ഗസ്സക്ക് ഐക്യദാർഢ്യവുമായി ഉപവസിച്ച ഐ.ഐ.ടി മുൻ പ്രഫസറെ തടഞ്ഞ് അധിക്ഷേപിച്ച് ഡൽഹി പൊലീസ്

ന്യൂഡൽഹി: ഗസ്സയിലെ ദുരിതങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നതിനായി ഒരു ദിവസം നീണ്ടുനിന്ന ഉപവാസ സമരം നടത്തിയ 77കാരനായ ഐ.ഐ.ടി മുന്‍ പ്രൊഫസറെ തടഞ്ഞ് ഡൽഹി പൊലീസ്. ഡൽഹി ഐ.ഐ.ടിയിൽ ഫിസിക്സ് പ്രൊഫസറായി വിരമിച്ച വി.കെ. ത്രിപാഠിയാണ് ഡൽഹി പൊലീസിന്‍റെ അധിക്ഷേപത്തിനിരയായത്. അദ്ദേഹത്തിന്റെ മകൾ രാഖി ത്രിപാഠിയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ പുറത്തറിയിച്ചത്.

ഗസ്സയിലെ ജനങ്ങളെ പട്ടിണിക്കിടുന്നതിനെക്കുറിച്ചും ദുരിതങ്ങളെക്കുറിച്ചും എഴുതിയ ലഘുലേഖകൾ വി.കെ. ത്രിപാഠി സ്ഥിരമായി വിതരണം ചെയ്യാറുണ്ട്. ആഗസ്റ്റ് 15ന് അദ്ദേഹം ഗസ്സക്കായി രാജ്ഘട്ടിൽ ഉപവസിക്കുന്നതിനിടെയാണ് ഡൽഹി പൊലീസ് എത്തി തടയുകയും അധിക്ഷേപിക്കുകയും ചെയ്തത്.

‘ഗസ്സക്ക് വേണ്ടി രാജ്ഘട്ടിൽ ദിവസം മുഴുവൻ അച്ഛൻ ഉപവസിച്ചു, ലഘുലേഖകൾ വിതരണം ചെയ്തു. വൈകുന്നേരം 6 മണിയോടെ ഉപവാസവും ഗസ്സ ഐക്യദാർഢ്യ ഒപ്പുശേഖരണവും അവസാനിപ്പിച്ച് ഞങ്ങൾ മടങ്ങാനിരിക്കെ നിരവധി പൊലീസുകാർ വന്നു. ഞങ്ങൾ കുഴപ്പമുണ്ടാക്കാൻ വന്നവരാണെന്ന മട്ടിൽ വെറുപ്പോടെ സംസാരിച്ചു. ഇത് നമ്മുടെ പൊലീസാണെന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. ഇത്രയധികം വെറുപ്പും മുൻവിധിയുമായിരുന്നു അവർക്ക്’ -അദ്ദേഹത്തിന് കൂടെയുണ്ടായിരുന്ന മകൾ രാഖി ത്രിപാഠി പറയുന്നു. ‘നിങ്ങൾക്ക് ഗസ്സയിലേക്ക് പൊയ്ക്കൂടെ? എന്തുകൊണ്ട് നിങ്ങൾക്ക് അത് ചെയ്യാൻ കഴിയുന്നില്ലേ? നമ്മുടെ രാജ്യത്ത് എന്തെങ്കിലും പോരായ്മകളുണ്ടോ? മോദി മികച്ച ഭരണമാണ് നടത്തുന്നത്’ -എന്നെല്ലാം പൊലീസുകാർ പറഞ്ഞതായി രാഖി വിവരിക്കുന്നു.

അപ്പോൾ ഗസ്സയിൽ തുടരുന്ന ദുരിതങ്ങളെക്കുറിച്ച് ചിന്തിക്കണമെന്ന് വി.കെ. ത്രിപാഠി പൊലീസുകാരോട് ആവശ്യപ്പെട്ടു. മൃദുവായ എന്നാൽ ഉറച്ച ശബ്ദത്തിൽ പ്രൊഫസർ വി.കെ. ത്രിപാഠി പറഞ്ഞു: ‘‘സ്വേച്ഛാധിപത്യ ഭരണകൂടങ്ങളുടെ ആയുധമാണ് അക്രമം, ജനങ്ങളുടെ ആയുധം അഹിംസയാണ്’’.

ലഘുലേഖകളുമായി ദിവസവും പ്രൊഫ. ത്രിപാഠി എത്തുന്ന ഒരു വീഡിയോ മകളുടെ എക്സ് അക്കൗണ്ടിലുണ്ട്. ഗാന്ധിയൻ മനോഭാവത്തോടെ, എന്റെ അച്ഛൻ പ്രൊഫ. ത്രിപാഠി ഗസ്സയിലെ അവസ്ഥയെക്കുറിച്ച് വിവരിക്കുന്ന ലഘുലേഖകൾ ദിവസവും വിതരണം ചെയ്യുന്നു, മനുഷ്യരാശിക്കുവേണ്ടിയുള്ള നിശബ്ദ നിലവിളിയായി... -മകൾ എക്സിൽ കുറിച്ചിരിക്കുന്നു.

ഗസ്സയിലെ ജനങ്ങളെ സ്വന്തം ജനതയായി കണക്കാക്കാൻ ഇസ്രായേൽ നേതൃത്വത്തെ പ്രേരിപ്പിക്കണമെന്ന് അഭ്യർഥിച്ച് ത്രിപാഠി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 2023-ൽ കത്തെഴുതിയിരുന്നു.

1992-ൽ കർസേവകർ ബാബറി മസ്ജിദ് പൊളിച്ചപ്പോൾ പൊതുജന മനസ്സാക്ഷിയെ ഉണർത്തുന്നതിനായി തെരുവുകളിൽ അദ്ദേഹം ലഘുലേഖകൾ വിതരണം ചെയ്തിരുന്നു.

Tags:    
News Summary - Delhi Police stops former IIT professor who fasted in solidarity with Gaza

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.