ന്യൂഡൽഹി: നേതാക്കൾക്കുമേൽ ഗുരുതര സാമ്പത്തിക ആരോപണം ഉന്നയിച്ച് പോളിറ്റ് ബ്യൂറോക്ക് (പി.ബി) നൽകിയ കത്ത് ചോർന്ന സംഭവത്തിലും ആരോപണങ്ങളിലും പ്രതികരിക്കാതെ ഒഴിഞ്ഞുമാറി സി.പി.എം ദേശീയ നേതൃത്വം. ഡൽഹി എ.കെ.ജി ഭവനിൽ നടക്കുന്ന പി.ബി യോഗത്തിൽ പങ്കെടുക്കാനെത്തിയ നേതാക്കളാരും പ്രതികരണത്തിന് തയാറായില്ല. ആരോപണം ശുദ്ധ അസംബന്ധമെന്ന പ്രതികരണം മാത്രമാണ് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. മാധ്യമപ്രവർത്തകർ പിന്നാലെ കൂടിയപ്പോൾ എല്ലാ കാര്യങ്ങളും പിന്നീട് പറയാമെന്ന് വ്യക്തമാക്കി അദ്ദേഹം എ.കെ.ജി ഭവനിലേക്ക് കയറിപ്പോയി.
എം.എ. ബേബിക്കല്ലേ കത്ത് അയച്ചത്, ബേബിയോട് ചോദിക്കൂ എന്നായിരുന്നു പ്രകാശ് കാരാട്ടിന്റെ പ്രതികരണം. പലരും പലതും പറയും, റോഡിൽ പോകുന്നവർ പറയുന്നതിന് മറുപടി പറയേണ്ട ഉത്തരവാദിത്തം പാർട്ടിക്കില്ലെന്നായിരുന്നു എ. വിജയരാഘവന്റെ മറുപടി. അശോക് ധാവ്ളയും ചോദ്യങ്ങളോട് പ്രതികരിക്കാൻ തയാറായില്ല. രാഷ്ട്രീയസാഹചര്യങ്ങളും ബിഹാർ നിയമസഭ തെരഞ്ഞെടുപ്പും അടക്കം പൊതുവിഷയങ്ങൾ ചർച്ച ചെയ്യാൻ വിളിച്ച പി.ബി യോഗമാണ് ഡൽഹിയിൽ നടക്കുന്നത്. യോഗത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയില്ല.
ന്യൂഡൽഹി: അപകീർത്തികരമായ വാർത്തകൾ പ്രചരിപ്പിച്ചു എന്നാരോപിച്ച് മുഹമ്മദ് ഷർഷാദ് ഉൾപ്പെടെയുള്ളവർക്കെതിരെ ആരോപണവിധേയനായ രാജേഷ് കൃഷ്ണ നൽകിയ മാനനഷ്ടക്കേസ് ഡൽഹി ഹൈകോടതി സെപ്റ്റംബർ ഒന്നിന് പരിഗണിക്കും. മാനനഷ്ടക്കേസിന്റെ ഭാഗമായി, രാജേഷ് കൃഷ്ണ തനിക്കെതിരെ ഷർഷദ് പി.ബിക്ക് നൽകിയ കത്ത് കോടതിയിൽ സമർപ്പിച്ചപ്പോഴാണ് ചോർന്ന വിവരം പുറത്തുവന്നത്.
10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടും തനിക്കെതിരെ വന്ന വാർത്തകൾ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ടും ഷെർഷദിന് പുറമെ, മൂന്ന് മാധ്യമസ്ഥാപനങ്ങൾ, ഗൂഗിൾ, മെറ്റ എന്നിവരെ എതിർകക്ഷികളാക്കി മേയ് പത്തിനാണ് രാജേഷ് കോടതിയെ സമീപിച്ചത്. ന്യൂനപക്ഷ മോർച്ച ദേശീയ എക്സിക്യൂട്ടിവ് അംഗമായ അഭിഭാഷകൻ ജോജോ ജോസ് മുഖേനയാണ് രാജേഷ് ഹരജി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.