വോട്ടർ അധികാർ യാത്രക്ക് മുർദാബാദ് വിളിച്ച ബി.ജെ.പി പ്രവർത്തകരെ ​​ഫ്ലയിങ് കിസ്സിൽ വീഴ്ത്തി രാഹുൽ -വിഡിയോ

പട്ന: വോട്ട്കൊള്ളക്കെതിരെ രാജ്യ മനസാക്ഷി ഉണർത്തി ബിഹാറിലെ​ തെരുവുകളെ ഇളക്കിമറിച്ച് രാഹുൽ ഗാന്ധി നയിക്കുന്ന വോട്ടർ അധികാർ യാത്ര മൂന്നാം ദിവസവും തുടരുകയാണ്. ബിഹാറിലെ സാസാറാമിൽ നിന്നും ആരംഭിച്ച യാത്ര മൂന്നാം ദിവസം പിന്നിടുമ്പോൾ വർധിച്ച ജനപങ്കാളിത്തം ശ്രദ്ധേയമാണ്.

സംസ്ഥാനത്തെ മുഖ്യ രാഷ്ട്രീയ പാർട്ടിയായ ആർ.ജെ.ഡിയെയും ഇൻഡ്യ മുന്നണിയെയും ഒപ്പമിരുത്തിയാണ് രാഹുൽ ഗാന്ധിയുടെ  വോട്ടർ അധികാർ യാത്ര ഉ​​ത്തരേന്ത്യൻ മണ്ണിൽ കോ​ൺഗ്രസിന് പുതിയ ഊർജം നൽകി മുന്നേറുന്നത്.  തെരഞ്ഞെടുപ്പ് കമ്മീ​ഷനെ കൂട്ടുപിടിച്ച് ബി.ജെ.പി നടത്തുന്ന വോട്ട് കൊള്ള തെളിവുകൾ സഹിതം തുറന്നുവിട്ട രാഹുൽ ഗാന്ധി ഈ സത്യം വോട്ടർമാരെ ബോധ്യപ്പെടുത്തികൊണ്ടാണ് വോട്ടർ അധികാർ യാത്രയുമായി (വോട്ടർ അവകാശ യാത്ര) ​​തെരുവിലേക്കിറങ്ങിയത്. വോട്ടർപട്ടികയിലെ ക്രമക്കേടുകളെയും തെരഞ്ഞെടുപ്പുകളിലെ തട്ടിപ്പുകളെയും തുറന്നുകാട്ടിയും ബി.ജെ.പിക്കെതിരെ ശക്തമായ വിമർശന മുന്നയിച്ചും നടക്കുന്ന യാത്രയിൽ ഓരോ ദിവസവും വർധിച്ച ജന പങ്കാളിത്തമാണുള്ളത്. 

16 ദിവസം കൊണ്ട് 1300 കിലോമീറ്റർ താണ്ടുന്ന വോട്ടർ അധികാർ യാത്ര ഏറ്റവും വിറളി പിടിപ്പിക്കുന്നത് ബി.ജെ.പി സർക്കാറിനെയെന്നതിൽ സംശയമില്ല. ഇതിനിടയിൽ യാത്രാ വഴിയിൽ ചൊവ്വാഴ്ച നടന്ന സംഭവമാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഞായറാഴ്ച ആരംഭിച്ച യാത്ര മൂന്നാം ദിനം ബിഹാറിലെ നവാഡയിലെത്തിയപ്പോൾ റോഡരികിലെ കെട്ടിടത്തിൽ കേന്ദ്രീകരിച്ച ബി.ജെ.പി പ്രവർത്തകരായിരുന്നു കഥാപാത്രങ്ങൾ. തുറന്ന ജീപ്പിന് മുകളിലിരുന്ന് രാഹുൽ യാത്രാ സംഘങ്ങളോടൊപ്പം അരികിലെത്തിയപ്പോൾ ​‘രാഹുൽ ഗാന്ധി മുർദാബാദ്..’ വിളിയോടെ വോട്ട് അധികാർ യാത്രയെ ബി.ജെ.പി പ്രവർത്തകർ എതി​രേറ്റു. എന്നാൽ, അവർക്കു നേരെ തുരുതുരെ ​ഫ്ലയിങ് കിസ്സുകൾ വാരിയെറിഞ്ഞായിരുന്നു രാഹുലിന്റെ പ്രതികരണം. അപ്രതീക്ഷിതമായ പ്രതികരണത്തിൽ ഞെട്ടിയ ബി.ജെ.പി പ്രവർത്തകരുടെ മുർദാബാദ് വിളിയുടെ ​ശൗര്യം കുറഞ്ഞു. പതിയെ മുദ്രാവാക്യം വിളി മറന്നവർ, രാഹുലിനെ ചിരിച്ച മുഖവുമായി വരവേറ്റ് യാത്രയാക്കി.

ബിഹാർ മുൻ ഉപമുഖ്യമന്ത്രിയും ആർ.ജെ.ഡി നേതാവുമായ തേജസ്വി യാദവും, സി.പി.എം നേതാവ് ദീപാങ്കർ ഭട്ടാചാര്യയും രാഹുലിനൊപ്പം ജീപ്പിലുണ്ടായിരുന്നു. വീഡിയോ ദൃശ്യം സാമൂഹിക മാധ്യമങ്ങളിൽ വൈറലായി മാറി. 

Tags:    
News Summary - Rahul Gandhi Blows Flying Kisses To BJP Workers During Voter Adhikar Yatra In Bihar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.