മംഗളൂരു: ധർമസ്ഥല കൂട്ട ശവസംസ്കാരവുമായി ബന്ധപ്പെട്ട് ധർമസ്ഥല ഗ്രാമപഞ്ചായത്തിൽ മുമ്പ് ശുചിത്വ തൊഴിലാളികളായി ജോലി ചെയ്തിരുന്ന നിരവധി പേരെ ചോദ്യം ചെയ്ത് എസ്.ഐ.ടി സംഘം. കഴിഞ്ഞ പതിറ്റാണ്ടുകളായി ഗ്രാമത്തിൽ തിരിച്ചറിയാത്ത മൃതദേഹങ്ങൾ സംസ്‌കരിച്ചതിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ആരോപിക്കപ്പെടുന്ന ശുചിത്വ തൊഴിലാളികളെയും പഞ്ചായത്ത് ജീവനക്കാരെയുമാണ് ചോദ്യം ചെയ്തത്. സംഭവുമായി ബന്ധപ്പെട്ട് അന്വേഷണം അവലോകനം ചെയ്യുന്നതിനായി എസ്.ഐ.ടി മേധാവി പ്രണബ് മൊഹന്തി ബുധനാഴ്ച ബെൽത്തങ്ങാടിയിലെ എസ്.ഐ.ടി ഓഫിസ് സന്ദർശിച്ചു. തുടർനടപടികൾക്കായി സംഘത്തിന് മാർഗനിർദേശം നൽകിയിട്ടുണ്ട്.
ബെൽത്തങ്ങാടി പൊലീസ് സ്റ്റേഷനിലും ധർമ്മസ്ഥല പൊലീസ് സ്റ്റേഷനിലും കഴിഞ്ഞ രണ്ടര പതിറ്റാണ്ടിനിടെ രജിസ്റ്റർ ചെയ്ത അസ്വാഭാവിക മരണങ്ങളുടെയും കൊലപാതകങ്ങളുടെയും രേഖകൾ എസ്.ഐ.ടി ശേഖരിച്ചു. ഈ രേഖകൾ പരിശോധിച്ചുവരികയാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ധര്‍മസ്ഥല ക്ഷേത്രപരിസരത്ത് നിന്നും 2003ല്‍ കാണാതായ അനന്യ ഭട്ടിന്റെ തിരോധാനം പ്രത്യേക പൊലിസ് സംഘം അന്വേഷിക്കും.
അനന്യ ഭട്ടിന്റെ മാതാവ് സുജാത ഭട്ട് ജൂലൈ 15ന് നല്‍കിയ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസാണ് പ്രത്യേക സംഘം അന്വേഷിക്കുക. അതേസമയം, സംരക്ഷിത വനത്തില്‍ നിന്നും മൃതദേഹങ്ങള്‍ കണ്ടെത്തിയാല്‍ ഉത്തരവാദികള്‍ക്കെതിരെ വനസംരക്ഷണ നിയമപ്രകാരം കേസെടുക്കുമെന്ന് പരിസ്ഥിതി മന്ത്രി ഈശ്വര്‍ ബി. ഖാണ്ഡറെ പറഞ്ഞു. ധര്‍മസ്ഥലയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന പരാതികളെല്ലാം വ്യാജമാണെന്ന് കഴിഞ്ഞ ദിവസം ധര്‍മസ്ഥല ധര്‍മാധികാരി വീരേന്ദ്ര ഹെഗ്ഡെ പറഞ്ഞിരുന്നു. കുറ്റം ചെയ്തവരുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടട്ടെയെന്നും വീരേന്ദ്ര ഹെഗ്ഡെ വ്യക്തമാക്കി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.