വാഷിങ്ടൺ: ഭൂമിയുടെ അന്തരീക്ഷത്തിലെ കാർബൺ ഡയോക്സൈഡിന്റെ അളവ് കണക്കാക്കുകയും കൃഷി മുതൽ ഊർജ വ്യവസായം വരെ മേഖലകളിൽ ഇതിന്റെ സ്വാധീനം അടയാളപ്പെടുത്തുകയും ചെയ്ത് ബഹിരാകാശത്തുണ്ടായിരുന്ന രണ്ട് നാസ ദൗത്യങ്ങൾക്ക് ഫണ്ട് നിർത്തി ഡോണൾഡ് ട്രംപ്. ഇനിയുമേറെ വർഷങ്ങൾ സേവനം തുടരാൻ ശേഷിയുള്ള ‘ഓർബിറ്റിങ് കാർബൺ ഒബ്സർവേറ്ററികൾ’ എന്ന പേരിൽ അറിയപ്പെട്ട കൃത്രിമ ഉപഗ്രഹങ്ങളാണ് ‘ദയാവധ’ത്തിനിരയാകാൻ പോകുന്നത്.
അന്തരീക്ഷത്തിലെ കാർബൺ ഡയോക്സൈഡ് സംബന്ധിച്ച് മുൻനിര ഇന്ധന, വാതക കമ്പനികൾക്ക് വിവരം നൽകിയിരുന്ന ഇവയിലൊന്ന് അന്താരാഷ്ട്ര ബഹിരാകാശ സ്റ്റേഷന്റെ ഭാഗമായും മറ്റൊന്ന് സ്വതന്ത്രമായുമാണ് പ്രവർത്തിച്ചിരുന്നത്. സ്വതന്ത്ര ഉപഗ്രഹം 2014ൽ വിക്ഷേപിച്ചതാണ്. ഐ.എസ്.എസിന്റെ ഭാഗമായുള്ളത് 2019ലാണ് പ്രവർത്തനം ആരംഭിച്ചത്.
ഇനിമേലിൽ അവ നിലനിർത്താൻ പ്രതിവർഷം 1.5 കോടി ഡോളർ വരുന്ന ഫണ്ട് അനുവദിക്കാതെ വരുന്നതോടെ പൂർണമായും ഒഴിവാക്കേണ്ടിവരും. ‘സുപ്രധാന ദൗത്യത്തിന്റെ പരിധിയിൽ വരില്ലെന്നും പ്രസിഡന്റിന്റെ അജണ്ടക്കും ബജറ്റിലെ മുൻഗണനകൾക്കും അപ്പുറത്താണെന്നും’ അറിയിച്ചതായാണ് നാസ പുറത്തിറക്കിയ കുറിപ്പിൽ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.