ബംഗളൂരു: ധർമസ്ഥല കേസുമായി ബന്ധപ്പെട്ട പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്ക് കർണാടക ആഭ്യന്തരമന്ത്രി ഡോ. ജി. പരമേശ്വര തിങ്കളാഴ്ച നിയമസഭയിൽ മറുപടി നൽകി. പ്രത്യേകാന്വേഷണ സംഘത്തിന്റെ (എസ്.ഐ.ടി) ഖനന പ്രവർത്തനങ്ങളിൽ ഇതുവരെ ഒരു അസ്ഥികൂടവും ഏതാനും മനുഷ്യ അസ്ഥികൂടങ്ങളും കണ്ടെടുത്തിട്ടുണ്ടെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. ഫോറൻസിക് സയൻസ് ലബോറട്ടറി (എഫ്.എസ്.എൽ) റിപ്പോർട്ട് ഇതുവരെ ലഭിച്ചിട്ടില്ല. റിപ്പോർട്ട് വരുന്നതുവരെ കൂടുതൽ ഖനനം നിർത്തിവെക്കുമെന്ന് പരമേശ്വര സഭയെ അറിയിച്ചു.
‘ഇതുവരെ ഖനനം മാത്രമേ നടത്തിയിട്ടുള്ളൂ. യഥാർഥ അന്വേഷണം ഇതുവരെ ആരംഭിച്ചിട്ടില്ല. പരാതിക്കാരൻ മുമ്പ് സമർപ്പിച്ച തലയോട്ടിയും എഫ്.എസ്.എല്ലിലേക്ക് അയച്ചിട്ടുണ്ട്. ഫോറൻസിക് റിപ്പോർട്ട് ലഭിച്ചശേഷം, അന്വേഷണത്തിന്റെ അടുത്ത ഘട്ടം മുന്നോട്ട് പോകും. ഡി.എൻ.എ പരിശോധന ഉൾപ്പെടെ നിരവധി വിശകലനങ്ങൾ നടത്തേണ്ടതുണ്ട്’ -അദ്ദേഹം വ്യക്തമാക്കി.
പരാതിക്കാരൻ കാണിക്കുന്ന എല്ലാ സ്ഥലങ്ങളിലും കുഴിക്കൽ സാധ്യമല്ലെന്ന് മന്ത്രി പറഞ്ഞു. ‘കൂടുതൽ കുഴിക്കൽ ആവശ്യമുണ്ടോ ഇല്ലയോ എന്ന് തീരുമാനിക്കേണ്ടത് എസ്.ഐ.ടിയാണ്- അദ്ദേഹം കൂട്ടിച്ചേർത്തു. പരാതിക്കാരനെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് ബി.ജെ.പി എം.എൽ.എ വി. സുനിൽ കുമാർ നിയമസഭയിൽ ചോദ്യമുന്നയിച്ചു. ‘‘കേന്ദ്ര സർക്കാർ രൂപവത്കരിച്ച സാക്ഷി സംരക്ഷണ നിയമം നിലവിലുണ്ടെന്നായിരുന്നു പരമേശ്വരയുടെ മറുപടി. ‘പരാതിക്കാരൻ ജില്ല മജിസ്ട്രേറ്റിനെ സമീപിച്ചിരുന്നു. കമ്മിറ്റിയുടെ നിർദേശപ്രകാരം അദ്ദേഹത്തിനും കുടുംബത്തിനും സുരക്ഷ നൽകിയിട്ടുണ്ട്. അതിനാൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാൻ കഴിയില്ല’- അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.