എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർഥി സി.പി രാധാകൃഷ്ണൻ പ്രധാനമന്ത്രി മോദിയുമായുള്ള കൂടിക്കാഴ്ചക്ക് ഡൽഹിയിൽ എത്തിയപ്പോൾ
ചെന്നൈ: രാഷ്ട്രീയ ജീവിതത്തിലുടനീളം ആർ.എസ്.എസിന്റെ വിശ്വസ്തനായിരുന്നു ബി.ജെ.പി നേതാവായ ചന്ദ്രപുരം പൊന്നുസാമി രാധാകൃഷ്ണൻ എന്ന ‘സി.പി.ആർ’. മഹാരാഷ്ട്ര ഗവർണറായ രാധാകൃഷ്ണന്റെ ഉപരാഷ്ട്രപതി സ്ഥാനാർഥിത്വം തമിഴക ബി.ജെ.പിക്ക് നേട്ടമായി. ജഗ്ദീപ് ധൻഖർ രാജിവെച്ച ഒഴിവിലേക്കാണ് എൻ.ഡി.എ നേതൃത്വം സി.പി. രാധാകൃഷ്ണനെ പരിഗണിച്ചത്. തെരഞ്ഞെടുപ്പ് നടന്നാലും കക്ഷിനിലയനുസരിച്ച് 68കാരനായ രാധാകൃഷ്ണൻ ഉപരാഷ്ട്രപതിയാവുമെന്നുറപ്പാണ്. അങ്ങനെയെങ്കിൽ തമിഴ്നാട്ടിൽനിന്നുള്ള മൂന്നാമത്തെ ഉപരാഷ്ട്രപതിയാവും ഇദ്ദേഹം. ഡോ.എസ്. രാധാകൃഷ്ണനും ആർ. വെങ്കട്ടരാമനുമാണ് മുൻ ഉപരാഷ്ട്രപതിമാർ. ദക്ഷിണേന്ത്യയിൽനിന്ന് എം. വെങ്കയ്യനായിഡു (ആന്ധ്രപ്രദേശ്)വിനുശേഷം രണ്ടാമത്തെ ഉപരാഷ്ട്രപതി.
1957 ഒക്ടോ. 20ന് തിരുപ്പൂരിൽ സി.കെ. പൊന്നുസാമിയുടെയും കെ. ജാനകിയുടെയും മകനായി ജനിച്ച രാധാകൃഷ്ണൻ 16ാം വയസ്സിൽ ആർ.എസ്.എസിൽ ചേർന്നു. താമസിയാതെ ജനസംഘം സംസ്ഥാന നിർവാഹക സമിതിയംഗമായി. അടിയന്തരാവസ്ഥക്കെതിരായി വിദ്യാർഥികളെ സംഘടിപ്പിച്ച് പ്രതിഷേധ സമര പരിപാടികളിൽ പങ്കെടുത്ത രാധാകൃഷ്ണൻ ആദ്യം ജനത പാർട്ടിയിലും പിന്നീട്, ബി.ജെ.പിയിലും സജീവാംഗമായി. ’96ൽ ബി.ജെ.പി തമിഴ്നാട് ജന.സെക്രട്ടറി. കോയമ്പത്തൂർ സ്ഫോടന പരമ്പരക്കുശേഷം നടന്ന 1998ലെയും 1999ലെയും ലോക്സഭ തെരഞ്ഞെടുപ്പുകളിൽ കോയമ്പത്തൂരിൽനിന്ന് ജയിച്ചു. പ്രമുഖ വസ്ത്ര കയറ്റുമതി വ്യാപാരിയാണ്. 2004, 2014, 2019 ലോക്സഭ തെരഞ്ഞെടുപ്പുകളിൽ കോയമ്പത്തൂരിൽ പരാജയപ്പെട്ടു. 2004 മുതൽ 2007 വരെ തമിഴ്നാട് ബി.ജെ.പി അധ്യക്ഷനായി. 2016ൽ കയർ ബോർഡ് ചെയർമാൻ.
