അധികാരത്തിൽ നിന്ന് തന്നെ ചവിട്ടിപ്പുറത്താക്കിയ ബാലിയോട് പ്രതികാരം ചെയ്യുന്നതിനും രാജ്യം തിരിച്ചുപിടിക്കുന്നതിനും സുഗ്രീവന് ബലവാനായൊരു സുഹൃത്തിന്റെ ആവശ്യമുണ്ടായിരുന്നു. സീതയെ വീണ്ടെടുക്കുന്നതിന് ശക്തനായൊരു മിത്രവുമായുള്ള ബാന്ധവം രാമനും കാംക്ഷിച്ചിരുന്നു. സുഗ്രീവനുമായുള്ള സഖ്യം സീതാന്വേഷണത്തിന് പുതിയൊരു വഴിത്തിരിവുണ്ടാക്കി. ബാലിയെ നേരിടുന്നതിനുള്ള ശ്രീരാമന്റെ കരുത്തിലും പ്രാപ്തിയിലും സുഗ്രീവൻ സംശയാലുവായിരുന്നു.
ബാലി വധിച്ച ദുന്ദുഭി എന്ന രാക്ഷസന്റെ ഭീമാകാരമായ ശവശരീരം ശ്രീരാമൻ തന്റെ ഇടതുകാലിന്റെ പെരുവിരൽകൊണ്ട് നായാസേന തോണ്ടിയെറിഞ്ഞു. എന്നിട്ടും വിശ്വാസം വരാതെ ഒരു സാലവൃക്ഷത്തെ പിളർന്നാൽ ബലാബലം തീർച്ചപ്പെടുത്താമെന്ന് സുഗ്രീവൻ അറിയിച്ചു. പൊടുന്നനെ ഏഴ് സാലവൃക്ഷങ്ങളെയും പർവതത്തെയും ഭൂമിയെയും ഒരൊറ്റ ബാണംകൊണ്ട് പിളർന്ന് അതിൽനിന്നെല്ലാം പുറത്തുകടന്ന് രാമബാണം അദ്ദേഹത്തിന്റെ ആവനാഴിയിൽ തിരിച്ചെത്തി.അതോടെ സുഗ്രീവന് ശ്രീരാമനിൽ പൂർണവിശ്വാസമായി.
ശ്രീരാമന്റെ നിർദേശമനുസരിച്ച് സുഗ്രീവൻ ബാലിയെ യുദ്ധത്തിന് വിളിച്ചു. ആദ്യം നടന്ന പോരാട്ടത്തിൽ മറഞ്ഞുനിന്ന ശ്രീരാമന് മുഖസാമ്യമുള്ള ബാലിയെയും സുഗ്രീവനെയും തിരിച്ചറിയാൻ കഴിഞ്ഞില്ല. രാമനണിയിച്ച പൂമാല കഴുത്തിലിട്ട സുഗ്രീവനും ബാലിയും അടുത്തദിവസം വീണ്ടും ഏറ്റുമുട്ടി. അതിനിടെ രാമൻ ബാലിയെ ഒളിയമ്പയച്ചുവീഴ്ത്തുകയായിരുന്നു. ഒരു തെറ്റും ചെയ്യാത്ത തന്നെ നേർക്കുനിന്ന് എതിരിടാതെ ധർമിഷ്ഠനെന്നും നീതിമാനുമെന്ന് പുകൾപെറ്റ രാമൻ ഒളിയമ്പയച്ചു വീഴ്ത്തിയതെന്തിനാണെന്ന് ബാലി ചോദിക്കുന്നുണ്ട്.
സുഗ്രീവനുമായി സഖ്യം ചെയ്തതിന്റെ ലക്ഷ്യം തന്നെ അറിയിച്ചിരുന്നുവെങ്കിൽ ഒരൊറ്റ ദിവസംകൊണ്ട് സീതാദേവിയെ രാമനരികിലെത്തിക്കുമായിരുന്നുവെന്നും തന്നോട് നേരിട്ട് യുദ്ധം ചെയ്തിരുന്നെങ്കിൽ രാമൻ കൊല്ലപ്പെടുമായിരുന്നുവെന്നും ബാലി പറയുന്നു. ധർമമാർഗത്തിൽനിന്ന് വ്യതിചലിച്ച് തന്നിഷ്ടംപോലെയാണ് ബാലി രാജ്യം ഭരിക്കുന്നതെന്നും കാമപൂർത്തിക്കായി സഹോദരന്റെ ഭാര്യയെ ഉപയോഗിച്ചത് അധർമമാണെന്നും വധശിക്ഷയാണ് അയാൾക്ക് വിധിക്കപ്പെട്ടതെന്നും താൻ ചെയ്തത് ധർമനിർവഹണമാണെന്നുമാണ് ശ്രീരാമന്റെ മറുപടി. തുളച്ചുകയറിയ അമ്പ് വലിച്ചൂരി രാമൻ തന്നെ ബാലിയെ യാത്രയാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.