സുപ്രീംകോടതി മുൻ ജഡ്ജി ബി. സുദർശൻ റെഡ്ഡി
ന്യൂഡൽഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ഇൻഡ്യ സഖ്യത്തിന്‍റെ സ്ഥാനാർഥിയാക്കിയതിൽ വളരെ സന്തോഷവും നന്ദിയുമുണ്ടെന്ന് സുപ്രീംകോടതി മുൻ ജഡ്ജി ബി. സുദർശൻ റെഡ്ഡി. നിങ്ങൾ ഇല്ലായിരുന്നെങ്കിൽ ഇത് സാധ്യമാകുമായിരുന്നില്ല. എല്ലാ പാർലമെന്‍റ് അംഗങ്ങളും തന്‍റെ സ്ഥാനാർഥിത്വത്തെ പിന്തുണക്കണമെന്ന് അഭ്യർഥിക്കുന്നതായി ബി. സുദർശൻ റെഡ്ഡി വ്യക്തമാക്കി.
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിലെ സ്ഥാനാർഥിയായി സുപ്രീംകോടതി മുൻ ജഡ്ജി ബി. സുദർശൻ റെഡ്ഡിയെ ഇന്നാണ് ഇൻഡ്യ സഖ്യം പ്രഖ്യാപിച്ചത്. സെപ്റ്റംബർ ഒമ്പതിനാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കുക.
ആന്ധ്രപ്രദേശ് സ്വദേശിയായ സുദർശൻ റെഡ്ഡി ഗുവാഹത്തി ഹൈകോടതി മുൻ ചീഫ് ജസ്റ്റിസായിരുന്നു. ഗോവയിലെ ആദ്യത്തെ ലോകായുക്തയുമാണ്. 1971ലാണ് സുദർശൻ റെഡ്ഡി ആന്ധ്രപ്രദേശ് ബാർ കൗൺസിലിന് കീഴിൽ അഭിഭാഷകനായി ഔദ്യോഗിക ജീവിതം തുടങ്ങിയത്. 1988-90കളിൽ ഹൈകോടതിയിൽ സർക്കാർ പ്ലീഡറായി സേവനമനുഷ്ടിച്ചു.
1990ൽ ആറുമാസക്കാലം കേന്ദ്രസർക്കാറിന്റെ അഡീഷനൽ സ്റ്റാന്റിങ് കോൺസലായും ഉസ്മാനിയ സർവകലാശാലയുടെ ലീഗൽ അഡ്വൈസറായും സ്റ്റാന്റിങ് കോൺസലുമായും പ്രവർത്തിച്ചിട്ടുണ്ട്. 1995ൽ ആന്ധ്രപ്രദേശ് ഹൈകോടതിയിൽ സ്ഥിരം ജഡ്ജിയായി നിയമിക്കപ്പെട്ടു. 2005ൽ ഗുവാഹത്തി ഹൈകോടതി ചീഫ് ജസ്റ്റിസായി. 2007ൽ സുപ്രീംകോടതി ജഡ്ജിയായി. 2011ൽ വിരമിച്ച ശേഷമാണ് ഗോവയുടെ ആദ്യ ലോകായുക്തയായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.