‘പെൺകുട്ടിയല്ലേ, അവൾ മരിക്കട്ടെ...’ -അച്ഛന്റെ കുടുംബം ചികിത്സ നിഷേധിച്ച 15 മാസം പ്രായമുള്ള കുഞ്ഞ് പട്ടിണികിടന്ന് മരിച്ചു; തൂക്കം വെറും 3.7 കി.ഗ്രാം

ശിവ്പുരി (മധ്യപ്രദേശ്): മധ്യപ്രദേശിലെ ശിവ്പുരിയിൽ പോഷകാഹാരക്കുറവ് മൂലം 15 മാസം പ്രായമുള്ള പെൺകുഞ്ഞ് മരിച്ചു. 3.7 കിലോഗ്രാം മാത്രമായിരുന്നു കുട്ടിയുടെ ഭാരം. ഈ പ്രായത്തിലുള്ള കുട്ടികൾ ചുരുങ്ങിയത് 8.6 കിലോഗ്രാം വേണ്ട സ്ഥാനത്താണിത്. പെൺകുട്ടിയായതിനാൽ കുടുംബം ചികിത്സ നിഷേധിച്ചതായി കുട്ടിയു​ടെ മാതാവ് പറഞ്ഞു.

ദിവ്യാൻഷി എന്ന കുഞ്ഞാണ് ശനിയാഴ്ച ജില്ലാ ആശുപത്രിയിൽ ദാരുണമായി മരിച്ചത്. കുട്ടിയു​ടെ ഹീമോഗ്ലോബിൻ അളവ് വെറും 7.4 ഗ്രാം/ഡെസിലിറ്ററായിരുന്നുവെന്ന് ഡോക്ടർമാർ പറഞ്ഞു. 15 മാസം പ്രായമുള്ള കുട്ടികൾക്ക് ചുരുങ്ങിയത് 11.5 ഗ്രാം വേണം. ഗുരുതരമായ അലംഭാവമാണ് കുട്ടിയുടെ ആരോഗ്യകാര്യത്തിൽ രക്ഷിതാക്കൾ പുലർത്തിയത്.

ദസ്തക് അഭിയാൻ പദ്ധതി പ്രകാരം നടത്തിയ പരിശോധനയിൽ കുട്ടിക്ക് പോഷകാഹാരക്കുറവുണ്ടെന്ന് തിരിച്ചറിഞ്ഞിരുന്നു​വെന്നും ചികിത്സ തേടാൻ കുടുംബത്തെ പ്രേരിപ്പിച്ചിരുന്നുവെന്നും ആരോഗ്യ പ്രവർത്തകർ പറയുന്നു. എന്നാൽ, തന്റെ ഭർതൃവീട്ടുകാർ കുട്ടിക്ക് ഒരു തരത്തിലുള്ള ചികിത്സയും നൽകാൻ സമ്മതിച്ചില്ലെന്ന് കുട്ടിയുടെ മാതാവ് പറഞ്ഞു. ‘അവൾ ഒരു പെൺകുട്ടിയല്ലേ അവൾ മരിക്കട്ടെ, എന്നാണ് അവൾക്ക് അസുഖം വരുമ്പോഴെല്ലാം അവർ പറയാറുണ്ടായിരുന്നത്’ -അമ്മ പറഞ്ഞു.

രണ്ട് ദിവസം മുമ്പ് ഷിയോപൂരിൽ മറ്റൊരു കുട്ടിയും പോഷകാഹാരക്കുറവ് മൂലം മരണപ്പെട്ടിരുന്നു. രാധിക എന്ന കുട്ടിയാണ് മരിച്ചത്. മരണസമയത്ത് 2.5 കിലോഗ്രാം മാത്രം ഭാരമുള്ള പെൺകുട്ടി, ജനിക്കുമ്പോൾ ആരോഗ്യവതിയായിരുന്നത്രേ. ഭിന്ദ് ജില്ലയിലും സമാനമായ മരണം അടുത്തിടെ റിപ്പോർട്ട് ചെയ്തിരുന്നു. രാജ്യത്ത് ഏറ്റവും കൂടുതൽ പോഷകാഹാരക്കുറവ് അനുഭവിക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് മധ്യപ്രദേശ്. ഇവിടെ പെൺകുട്ടികളോടുള്ള വിവേചനം സ്ഥിതി കൂടുതൽ വഷളാക്കുന്നു.

Tags:    
News Summary - 15-Month-Old Baby Dies Of Malnutrition In MP's Shivpuri As Family Refuses Treatment Because 'She Was A Girl'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.