മംഗളൂരു: ധർമസ്ഥലയിലെ ബൂർജെ ഗ്രാമത്തിൽ ക്രൂരമായി കൊലചെയ്യപ്പെട്ട ആനപ്പട്ടാളൻ നാരായണ സഫല്യയുടെയും സഹോദരി യമുനയുടെയും കുടുംബം കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണസംഘത്തിന് (എസ്.ഐ.ടി) നിവേദനം നൽകി.
തിങ്കളാഴ്ച നാരായണയുടെ മക്കളായ ഗണേഷും ഭാരതിയും ബെൽത്തങ്ങാടിയിലെ എസ്.ഐ.ടി ഓഫിസ് സന്ദർശിച്ച് പരാതി നൽകി. കുറ്റവാളികളെ തിരിച്ചറിഞ്ഞ് നീതി നടപ്പാക്കണമെന്ന് അവർ ആവശ്യപ്പെട്ടു, വർഷങ്ങളായി ആവർത്തിച്ചുള്ള അപ്പീലുകൾ നൽകിയിട്ടും കേസിൽ പുരോഗതി ഉണ്ടായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി.
ആനപ്പട്ടാളൻ നാരായണയും സഹോദരി യമുനയും 2012 സെപ്റ്റംബർ 21ന് ബൂർജെയിലെ അവരുടെ വസതിയിൽ കൊല്ലപ്പെട്ടുവെന്ന് ഹരജിയിൽ പറയുന്നു. 2013 നവംബറിൽ അന്നത്തെ ദക്ഷിണ കന്നട പൊലീസ് സൂപ്രണ്ടിന് പരാതി നൽകിയെങ്കിലും കൃത്യമായ നടപടി സ്വീകരിച്ചില്ലെന്ന് കുടുംബം പറയുന്നു. എസ്.പിക്ക് മുമ്പ് നൽകിയ അപേക്ഷകളുടെ പകർപ്പുകളും ഇതോടൊപ്പം ചേർത്തിട്ടുണ്ട്. പരാതി സ്വീകരിച്ചിട്ടുണ്ടെന്നും പരിശോധിക്കുമെന്നും എസ്.ഐ.ടി അറിയിച്ചു. ആവശ്യമായ നടപടികൾക്കായി വിഷയം അധികാരപരിധിയിലുള്ള പൊലീസ് സ്റ്റേഷനിലേക്ക് റഫർ ചെയ്യുമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പരാതിക്കാർക്ക് നൽകിയ മറുപടിയിൽ പറഞ്ഞു.
ധർമസ്ഥല ധർമാധികാരി ഡോ.ഡി. വീരേന്ദ്ര ഹെഗ്ഡെ എം.പിയുടെ സഹോദരൻ ഹർഷേന്ദ്ര കുമാറിൽനിന്ന് നാരായണക്ക് ഭീഷണിയുണ്ടായിരുന്നു എന്ന് ഹരജിയിൽ ആരോപിക്കുന്നു. ബൂർജെയിലെ തന്റെ തറവാട്ടുവീട് ഒഴിയണമെന്ന് അഞ്ച് വർഷത്തോളമായി നാരായണയിൽ സമ്മർദം ചെലുത്തിയിരുന്നു. ഹർഷേന്ദ്ര കുമാർ രണ്ടുതവണ നാരായണയെ ആക്രമിച്ചതായും 2012 സെപ്റ്റംബർ 20 ന് സ്ഥലം ഉടൻ ഒഴിയുന്നില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.
2012 സെപ്റ്റംബർ 21ന് നാരായണയും യമുനയും കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ ഒരു ഗണേശോത്സവ നാടകത്തിൽ പങ്കെടുത്ത് രാത്രി 10 മണിയോടെ വീട്ടിലേക്ക് മടങ്ങി. പിറ്റേന്ന് ഉച്ചയായിട്ടും വീട് പൂട്ടിയിരിക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടു. സഹോദരങ്ങളെ ബലമായി അകത്തുകടന്ന് കൊലപ്പെടുത്തിയതായി കണ്ടെത്തി. നാരായണന്റെ തല കല്ലുകൊണ്ടും യമുനയുടെ തല അമ്മിക്കല്ലുകൊണ്ടും തകർത്ത നിലയിലായിരുന്നു.
കുടുംബ വീടിനപ്പുറം സ്വത്ത്, ആഭരണങ്ങൾ, സ്വത്ത് തർക്കങ്ങൾ ഒന്നും നാരായണക്ക് ഉണ്ടായിരുന്നില്ലെന്നും ഭൂമി കൈക്കലാക്കുക എന്ന ഉദ്ദേശ്യത്തോടെ മാത്രമാണ് കൊലപാതകം നടത്തിയതെന്നും കുടുംബം വാദിക്കുന്നു. മൂന്ന് ദിവസത്തിനുശേഷം വീരേന്ദ്ര ഹെഗ്ഡെയെ ഇക്കാര്യം അറിയിച്ചപ്പോൾ, ‘സംഭവിച്ചത് സംഭവിച്ചു, അത് പോകട്ടെ’ എന്ന് പറഞ്ഞ് അദ്ദേഹം അത് തള്ളിക്കളഞ്ഞതായും അവർ ആരോപിക്കുന്നു.
തുടർന്ന് ഹർഷേന്ദ്ര കുമാർ വീട് പൂട്ടിയിടുകയും കുടുംബം സാധനങ്ങൾ എടുക്കുന്നത് തടയുകയും അകത്ത് കടക്കാൻ ശ്രമിച്ചാൽ ഭീഷണിപ്പെടുത്തുകയും ചെയ്തതായും പരാതിയിൽ ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.