ന്യൂഡൽഹി: വോട്ടുകൊള്ള ഉന്നയിച്ചും ഭരണകക്ഷിക്ക് അനുകൂലമായി പ്രവർത്തിക്കുന്നെന്നുമാരോപിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെതിരെ അവിശ്വാസം പ്രകടിപ്പിച്ച് ഇംപീച്ച്മെന്റ് നടപടികളിലേക്ക് കടക്കാൻ ഇൻഡ്യ മുന്നണി. ഗ്യാനേഷ് കുമാറിനെതിരെ ലോക്സഭയിലും രാജ്യസഭയിലും ഇംപീച്ച്മെന്റ് പ്രമേയ അവതരണ നോട്ടീസ് നൽകുന്നത് സംബന്ധിച്ച ചർച്ച രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയുടെ അധ്യക്ഷതയിൽ തിങ്കളാഴ്ച രാവിലെ ചേർന്ന ഇൻഡ്യ മുന്നണി പാർലമെന്ററി യോഗത്തിൽ ഉയർന്നു. ചോദ്യങ്ങൾക്ക് ഉത്തരം നൽകാതിരിക്കുകയും പ്രതിപക്ഷത്തെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്ത കമീഷനെതിരെ ഇംപീച്ച്മെന്റ് പ്രമേയ നോട്ടീസ് നൽകണമെന്ന നിർദേശം കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശാണ് ആദ്യം മുന്നോട്ടുവെച്ചത്.
സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പാക്കുന്നതിനുള്ള ഭരണഘടനപരമായ ബാധ്യത നിർവഹിക്കുന്നതിൽ തെരഞ്ഞെടുപ്പ് കമീഷൻ പൂർണമായും പരാജയപ്പെട്ടെന്ന് യോഗം കുറ്റപ്പെടുത്തി. ബി.ജെ.പി വക്താവായാണ് ഗ്യാനേഷ് കുമാർ വാർത്തസമ്മേളനത്തിൽ പെരുമാറിയത്. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യതയെക്കുറിച്ച് ജനങ്ങൾക്കിടയിലുള്ള ഗുരുതര ആശങ്കകൾ പരിഹരിക്കുന്നതിന് പകരം, പ്രതിപക്ഷത്തെ ആക്രമിക്കാനാണ് കമീഷണർ വാർത്തസമ്മേളനത്തിലുടനീളം ശ്രമിച്ചതെന്നും യോഗം വിലയിരുത്തി.
ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്മെന്റ് നടപടികളിലേക്ക് ഇൻഡ്യ മുന്നണി കടക്കുമോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ഉചിതമായ സമയത്ത് ഉചിതമായ നടപടിയുണ്ടാകുമെന്ന് കോൺഗ്രസ് ലോക്സഭ ഉപനേതാവ് ഗൗരവ് ഗൊഗോയി പറഞ്ഞു. ജഡ്ജിമാരെ പുറത്താക്കാനുള്ള മാതൃക തന്നെയാണ് തെരഞ്ഞെടുപ്പ് കമീഷനെയും സ്ഥാനത്തുനിന്ന് നീക്കാനുള്ള നടപടി. രാജ്യസഭയിലാണെങ്കിൽ 50 പേരും ലോക്സഭയിൽ 100 പേരും ഒപ്പിട്ട ഇംപീച്ച്മെന്റ് പ്രമേയം അവതരിപ്പിക്കാൻ അനുമതി തേടി നോട്ടീസ് നൽകണം.
ഇത് സഭ അധ്യക്ഷന്മാർ അംഗീകരിക്കണം. അനുമതി ലഭിച്ചാൽ തന്നെ സഭയിൽ ഹാജരാകുന്ന അംഗങ്ങളിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ, പ്രമേയം പാസാകുകയും വേണം. നിലവിൽ, ഇൻഡ്യ മുന്നണി അംഗബലത്തിൽ പ്രമേയം പാസാകില്ലെങ്കിലും കമീഷനെ പ്രതിരോധത്തിലാക്കാൻ സാധിക്കും. വിഷയം സജീവമാക്കി നിലനിർത്താൻ സാധിക്കുമെന്നും പ്രതിപക്ഷം കണക്കുകൂട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.