നവാഡ: ബിഹാറിൽ ‘വോട്ടർ അധികാർ യാത്ര’ക്കിടെ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സഞ്ചരിച്ച തുറന്ന ജീപ്പിടിച്ച് പൊലീസ് ഉദ്യോഗസ്ഥന് പരിക്ക്. ബിഹാറിലെ നവാഡയിൽ തിരക്കേറിയ നിരത്തിലാണ് പൊലീസ് കോൺസ്റ്റബിളിന്‍റെ കാലിലേക്ക് വാഹനം ഇടിച്ചു കയറിയത്. കോൺഗ്രസ് പ്രവർത്തകരും മറ്റ് സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്ന് ഉടൻ വാഹനം പിന്നിലേക്ക് തള്ളിമാറ്റി പരിക്കേറ്റ പൊലീസുകാരനെ രക്ഷപ്പെടുത്തി.
സംഭവം കണ്ട രാഹുൽ ഗാന്ധി പൊലീസുകാരന് കുടിവെള്ളം നൽകിയ ശേഷം വേണ്ട സഹായം ചെയ്ത് കൊടുക്കാൻ പ്രവർത്തകരോട് ആവശ്യപ്പെട്ടു. പൊലീസുകാരനെ അടുത്തുവിളിച്ച് രാഹുൽ പരിക്കിനെ കുറിച്ച് ചോദിച്ചറിഞ്ഞു. തുടർന്ന് രാഹുലിന്‍റെ തുറന്ന വാഹനത്തിന്‍റെ മുൻ സീറ്റിൽ ഇരുന്ന് പൊലീസുകാരനും യാത്ര തുടർന്നു.
വാഹനത്തിന്‍റെ ചക്രങ്ങൾക്കിടയിൽ നിന്ന് രക്ഷപ്പെട്ട പൊലീസുകാരൻ മുടന്തി നടക്കുന്നതിന്‍റെയും രാഹുലിന്‍റെ അടുത്തെത്തി സംസാരിക്കുന്നതിന്‍റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
വാഹനാപകടത്തിൽ രാഹുൽ ഗാന്ധിക്കെതിരെ വിമർശനവുമായി ബി.ജെ.പി രംഗത്തെത്തി. പൊലീസുകാരൻ ജീപ്പിനിടയിൽ ചതഞ്ഞു പോയെന്ന് ബി.ജെ.പി വക്താവ് ഷെഹ്സാദ് പൂനാവാലെ ആരോപിച്ചു. പൊലീസുകാരനെ ഇടിച്ചുതെറിപ്പിച്ച ശേഷം രാജകുമാരൻ പരിക്കേറ്റയാളെ പരിശോധിക്കാൻ പോലും ജീപ്പിന് പുറത്തിറങ്ങിയില്ലെന്നും ബി.ജെ.പി വക്താവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.