മുംബൈ: രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിൽ കനത്തമഴ ജനജീവിതം സ്തംഭിപ്പിച്ചു. 24 മണിക്കൂറിനിടെ 300 മില്ലിമീറ്റർ മഴ കൂടി പെയ്തിറങ്ങിയപ്പോൾ തുടർച്ചയായ രണ്ടാം ദിനവും മഹാനഗരത്തിലെ മിക്കയിടങ്ങളും വെള്ളത്തിനടിയിലായി. ശക്തമായ മഴ പ്രവചിച്ചിരിക്കുന്ന മുംബൈയിലും സമീപ പ്രദേശങ്ങളിലും കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. മുംബൈക്ക് പുറമെ താനെ, റായ്ഗഡ്, രത്നഗിരി, സിന്ധുദുർഗ് ജില്ലകളിലും ശക്തമായ മഴ തുടരുമെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, അടുത്ത 48 മണിക്കൂർ നിർണായകമാണെന്നും വ്യക്തമാക്കി.
മീഠിനദി കരകവിഞ്ഞ് ഒഴുകുന്ന പശ്ചാലത്തിൽ തീരത്തുനിന്ന് അഞ്ഞൂറോളം പേരെ മാറ്റിപ്പാർപ്പിച്ചു. റെയിൽവേ ട്രാക്കിൽ വെള്ളംകയറിയതിനെ തുടർന്ന് സബർബൻ സർവീസ് താറുമാറായി. നിരവധി ട്രെയിനുകൾ സമയം വൈകിയാണ് ഓടുന്നത്. മുംബൈയിൽനിന്ന് പുറപ്പെടേണ്ടിയിരുന്ന 253 വിമാന സർവീസുകൾ വൈകി. ഇൻഡിഗോയുടെ ആറും സ്പൈസ് ജെറ്റിന്റേയും എയർ ഇന്ത്യയുടേയും ഓരോ വിമാനങ്ങളും സൂറത്ത്, അഹ്മദാബാദ്, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് തിരിച്ചുവിട്ടു. മോശം കാലാവസ്ഥയുടെ പശ്ചാത്തലത്തിൽ യാത്രക്കാർക്ക് നേരിട്ട ബുദ്ധിമുട്ടിൽ ഖേദം പ്രകടിപ്പിച്ച് ഇൻഡിഗോ രംഗത്തെത്തി.
ബൃഹൺമുംബൈ മുനിസിപ്പൽ കോർപറേഷൻ (ബി.എം.സി) അവശ്യ സർവീസുകൾ ഒഴികെയുള്ള എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകി. സ്വകാര്യ സ്ഥാപനങ്ങൾ തൊഴിലാളികൾക്ക് വർക്ക് ഫ്രം ഹോം സൗകര്യം ഉറപ്പാക്കണമെന്ന് ബി.എം.സി നിർദേശിച്ചു. സുരക്ഷാ മുൻകരുതലെന്ന നിലയിൽ അനാവശ്യ യാത്രകൾ ഒഴിവാക്കാൻ പൊതുജനം തയാറാകണമെന്നും നിർദേശമുണ്ട്.
വിവിധയിടങ്ങളിൽ റോഡുകൾ വെള്ളത്തിനടിയിലായതോടെ ബസ് സർവീസുകളും നിലച്ചിരിക്കുകയാണ്. സ്വകാര്യ വാഹങ്ങളിൽ വെള്ളംകയറി ഉപയോഗശൂന്യമായെന്നും റിപ്പോർട്ടുണ്ട്. വരുംദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ആശങ്കയിലാണ് മുംബൈ നിവാസികൾ.
കനത്ത മഴയിൽ മണ്ണിടിഞ്ഞും വെള്ളംകയറിയും മഹാരാഷ്ട്രയിൽ എട്ട് പേർ മരിച്ചു. വെള്ളപ്പൊക്കമുണ്ടായ നന്ദേഡ് ജില്ലയിലാണ് എട്ട് മരണവും. വിവിധ പ്രദേശങ്ങളിൽ നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. 10 ലക്ഷം ഏക്കർ കൃഷിഭൂമിയിൽ വെള്ളം കയറിയതായി ഉപമുഖ്യമന്ത്രി അജിത് പവാർ അറിയിച്ചു.
വൈകിയാണെങ്കിലും വെസ്റ്റേൺ ലൈനിൽ മാത്രമാണ് സബർബൻ ട്രെയിനുകൾ ഓടുന്നത്. സെൻഡ്രൽ, ഹാർബർ ലൈനുകളിൽ ഗതാഗതം നിർത്തിവെച്ചു. ചെന്നൈ, ഡൽഹി എന്നിവിടങ്ങളിലേക്ക് അടക്കമുള്ള ദീർഘദൂര ട്രെയിനുകളുടെ സമയക്രമം മാറ്റി. മുംബൈ വിമാനത്താവളത്തിലും വെള്ളം നിറഞ്ഞു. വിമാനങ്ങൾ വൈകിയാണ് പുറപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.