീര്‍ഥാടകരെ കണ്ടെത്തും. മറ്റുള്ളവര്‍ കാത്തിരിപ്പുപട്ടികയിലും ഉള്‍പ്പെടും.
5238 പേരാണ് ഇത്തവണ 65ന് മുകളില്‍ പ്രായമുള്ളവരുടെ വിഭാഗത്തിലുള്ളത്. 3624 പേര് ലേഡീസ് വിതൗട്ട് മെഹ്റം വിഭാഗത്തിലും മുന്‍ഗണന ലഭിച്ച മുന്‍വര്‍ഷത്തെ കാത്തിരിപ്പുപട്ടികയില്‍ ഉള്‍പ്പെട്ട 917 പേരുമാണുള്ളത്. 17,407 പേരാണ് ജനറല്‍ വിഭാഗത്തിലുള്ളത്. ആഗസ്റ്റ് 12നാണ് തീര്‍ഥാടകരെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ്.
ലഭിച്ച അപേക്ഷകളില്‍ സ്വീകാര്യമായവക്കാണ് കവര്‍ നമ്പര്‍ അനുവദിക്കുന്നതെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി അധികൃതര്‍ അറിയിച്ചു. രേഖകള്‍ വ്യക്തമല്ലെങ്കില്‍ കവര്‍ നമ്പര്‍ ലഭിക്കില്ല. അപേക്ഷകര്‍ക്ക് കവര്‍ നമ്പര്‍ ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്തും അപേക്ഷകരുടെ പാസ്പോര്‍ട്ട് നമ്പര്‍ എന്റർ ചെയ്തും പരിശോധിക്കാം.
കൊണ്ടോട്ടി: ഹജ്ജ് അപേക്ഷ സമര്‍പ്പണത്തിന്റെ അവസാന ദിവസങ്ങളില്‍ ലഭിച്ച അപേക്ഷകളുടെ സൂക്ഷ്മപരിശോധന പൂര്‍ത്തിയായിവരുകയാണ്. ശനിയാഴ്ച വൈകുന്നേരം അഞ്ചിനകം കവര്‍ നമ്പര്‍ ലഭിക്കാത്തവര്‍ പത്തിന് വൈകീട്ട് അഞ്ചിനകം കരിപ്പൂര്‍ ഹജ്ജ് കമ്മിറ്റി ഓഫിസുമായി ബന്ധപ്പെടണമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി അധികൃതര്‍ അറിയിച്ചു. അതിനുശേഷമുള്ള പരാതികള്‍ പരിഗണിക്കില്ല. ഫോണ്‍: 0483-2710717, 2717572.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.