പുറത്ത് നിന്ന് ഭക്ഷണം കഴിക്കുമ്പോൾ അധികമായി വാങ്ങി പാഴാക്കുന്ന ശീലം ആളുകൾക്ക് കൂടുതലാണ്. പകുതി കഴിച്ചതിന് ശേഷം ബാക്കിയാക്കുകയും അത് ചവറ്റുകുട്ടയിലേക്ക് കളയുകയും ചെയ്യുന്നു. ഈ പ്രശ്നം പരിഹരിക്കുന്നതിനായി ഭക്ഷണം പാഴാക്കുന്ന ഉപഭോക്താക്കളില്‍ നിന്ന് 20 രൂപ അധികമായി ഈടാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് പുനെയിലെ സൗത്ത് ഇന്ത്യന്‍ റെസ്റ്റോറന്റ്.
ഉത്തരവാദിത്തത്തോടെ ഓർഡർ ചെയ്യാനും, ഭക്ഷണത്തെയും അത് തയ്യാറാക്കുന്ന ജീവനക്കാരെയും ബഹുമാനിക്കാനും, പാഴാക്കൽ കുറക്കാനും വേണ്ടിയാണ് ഇത്തരത്തിൽ ഒരു നടപടി സ്വീകരിച്ചിരിക്കുന്നത്. ഭക്ഷണം പാഴാക്കുന്നതിന് അധിക ചാര്‍ജ് ഈടാക്കുമെന്ന് എഴുതിയ മെനുവിന്‍റെ ചിത്രം പുറത്ത് വന്നതോടെയാണ് ആളുകൾ ഇതിനെക്കുറിച്ച് അറിയുന്നത്.
പുനെയിലെ ഒരു ഹോട്ടല്‍ ഭക്ഷണം പാഴാക്കിയാല്‍ 20 രൂപ അധികമായി ഈടാക്കുന്നു. ഇത് എല്ലാ റെസ്റ്റോറന്റുകളും ചെയ്യണം, വിവാഹങ്ങളിലും മറ്റ് ചടങ്ങുകളിലും പിഴ ഈടാക്കാന്‍ തുടങ്ങണം എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. വളരെ കുറച്ച് സമയം കൊണ്ട് തന്നെ ഈ പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വൈറലായി.
പോസ്റ്റിന് സമ്മിശ്ര പ്രതികരണങ്ങളാണ് ഉണ്ടായത്. ഭക്ഷണം പാഴാക്കുന്നത് തടയാനുള്ള ഈ നീക്കത്തെ പലരും സ്വാഗതം ചെയ്തു, അതേസമയം ഇഷ്ടപ്പെടാത്ത ഭക്ഷണം പൂർത്തിയാക്കാൻ നിർബന്ധിക്കുന്നത് അന്യായമാണെന്ന് ചിലർ വാദിച്ചു.
ഭക്ഷണം കഴിക്കാന്‍ കൊള്ളാത്തതോ രുചി ഇല്ലാത്തതോ ആണെങ്കിലോ? അത് മുന്‍കൂട്ടി അറിയാന്‍ കഴിയില്ല. എന്റെ ആവശ്യം തൃപ്തിപ്പെടുത്താത്തതിന് എനിക്ക് അവരില്‍ നിന്ന് ഇരുപത് രൂപ ഈടാക്കാന്‍ കഴിയുമോ? ഭക്ഷണം പാഴാക്കുന്നതിനെ പിന്തുണക്കുന്നില്ല, പക്ഷേ ഇത്തരം യുക്തിയില്ലാത്ത നയങ്ങളെ പൂർണമായും എതിര്‍ക്കുന്നു, എന്ന് ഒരാള്‍ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.