ബാലസോർ/ന്യൂഡൽഹി: കരയിൽ നിന്ന് കരയിലേക്ക് തൊടുക്കാവുന്ന പ്രളയ് മിസൈൽ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. പരമ്പരാഗത യുദ്ധമുനകൾ വഹിക്കാൻ ശേഷിയുള്ള ഹ്രസ്വദൂര മിസൈൽ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ഒഡിഷ തീരത്തുള്ള എ.പി.ജെ. അബ്ദുൽ കലാം ദ്വീപിൽ നിന്നാണ് പരീക്ഷിച്ചതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
500 മുതൽ 1,000 കിലോഗ്രാം വരെ ഭാരശേഷിയുള്ള മിസൈലിന് 150 മുതൽ 500 കിലോമീറ്റർ വരെ ദൂരപരിധിയുണ്ട്. ഡി.ആർ.ഡി.ഒയാണ് മിസൈൽ നിർമിച്ചത്. മിസൈലുകൾ കൃത്യമായി ലക്ഷ്യസ്ഥാനത്തെത്തിയെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഒരു ഖര പ്രൊപ്പല്ലന്‍റ് അർധ -ബാലിസ്റ്റിക് മിസൈലായ പ്രളയ്, ഉയർന്ന കൃത്യത ഉറപ്പാക്കാൻ അത്യാധുനിക മാർഗനിർദേശ, ഗതിനിയന്ത്രണ സംവിധാനങ്ങൾ ഉപയോഗിക്കുന്നു. വ്യത്യസ്ത ലക്ഷ്യങ്ങൾക്കെതിരെ വിവിധ തരം പോർമുനകൾ വഹിക്കാൻ ഈ മിസൈലിന് കഴിയും. യാത്രക്കിടെ വഴിമാറി സഞ്ചരിക്കാൻ കഴിയുന്ന പ്രളയ് മിസൈലിനെ ശത്രുക്കൾക്കു കണ്ടുപിടിക്കുക ബുദ്ധിമുട്ടാണ്.
പരീക്ഷണം എല്ലാ നിശ്ചിത മാനദണ്ഡങ്ങളും ലക്ഷ്യങ്ങളും പാലിച്ചു. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ശത്രുവിന്റെ പ്രധാന ലക്ഷ്യങ്ങളെ തകർക്കാൻ കഴിയുന്ന ഇന്ത്യയുടെ തദ്ദേശീയ ഹ്രസ്വദൂര സർഫസ് ടു സർഫസ് മിസൈൽ ആണ് ‘പ്രളയ്’. ഡി.ആർ.ഡി.ഒയിലെ മുതിർന്ന ശാസ്ത്രജ്ഞർ, ഇന്ത്യൻ വ്യോമസേന, ഇന്ത്യൻ സൈന്യം എന്നിവിടങ്ങളിലെ ഉപയോക്താക്കളുടെ പ്രതിനിധികൾ, വ്യവസായ പ്രതിനിധികൾ എന്നിവർ ‘പ്രളയ്’ മിസൈലിന്റെ പറക്കൽ പരീക്ഷണങ്ങൾക്ക് സാക്ഷ്യം വഹിച്ചതായും പ്രതിരോധ മന്ത്രാലയം അറിയിച്ചു.
പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കിയതിൽ നിർണ്ണായക പങ്ക് വഹിച്ച ഡി.ആർ.ഡി.ഒയെയും സായുധ സേനയെയും രാജ്യരക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് അഭിനന്ദിച്ചു. ആധുനിക സാങ്കേതികവിദ്യകൾ ഉൾക്കൊള്ളുന്ന ഈ മിസൈൽ രാജ്യം നേരിടുന്ന ഭീഷണികൾ നേരിടാനുള്ള സായുധ സേനയുടെ സാങ്കേതിക കരുത്ത് വർധിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.