ബംഗളൂരു: കെ.ആർ മാർക്കറ്റിന് സമീപമുള്ള പ്ലാസ്റ്റിക് പായ നിർമാണ യൂനിറ്റിൽ തീപിടിത്തത്തിൽ ഒരു കുടുംബത്തിലെ നാലംഗങ്ങൾ ഉൾപ്പെടെ അഞ്ച് പേർ കൊല്ലപ്പെട്ട സംഭവത്തിൽ കെട്ടിട ഉടമയെയും മകനെയും അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. അനധികൃത നിർമാണം, സുരക്ഷ നടപടികളുടെ അഭാവം, അഗ്നി സുരക്ഷാ മുൻകരുതലുകൾ പാലിക്കാത്തത് എന്നീ കുറ്റങ്ങൾ ചുമത്തി കെട്ടിട ഉടമ ബാലകൃഷ്ണയ്യ ഷെട്ടിയെയും മകൻ സന്ദീപ് ഷെട്ടിയെയുമാണ് അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച പുലർച്ച മൂന്നോടെ താഴത്തെ നിലയിലെ ഗോഡൗണിൽ ഉണ്ടായ തീപിടിത്തം മുകളിലത്തെ നിലകളിലേക്ക് പടർന്നായിരുന്നു ദുരന്തം. മിക്ക താമസക്കാരും രക്ഷപ്പെട്ടെങ്കിലും മദൻ സിങ് (38), ഭാര്യ സംഗീത (33), അവരുടെ മക്കളായ മിതേഷ് (ഏഴ്), വിഹാൻ (അഞ്ച്), അയൽക്കാരൻ സുരേഷ് കുമാർ (26) എന്നിവർ കൊല്ലപ്പെടുകയായിരുന്നു.
രാജസ്ഥാൻ സ്വദേശിയായ മദൻ സിങ് 10 വർഷമായി കെട്ടിടം വാടകക്ക് എടുക്കുകയായിരുന്നു. പ്ലാസ്റ്റിക് അടുക്കള വസ്തുക്കളും മാറ്റുകളും സ്റ്റീൽ അടുക്കള ഉപകരണങ്ങളും നിർമിക്കുന്ന ഒരു ചെറിയ നിർമാണ യൂനിറ്റ് അയാൾ നടത്തിയിരുന്നു. കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലായിരുന്നു അയാൾ താമസിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.