ബംഗളൂരു: ഐ.എസ്.ആർ.ഒയുടെയും അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെയും സംയുക്ത ദൗത്യമായ ‘നിസാർ’ (നാസ- ഐ.എസ്.ആർ.ഒ സിന്തറ്റിക് അപ്പർച്ചർ റഡാർ) ഭൗമ നിരീക്ഷണ ഉപഗ്രഹം ബുധനാഴ്ച വിക്ഷേപിക്കും.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ വിക്ഷേപണത്തറയിൽനിന്ന് വൈകീട്ട് 5.40ന് ജി.എസ്.എൽ.വി എഫ്-16 റോക്കറ്റിലേറിയാണ് നിസാർ കുതിക്കുക. ഐ.എസ്.ആർ.ഒയും നാസയും ചേർന്ന ആദ്യ ദൗത്യം കൂടിയാണിത്. ഭൂമിയിൽനിന്ന് 743 കിലോമീറ്റർ അകലെ സൗര-സ്ഥിര ഭ്രമണപഥത്തിൽ സഞ്ചരിച്ച് ഭൂമിയുടെ ഉപരിതലത്തിലെ ചെറിയ മാറ്റങ്ങൾ പോലും നിരീക്ഷിക്കുകയാണ് ലക്ഷ്യം.
12 ദിവസത്തെ ഇടവേളയിൽ ഭൂമിയിലെ ഓരോ പ്രദേശത്തിന്റെയും വ്യക്തമായ വിവരങ്ങൾ ഉപഗ്രഹം ശേഖരിക്കും. ഈ വിവരങ്ങൾ നാസയുടെയും എൻ.ആർ.എസ്.സിയുടെയും (നാഷനൽ റിമോട്ട് സെൻസറിങ് സെന്റർ) വെബ്സൈറ്റുകൾ വഴി പൊതുജനങ്ങൾക്ക് സൗജന്യമായി ലഭിക്കും.
നാസയും ഐ.എസ്.ആർ.ഒയും വികസിപ്പിച്ച രണ്ടു വ്യത്യസ്ത ആവൃത്തികളിൽ പ്രവർത്തിക്കുന്ന ഓരോ റഡാറുകളാണ് 2,392 കിലോഗ്രാം ഭാരമുള്ള നിസാറിന്റെ സവിശേഷത. പ്രകൃതിദുരന്ത സാധ്യതകൾ കണ്ടെത്താനും കാരണങ്ങൾ വിലയിരുത്താനുമുള്ള വിവരങ്ങൾ ലഭിക്കും. നിരീക്ഷണ വിവരങ്ങൾ രണ്ടോ മൂന്നോ ദിവസത്തിനകം സൗജന്യമായി ലഭ്യമാകും.
ബഹിരാകാശ പേടകത്തിൽ മൂന്നു സഞ്ചാരികളെ ഭൂമിയിൽനിന്ന് 400 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിൽ എത്തിക്കുന്നതിനുള്ള ഗഗൻയാൻ ദൗത്യത്തിന്റെ പ്രധാന വിക്ഷേപണങ്ങളിലൊന്ന് ഈ വർഷം ഡിസംബറിൽ നടക്കുമെന്ന് ഐഎസ്ആർഒ ചെയർമാൻ ഡോ. വി. നാരായണൻ അറിയിച്ചു. ആളില്ലാത്ത ക്രൂ മൊഡ്യൂളാണ് ഭ്രമണപഥത്തിലെത്തിക്കുക. വ്യോംമിത്ര എന്ന റോബോട്ടിനെയും വഹിച്ചാവും യാത്ര. ഇതിനുശേഷം രണ്ട് ആളില്ലാ വിക്ഷേപണങ്ങൾകൂടി നടത്തിയശേഷം 2027 മാർച്ചിലായിരിക്കും മനുഷ്യരെയും വഹിച്ചുകൊണ്ടുള്ള ബഹിരാകാശയാത്ര.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.