ആനയൂട്ട് വിഭവ ഗുണനിലവാരം പരിശോധിക്കുന്ന വനം അധികൃതർ
ബംഗളൂരു: മൈസൂരു ദസറ ആഘോഷ മുന്നോടിയായി കൊട്ടാരത്തിൽ ആനയൂട്ട് ഒരുക്കങ്ങൾ കെങ്കേമം. ദസറയുടെ ഏറ്റവും ആകർഷകമായ സമാപനദിന ജംബോ സവാരിയിൽ അണിനിരക്കേണ്ട 14 ആനകളുടെ ആരോഗ്യവും പോഷണവും വനം വകുപ്പിന്റെ ചുമതലയിലാണ്. അടുത്ത മാസം 22 മുതൽ ഒക്ടോബർ രണ്ടുവരെയാണ് ദസറ. ഒമ്പത് ആനകളെ ഇതിനകം മൈസൂരു കൊട്ടാരത്തിലേക്ക് എഴുന്നള്ളിച്ച് കൊണ്ടുവന്നു. അഞ്ചെണ്ണം കൂടി വൈകാതെയെത്തും. ആകെ 10 കൊമ്പന്മാരും നാല് പിടിയാനകളുമാണ് ദസറക്കായി എഴുന്നള്ളുക.
ഉയർന്ന നിലവാരമുള്ള പോഷകസമൃദ്ധ ആഹാരത്തിന് മുൻഗണന നൽകുന്നുവെന്ന് മൈസൂരു വന്യജീവി ഡിവിഷൺ ഡെപ്യൂട്ടി കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (ഡി.സി.എഫ്) ഡോ. ഐ.ബി. പ്രഭു ഗൗഡ പറഞ്ഞു. ആനകളെ ആരോഗ്യത്തോടെയും ശക്തരായും ആഘോഷങ്ങളിൽ പങ്കെടുക്കാൻ സജ്ജമാക്കുന്നതിന് വലിയ അളവിൽ ഭക്ഷണസാധനങ്ങൾ ശേഖരിച്ചു.
നിരവധി ടൺ കാലിത്തീറ്റയും ധാന്യങ്ങളും സംഭരിച്ചവയിൽപെടും. ഭാരം, വലുപ്പം, മറ്റ് ശാരീരിക മാനദണ്ഡങ്ങൾ എന്നിവ അടിസ്ഥാനമാക്കി വെറ്ററിനറി വിദഗ്ധർ അവയുടെ ദൈനംദിന പോഷകാഹാര ആവശ്യങ്ങൾ കണക്കാക്കിയിട്ടുണ്ട്. ഭക്ഷ്യവസ്തുക്കളുടെ വിതരണത്തിനായി ടെൻഡറുകൾ വിളിച്ച് ബന്നൂരിനടുത്ത അട്ടഹള്ളി ഗ്രാമത്തിലെ കെ.എസ്. ബാബുവിനെ പലചരക്ക് സാധനങ്ങൾ, ഉണങ്ങിയ കാലിത്തീറ്റ, പുല്ല് എന്നിവ വിതരണം ചെയ്യാൻ ചുമതലപ്പെടുത്തി.
ഓരോ ആനക്കും പ്രതിദിനം 450 മുതൽ 500 കിലോഗ്രാംവരെ ആൽ ഇലകൾ, 175 മുതൽ 200 കിലോഗ്രാംവരെ പുല്ല് എന്നിവ നൽകുന്നു. കൂടാതെ ചുവന്ന അരി ഇനമായ 20 കിലോഗ്രാം കുസുബലക്കിയും ഏകദേശം 35 മുതൽ 40 കിലോഗ്രാം വരെ നെല്ല് വൈക്കോലും അവർക്ക് ലഭിക്കും. ഇതിനുപുറമെ എല്ലാ ദിവസവും പ്രത്യേകം തയാറാക്കിയ തീറ്റ 10 മുതൽ 12 കിലോഗ്രാം വരെ നൽകുന്നു. കൊമ്പന്മാർ പ്രതിദിനം ഏകദേശം 750 കിലോഗ്രാം, പിടിയാനകൾ 600 കിലോഗ്രാം എന്നിങ്ങനെ ഭക്ഷണം കഴിക്കുന്നു. ദഹനം സുഗമമാക്കുന്നതിനായി ആറ് മുതൽ ഏഴ് മണിക്കൂർവരെ വേവിച്ച മുതിര, ചെറുപയർ, ഉഴുന്ന്, അരി, ഉപ്പ്, വിവിധതരം പച്ചക്കറികൾ എന്നിവ അടങ്ങിയ പ്രത്യേക തീറ്റയാണിത്.
