അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ, സിദ്ധാർത്ഥ് വരദരാജൻ, കരൺ ഥാപ്പർ


മുതിർന്ന മാധ്യമപ്രവർത്തകരായ കരൺ ഥാപ്പറിനും സിദ്ധാർഥ് വരദരാജനുമെതിരെ രാജ്യ​ദ്രോഹക്കുറ്റത്തിന് അസം പൊലീസിന്റെ സമൻസ്

ന്യൂഡൽഹി: മുതിർന്ന മാധ്യമ പ്രവർത്തകരായ സിദ്ധാർഥ് വരദരാജിനും കരൺ ഥാപ്പറിനും എതിരെ രാജ്യദ്രോഹക്കുറ്റത്തിന്  സമൻസ് അയച്ച് അസം പൊലീസ്. ആഗസ്റ്റ് 22ന് ഗുവാഹത്തിയിലെ ക്രൈംബ്രാഞ്ചിന്റെ ഓഫിസിൽ ഹാജരാവാനാണ് ഇരുവർക്കുമുള്ള നിർദേശം. ഹാജരാവാത്തപക്ഷം അറസ്റ്റ് നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പുണ്ട്.

എഫ്.ഐ.ആറിൽ ഗുവാഹത്തി ക്രൈംബ്രാഞ്ച് പൊലീസ് വരദരാജനും കരർ ഥാപ്പറിനും സമൻസ് അയച്ചതായി ‘ദി വയർ’ വാർത്താ വെബ് സൈറ്റ് റിപ്പോർട്ട് ചെയ്തു. ​35(3), 152, 196, 197 വകുപ്പുകളും ഭാരതീയ ന്യായ് സംഹിതയിലെ വകുപ്പുകളും ചേർത്താണ് എഫ്.ഐ.ആർ ഇട്ടിരിക്കുന്നത്.

അതേസമയം, തങ്ങൾക്കു ലഭിച്ച എഫ്.ഐ.ആറിന്റെ പകർപ്പിൽ കുറ്റകൃത്യത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ ഒന്നുമില്ലെന്നാണ് സിദ്ധാർഥ് വരദരാജൻ സ്ഥാപക എഡിറ്ററായ ‘ദി വയർ’ പറയുന്നത്. ഈ മാസം 14ലാണ് ‘വയറി’ന്റെ ഓഫിസിൽ ആദ്യ സമൻസ് ലഭിച്ചത്. 18ാം തിയ്യതി കരൺ ഥാപ്പറിന്റെ പേരിൽ അതേ എഫ്.ഐ.ആറിൽ ഒരു സമൻസ് കൂടി ലഭിച്ചു.

‘രാഷ്ട്രീയ നേതൃത്വത്തിന്റെ നിയന്ത്രണങ്ങൾ കാരണം ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനങ്ങൾ പാകിസ്താനിൽവെച്ച് നഷ്ടമായി: ഇന്ത്യൻ പ്രതിരോധ അറ്റാഷെ’ എന്ന തലക്കെട്ടിൽ ‘ദി വയറി’ൽ ജൂൺ 28ന് പ്രസിദ്ധീകരിച്ച റിപ്പോർട്ടുമായി ബന്ധപ്പെട്ട് ബി.ജെ.പി പ്രവർത്തകൻ നൽകിയ പരാതിയിൽ ജൂലൈ 11ന് വരദരാജനെതിരെ ​മൊറിഗോൺ സ്റ്റേഷനിൽ മറ്റൊരു എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു.

ഈ കേസിൽ അസം പൊലീസിന്റെ ‘നിർബന്ധിത നടപടികളിൽ’ നിന്ന് സ്ഥാപക എഡിറ്റർ സിദ്ധാർത്ഥ് വരദരാജൻ ഉൾപ്പെടെയുള്ള മാധ്യമപ്രവർത്തകരെ സംരക്ഷിക്കുന്നതിനായി പുതിയ രാജ്യദ്രോഹ നിയമത്തിന്റെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്തുകൊണ്ട് ‘ദി വയർ’ സമർപ്പിച്ച ഹരജയിൽ സുപ്രീംകോടതി നോട്ടീസ് അയക്കുകയുണ്ടായി. 

മോറിഗാവ് കേസിലും എഫ്‌.ഐ.ആർ രഹസ്യമായി സൂക്ഷിച്ചിരിക്കുകയായിരുന്നുവെന്ന് ‘ദി വയറി’ന്റെ അഭിഭാഷകയായ നിത്യ രാമകൃഷ്ണൻ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. മറ്റ് ഉറവിടങ്ങൾ വഴിയാണ് എഫ്‌.ഐ.ആറിന്റെ തീയതി, ക്രിമിനൽ വകുപ്പുകൾ എന്നിവ അറിയാൻ കഴിഞ്ഞത്.

ഈ അടിസ്ഥാനത്തിലാണ് ബി.എൻ.എസിന്റെ സെക്ഷൻ 152ന്റെ നിയമലംഘനങ്ങൾ ചോദ്യം ചെയ്ത് ‘വയർ’ കോടതിയെ സമീപിച്ചത്. ഇ​​തേത്തുടർന്ന് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരുടെ ബെഞ്ച് അസം പൊലീസിന് നോട്ടീസ് അയക്കുകയായിരുന്നു. 

ഇന്ത്യയുടെ പരമാധികാരം, ഐക്യം, സമഗ്രത എന്നിവയെ അപകടപ്പെടുത്തുന്ന പ്രവൃത്തികൾ ഉൾകൊള്ളുന്ന ബി.എൻ.എസിന്റെ 152ാം വകുപ്പ്,  2022ൽ സുപ്രീംകോടതി സ്റ്റേ ചെയ്ത ഇന്ത്യയുടെ മുൻ രാജ്യദ്രോഹ വ്യവസ്ഥയുടെ (ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 124 എ) പുനഃർനാമകരണം ചെയ്ത പുതിയ പതിപ്പാണ്. ഇതിന്റെ ഭരണഘടനാ സാധുതയെയാണ് ‘വയർ’ കോടതിയിൽ ചോദ്യം ചെയ്തത്. 

Tags:    
News Summary - Assam Police Invoke Sedition Law in Second Case Against The Wire, Naming Varadarajan, Karan Thapar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.