ബംഗളൂരു: സ്കൈറൂട്ട് എയ്‌റോസ്‌പേസ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ കലാം 1200 ഖര ഇന്ധന മോട്ടോറിന്‍റെ പരീക്ഷണം വിജയകരം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററിലെ സ്റ്റാറ്റിക് ടെസ്റ്റ് കോംപ്ലക്സിലാണ് പരീക്ഷണം നടന്നതെന്ന് ഐ.എസ്.ആർ.ഒ അറിയിച്ചു.
വിക്രം-1 റോക്കറ്റ് വികസിപ്പിക്കുന്നതിന്‍റെ നിർണായക ഘട്ടമാണ് കലാം മോട്ടോറിന്‍റെ പരീക്ഷണത്തിലൂടെ സ്കൈറൂട്ട് മറികടന്നത്. കലാം 1200 മോട്ടോറിന്‍റെ ആദ്യ പരീക്ഷണമാണ് പൂർത്തിയാക്കിയത്.
11 മീറ്റർ നീളവും 1.7 മീറ്റർ വ്യാസമുള്ള മോണോലിത്തിക് കമ്പോസിറ്റ് മോട്ടോറിന് 30 ടൺ ഖര ഇന്ധനം വഹിക്കാൻ ശേഷിയുണ്ട്. ശ്രീഹരിക്കോട്ടയിലെ സോളിഡ് പ്രൊപ്പലന്‍റ് പ്ലാന്‍റിൽ നിർമിച്ച വലിയ മോട്ടോർ ആണ് കലാം 1200.
ബഹിരാകാശത്ത് നേട്ടങ്ങൾ കൈവരിക്കുന്നതിന് പ്രോത്സാഹനം നൽകുക എന്ന 2023ലെ ഇന്ത്യൻ സ്പേസ് പോളിസിയുടെ ഭാഗമായാണ് ഐ.എസ്.ആർ.ഒയുടെ സാങ്കേതിക സംവിധാനം സ്വകാര്യ മേഖലക്ക് ഉപയോഗിക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയത്.
ഹൈദരാബാദ് ആസ്ഥാനമായ സ്വകാര്യ ബഹിരാകാശ സ്ഥാപനമാണ് സ്കൈറൂട്ട് എയ്‌റോസ്‌പേസ് പ്രൈവറ്റ് ലിമിറ്റഡ്. 2020 ഡിസംബറിൽ സോളിഡ് പ്രൊപൽഷൻ റോക്കറ്റ് മോട്ടോറിന്റെ സാങ്കേതിക പ്രദർശന പതിപ്പായ കലാം-5 ഇവർ വിജയകരമായി പരീക്ഷിച്ചിരുന്നു. കലാം പരമ്പരയിൽ അഞ്ച് പതിപ്പാണ് ബഹിരാകാശ കമ്പനിയുടെ പദ്ധതിയുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.