2020 മുതൽ രണ്ടു വർഷം കേരള ബി.ജെ.പിയുടെ പ്രഭാരിയായിരുന്നു. 2023 ഫെബ്രുവരിയിൽ ഝാർഖണ്ഡ് ഗവർണറായി. 2024 ജൂലൈ 31ന് മഹാരാഷ്ട്ര ഗവർണറായി ചുമതലയേറ്റു. തെലങ്കാന ആക്ടിങ് ഗവർണർ, പുതുച്ചേരി ആക്ടിങ് ലഫ്. ഗവർണർ പദവികളും വഹിച്ചിരുന്നു. രാധാകൃഷ്ണൻ ജനിച്ചപ്പോൾ രാഷ്ട്രപതി ഡോ.എസ്. രാധാകൃഷ്ണനെ മനസ്സിൽ വിചാരിച്ചാണ് മകനും അതേ പേരിട്ടതെന്ന് ഉപരാഷ്ട്രപതി സ്ഥാനാർഥിയായ വിവരമറിഞ്ഞ് മാതാവ് ജാനകിയമ്മാൾ മാധ്യമങ്ങളോട് പ്രതികരിച്ചു. ഭാര്യ: ആർ. സുമതി. മക്കൾ: ഹരിഷഷ്ഠി, അഭിരാമി.
മുംബൈ: മഹാരാഷ്ട്ര ഗവർണർ സി.പി. രാധാകൃഷ്ണനെ എൻ.ഡി.എ ഉപരാഷ്ട്രപതി സ്ഥാനാർഥിയായി പ്രഖ്യാപിച്ചത് സ്വാഗതംചെയ്ത് ഉദ്ധവ് താക്കറെ പക്ഷ ശിവസേന. വിവാദങ്ങളുണ്ടാക്കാതെ ശാന്തമായി കർത്തവ്യങ്ങൾ നിർവഹിക്കുന്ന വ്യക്തിയാണ് രാധാകൃഷ്ണനെന്നും മഹാരാഷ്ട്ര ഗവർണർ ഉപരാഷ്ട്രപതിയാകുന്നത് സന്തോഷമാണെന്നും പാർട്ടി വക്താവും രാജ്യസഭാംഗവുമായ സഞ്ജയ് റാവുത്ത് പറഞ്ഞു.
എന്നാൽ, പ്രതിപക്ഷ സഖ്യമായ ഇൻഡ്യ ബ്ലോക്ക് എടുക്കുന്ന തീരുമാനത്തിനൊപ്പമായിരിക്കും ഉദ്ധവ് പക്ഷമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യത്തിൽ രാഹുൽ ഗാന്ധിക്ക്, ഉദ്ധവ് താക്കറെ വാക്കുകൊടുത്തതായി അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം ജയിക്കാനുള്ള അംഗബലമില്ലാത്തതിനാൽ ഉപരാഷ്ട്രപതി മത്സരത്തിന് നിൽക്കാതെ വോട്ടു കവർച്ചയുമായി ബന്ധപ്പെട്ട നീക്കങ്ങളിൽ കോൺഗ്രസ് ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് അദ്ദേഹം ഉപദേശിച്ചു. ഇത്തരം ഭരണഘടനാ പദവിയിൽ മത്സരമുണ്ടാകരുതെന്നതാണ് ഉദ്ധവിന്റെ പൊതുനയമെന്നും റാവുത്ത് പറഞ്ഞു.
ന്യൂഡൽഹി: എൻ.ഡി.എയുടെ ഉപരാഷ്ട്രപതി സ്ഥാനാർഥിയും മഹാരാഷ്ട്ര ഗവർണറുമായ സി.പി. രാധാകൃഷ്ണൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. എൻ.ഡി.എ യോഗങ്ങളിൽ പങ്കെടുക്കാൻ എത്തിയ അദ്ദേഹം നിരവധി നേതാക്കളെ നേരിൽ കണ്ടു. ആഗസ്റ്റ് 20ന് രാധാകൃഷ്ണൻ പത്രിക നൽകിയേക്കും. ചൊവ്വാഴ്ച നടക്കുന്ന എൻ.ഡി.എ പാർലമെന്ററി പാർട്ടി യോഗത്തിൽ അദ്ദേഹത്തെ ആദരിക്കും. സി.പി. രാധാകൃഷ്ണനെ ആശംസകൾ അറിയിച്ചതായി മോദി എക്സിൽ കുറിച്ചു.
അതിനിടെ, എൻ.ഡി.എ ഉപരാഷ്ട്രപതി സ്ഥാനാർഥി സി.പി. രാധാകൃഷ്ണന് തെലുഗുദേശം പിന്തുണ പ്രഖ്യാപിച്ചു. മുതിർന്ന നേതാവായ രാധാകൃഷ്ണൻ ഏറെക്കാലമായി രാജ്യത്തിന് മികച്ച സേവനം നൽകിയതായി ടി.ഡി.പി നേതാവും ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുമായ എൻ. ചന്ദ്രബാബു നായിഡു പറഞ്ഞു. ആന്ധ്ര ഉപമുഖ്യമന്ത്രി പവൻ കല്യാണും പിന്തുണയും അഭിനന്ദനവും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.