ഇന്ത്യയിലേക്കുള്ള അപൂർവ ലോഹ, വളം കയറ്റുമതി നിയന്ത്രണങ്ങൾ ചൈന നീക്കും; ചർച്ചയിൽ വിദേശകാര്യമന്ത്രിയുടെ ഉറപ്പ്

ന്യൂഡൽഹി: ഇന്ത്യയിലേക്കുള്ള അപൂർവ ഭൗമ ലോഹങ്ങളുടെ കയറ്റുമതിക്കുള്ള നിയന്ത്രണങ്ങൾ ചൈന നീക്കിയതായും വളങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഉൾപ്പെടെയുള്ള നിർണായക മേഖലകളിൽ പിന്തുണ ഉറപ്പുനൽകിയതായും മാധ്യമ റിപ്പോർട്ട്.

തിങ്കളാഴ്ച വൈകീട്ട് ഡൽഹിയിൽ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കറുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണിത്.  ഇരു നേതാക്കളും ‘സമഗ്രമായ’ ചർച്ചകൾ നടത്തിയെന്നും ഇന്ത്യയുടെ മൂന്ന് പ്രധാന ആശങ്കകളായ വളങ്ങളുടെ വിതരണം, അപൂർവ ഭൗമ ലോഹങ്ങൾ, ടണൽ ബോറിങ് മെഷീനുകൾ എന്നിവയുടെ കയറ്റുമതി ചൈന പരിഗണിക്കുന്നതായി വാങ് യി ഉറപ്പു നൽകിയെന്നുമാണ് വിവരം. 

ഇന്ത്യയുടെ കൃഷി, ഹൈടെക് വ്യവസായങ്ങൾ, അടിസ്ഥാന സൗകര്യ വികസനം എന്നിവക്ക് ഈ മേഖലകൾ നിർണായകമാണ്. വളത്തിന്റെ വരവ് നിലച്ചതുമൂലം അമോണിയം ഫോസ്ഫേറ്റിന്റെ അഭാവം റാബി കൃഷിയുടെ സീസണെ ബാധിക്കുമെന്ന് ഇന്ത്യ ചൈനയെ അറിയിച്ചതായാണ് വിവരം. പു​റമെ, അപൂർവ ലോഹങ്ങളുടെ നിയന്ത്രണം ഇന്ത്യൻ ഓട്ടോ- ഇലക്ട്രോണിക്സ് മേഖലയെ കാര്യമായി ബാധിച്ചിട്ടുണ്ട്.

ചൊവ്വാഴ്ച ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി വാങ് കൂടുതൽ ചർച്ചകൾ നടത്തുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണുമെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു.

അപൂർവ ഭൗമ ലോഹ കയറ്റുമതിയിലെ നിയന്ത്രണങ്ങൾ ലഘൂകരിക്കാൻ ചൈന സമ്മതിക്കുന്നത്, യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള താരിഫ് യുദ്ധം ഉൾപ്പെടെയുള്ള ആഗോള വ്യാപാര ചർച്ചകളിൽ ചൈനയുടെ ഒരു പ്രധാന വിലപേശൽ ചിപ്പായി സാമ്പത്തിക വിദഗ്ധർ കണക്കാക്കുന്നു.  കഴിഞ്ഞ ഏപ്രിൽ നാലിനാണ് ചൈന അപൂർവ ലോഹങ്ങൾക്കും അനുബന്ധ സാമഗ്രികൾക്കും കയറ്റുമതിയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. 


Tags:    
News Summary - China lifts curbs on rare earth magnet exports to India: Report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.