ജവഹർലാൽ നെഹ്റു, നരേന്ദ്ര മോദി
ന്യൂഡല്‍ഹി: പാകിസ്താനുമായുള്ള സിന്ധുനദീജല കരാറുമായി ബന്ധപ്പെട്ട് മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെതിരെ ആരോപണം ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാകിസ്താനുമായുള്ള സിന്ധുനദീജല കരാര്‍ കൊണ്ട് ഇന്ത്യക്ക് യാതൊരു നേട്ടവും ഉണ്ടായില്ലെന്ന് നെഹ്റു സമ്മതിച്ചിരുന്നതായാണ് മോദിയുടെ പരാമർശം. എൻ.ഡി.എ പാർലമെന്ററി പാർട്ടി യോഗത്തിലാണ് മോദി പരാമർശം നടത്തിയതെന്ന് എൻ.ഡി ടിവി റിപ്പോർട്ട് ചെയ്തു.
നെഹ്റു രാജ്യത്തെ രണ്ടുവട്ടം വിഭജിച്ചുവെന്നും മോദി ആരോപിച്ചു. ആദ്യം റാഡ്ക്ലിഫ് രേഖയിലൂടെയും രണ്ടാമത് സിന്ധുനദീജല കരാറിലൂടെ നദിയിലെ വെള്ളത്തിന്റെ 80 ശതമാനവും പാകിസ്താന് നല്‍കിയത് വഴിയും. ഈ കരാര്‍ കര്‍ഷക വിരുദ്ധമായിരുന്നു. പിൽകാലത്ത് തന്റെ സെക്രട്ടറിയിലൂടെ നെഹ്റു സ്വന്തം തെറ്റ് അംഗീകരിച്ചു കൊണ്ട് കരാര്‍ യാതൊരു നേട്ടവും ഉണ്ടാക്കിയില്ലെന്ന് സമ്മതിച്ചതെന്നും മോദി പറയുന്നു.
എൻ.ഡി.എ യോഗത്തിൽ പങ്കെടുത്ത ബി.ജെ.പി എം.പി ജഗദംബികപാലും നെഹ്റുവിനെതിരെ രൂക്ഷവിമര്‍ശനം നടത്തിയെന്നാണ് റിപ്പോർട്ട് ചെയ്തത്. സിന്ധുനദീജല കരാറിലൂടെ നെഹ്റു രാജ്യത്തെ വഞ്ചിച്ചുവെന്നാണ് ജഗദംബികപാലിന്റെ ആരോപണം.
സിന്ധുനദീജല കരാറിൽ പാര്‍ലമെന്റിന്റെ അംഗീകാരം തേടേണ്ടിയിരുന്നു. കാബിനറ്റിന്റെയും പാര്‍ലമെന്റിന്റെയും പിന്തുണ തേടാതെ നെഹ്റു പാകിസ്താനിൽ പോവുകയും കരാര്‍ ഒപ്പിട്ട് മടങ്ങുകയും ചെയ്തു. അത് നമ്മുടെ കര്‍ഷകരെ വഞ്ചിക്കലായിരുന്നുവെന്നും ജഗദംബികപാല്‍ പറയുന്നു.
ജനാധിപത്യത്തെ അട്ടിമറിച്ച് വോട്ട് കൊള്ള നടത്തി ഇന്ത്യൻ ജനത വഞ്ചിക്കപ്പെട്ടുവെന്ന സത്യം തികഞ്ഞ വ്യക്തതയോടെ രാഹുൽ ഗാന്ധി ലോകത്തിന് മുന്നിൽ വെളിപ്പെടുത്തിയതിന് പിന്നാലെ വിഷയത്തെ വഴിതിരിച്ചുവിടാൻ സംഘ്പരിവാർ നെഹ്റുവിനെതിരെ വ്യാപക നുണകൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ജവഹർലാൽ നെഹ്റുവിന്റെ അമ്മ തുസ്സു റഹ്മാൻ ബായ് എന്ന മുസ്ലിം സ്ത്രീയാണെന്നും അദ്ദേഹത്തിന്റെ പിതാവ് മുബാറക് അലിയാണെന്നും മുഗൾ കാലഘട്ടത്തിലെ മുസ്ലിം എന്ന് കരുതപ്പെടുന്ന മുത്തച്ഛൻ ഗിയാസുദ്ദീൻ ഗാസി തന്റെ പേര് മാറ്റിയെന്നും വാട്സ്ആപ്പിലൂടെ കൈമാറുന്ന കെട്ടുകഥ.
വിദ്യാസമ്പന്നരും ഉന്നത ഉദ്യോഗങ്ങളിലിരുന്നവരുമായ സംഘ്പരിവാർ അണികൾ കുടുംബ ഗ്രൂപ്പുകളിലും സ്കൂൾ-കോളജ് അലുമ്നി ഗ്രൂപ്പുകളിലുമെല്ലാം വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ടെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ജവഹർലാൽ നെഹ്റുവിന്റേയും കുടുംബത്തിന്റേയും ചരിത്രം വളരെ വ്യക്തമായി രേഖപ്പെടുത്തിയിരിക്കുന്നു. നെഹ്റുവിന്റെ പിതാവ് മോത്തിലാൽ നെഹ്റു (1861–1931) പ്രമുഖ അഭിഭാഷകനും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്നു. മാതാവ് സ്വരൂപ് റാണി. ഇരുവരും കശ്മീരി പണ്ഡിറ്റ് വിഭാഗത്തിൽപെട്ടവരാണ്.
നെഹ്റുവിനെയെന്നപോലെ ഇന്ദിര ഗാന്ധിയെയും വാട്സ്ആപ് യൂനിവേഴ്സിറ്റി വെറുതെവിടുന്നില്ല. ഇന്ദിര ഗാന്ധിയുടെ പാഴ്സി മത വിശ്വാസിയായ ഫിറോസിനെ പേർഷ്യൻ മുസ്ലിം എന്നാണ് മുദ്രയടിച്ചിരിക്കുന്നത്. കശ്മീർ മുൻ മുഖ്യമന്ത്രി ശൈഖ് അബ്ദുല്ല മോത്തിലാൽ നെഹ്റുവിന് വേലക്കാരിയിൽ ഉണ്ടായ മകനാണെന്ന കള്ളക്കഥയും എഴുതിവെച്ചിട്ടുണ്ട്. ഈ വെളിപ്പെടുത്തലിന്റെയെല്ലാം ഉറവിടമായി പറയുന്നത് നെഹ്റുവിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എം.ഒ. മത്തായി രചിച്ച രണ്ട് പുസ്തകങ്ങളാണ്. എന്നാൽ, മത്തായിയുടെ പുസ്തകങ്ങളിൽ- “നെഹ്റു യുഗസ്മരണകൾ” (1978), “മൈഡേയ്സ് വിത്ത് നെഹ്റു” (1979) -അത്തരം വെളിപ്പെടുത്തലുകളൊന്നും ഇല്ല എന്നതാണ് സത്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.