ഓരോ ആനയും ഇത് 10 മുതൽ 12 കിലോഗ്രാംവരെ അകത്താക്കും. ചലനത്തിന് തടസ്സമാകുന്ന പൊണ്ണത്തടി ഒഴിവാക്കാൻ ഈ മിശ്രിതം ദിവസവും കഴിക്കുന്നത് കർശനമായി പരിമിതപ്പെടുത്തിയിരിക്കുന്നു. കരിമ്പ്, തേങ്ങ എന്നിവയും അവരുടെ ഭക്ഷണത്തിന്റെ ഭാഗമാണ്. 10 മുതൽ 12 കിലോമീറ്റർവരെ ദിവസേനയുള്ള നടത്ത വ്യായാമങ്ങളിലൂടെ സ്റ്റാമിന വർധിപ്പിക്കുന്നതിനൊപ്പം മതിയായ പോഷകാഹാരം നൽകുക എന്നതാണ് ലക്ഷ്യമെന്ന് ഡി.സി.എഫ് അഭിപ്രായപ്പെട്ടു. ഈ വർഷം വെണ്ണയും ഗോതമ്പും ഭക്ഷണത്തിൽനിന്ന് ഒഴിവാക്കി. നേരത്തേ കുറച്ച് ആനകൾക്ക് നൽകിയിരുന്ന വെണ്ണ സസ്യഭുക്കുകൾക്ക് പോഷകമൂല്യമുള്ളതായി കണ്ടെത്തിയില്ല, അതേസമയം ചില ആനകൾക്ക് ഗോതമ്പ് ദഹിക്കില്ല.
ദഹനത്തെ സഹായിക്കുന്നതിനായി മുതിര (ഹരി) (ഹരിതൈലം), മില്ലറ്റ് (രാഗി) എന്നിവ ഇവക്ക് പകരം ചേർത്തിട്ടുണ്ട്. പരിശീലന സെഷനുകൾക്കുശേഷം രാവിലെയും വൈകുന്നേരവും ഒരുതവണ എന്ന നിലയിൽ പ്രത്യേക തീറ്റ നൽകുന്നു. ദസറ കേമ്പിൽനിന്ന് ആനകൾ തിരിച്ചെത്തുന്നതുവരെ ഈ പദ്ധതി തുടരും. കൊട്ടാരത്തിൽനിന്ന് ബന്നിമണ്ഡപം ടോർച്ച് ലൈറ്റ് പരേഡ് ഗ്രൗണ്ടിലേക്കുള്ള പരിശീലന മാർച്ചുകളിൽ ആനകൾക്ക് സുഖകരമായിരിക്കാൻ എണ്ണ തേക്കൽ അവയുടെ ദിനചര്യയുടെ പ്രധാന ഭാഗമാണ്.
ഏകദേശം 200 ലിറ്റർ വീതം ആവണക്കെണ്ണ, പൊങ്കാമിയ (ഹോങ്ങ്) എണ്ണ, വേപ്പെണ്ണ എന്നിവ ഉപയോഗിക്കുന്നു, തലയിലും കാലുകളിലും കയറുകൾ കെട്ടിയിരിക്കുന്ന ഭാഗങ്ങളിലും ആവണക്കെണ്ണയും പൊങ്കാമിയയും പുരട്ടുന്നു. ഉരച്ചിലുകൾ തടയാനും തണുപ്പിൽനിന്ന് സംരക്ഷണത്തിനുമായി കാലുകളിലും സന്ധികളിലും വേപ്പെണ്ണയാണ് പുരട്ടുന്നത്. ഈ ചികിത്സകൾ പരിക്കുകൾ തടയുകയും മൃഗങ്ങളെ മികച്ച അവസ്ഥയിൽ നിലനിർത്തുകയും ചെയ്യും. സ്ഥിരതയും സുതാര്യതയും ഉറപ്പാക്കാൻ കിലോഗ്രാമിന് എന്ന അടിസ്ഥാനത്തിലാണ് ടെൻഡറുകൾ നൽകിയത്.
ഓരോ മൃഗത്തിന്റെയും ആരോഗ്യം സൂക്ഷ്മമായി നിരീക്ഷിച്ചതിന്റെ അടിസ്ഥാനത്തിൽ ഘട്ടം ഘട്ടമായി അളവ് വർധിപ്പിക്കുകയാണ് ചെയ്യുന്നത്. വിജയദശമി ഘോഷയാത്രയുടെ നാളിൽ സ്വർണ ഹൗഡ വഹിക്കാൻ നിശ്ചയിച്ച അഭിമന്യു എന്ന ഗജവീരനൊപ്പം ധനഞ്ജയ, ഭീമ, കഞ്ചൻ, ഏകലവ്യ, പ്രശാന്ത്, കാവേരി, ബല്ലേ ലക്ഷ്മി, മഹേന്ദ്ര എന്നീ ആനകളാണ് കൊട്ടാരത്തിൽ എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.