സുപ്രീം കോടതി മുൻ ജഡ്ജി ബി. സുദർശൻ റെഡ്ഡിയെ ഇൻഡ്യ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർഥിയായി നിശ്ചയിച്ച ന്യൂഡൽഹിയിൽ ചേർന്ന യോഗത്തിൽ പങ്കെടുത്ത നേതാക്കൾ കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെക്കൊപ്പം
ന്യൂഡൽഹി: തമിഴ്നാട്ടിൽനിന്ന് സ്ഥാനാർഥിയെ നിശ്ചയിച്ച് ഇൻഡ്യ സഖ്യത്തിൽ ആശയക്കുഴപ്പം ഉണ്ടാക്കാൻ നോക്കിയ ബി.ജെ.പി തന്ത്രത്തിന് അതേ നാണയത്തിലുള്ള മറുപടിയായി ആന്ധ്രപ്രദേശിൽനിന്നുള്ള സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് ബി. സുദർശൻ റെഡ്ഡിയുടെ സ്ഥാനാർഥിത്വം. ജയിക്കാനുള്ള മത്സരമല്ല എന്നറിഞ്ഞിട്ടും സ്ഥാനാർഥിയുടെ യോഗ്യതയിലും പ്രഗല്ഭ്യത്തിലും ഇൻഡ്യ സഖ്യം എൻ.ഡി.എയെ കടത്തിവെട്ടി.
തമിഴ് സ്ഥാനാർഥിക്ക് ബദലായി ഡി.എം.കെ നിർദേശിക്കുന്ന മറ്റൊരു തമിഴ് സ്ഥാനാർഥി ഇൻഡ്യ സഖ്യത്തെ പ്രതിനിധീകരിക്കുമെന്നായിരുന്നു മാധ്യമ പ്രചാരണം. അതിലും കടന്ന രാഷ്ട്രീയമാണ് ഇപ്പോൾ കളത്തിൽ പയറ്റിയത്. മികച്ച വിധിപ്രസ്താവങ്ങളിലൂടെ പേരെടുത്ത ആന്ധ്രപ്രദേശിൽനിന്നുള്ള നിഷ്പക്ഷനായ, സുപ്രീംകോടതി മുൻ ജഡ്ജിയെ വേണോ അതല്ല കേവലം ആർ.എസ്.എസ് പാരമ്പര്യം മാത്രമുള്ള തമിഴ്നാട്ടിൽനിന്നുള്ള രാഷ്ട്രീയനേതാവ് വേണോ എന്ന ചോദ്യമാണ് മോദി സർക്കാറിനെ താങ്ങിനിർത്തുന്ന ആന്ധ്രയിലെ തെലുഗുദേശം പാർട്ടിക്ക് മുമ്പാകെ ജസ്റ്റിസ് സുദർശൻ റെഡ്ഡിയുടെ സ്ഥാനാർഥിത്വത്തിലൂടെ ഉയർത്തിയത്.
ഈ സ്ഥാനാർഥി പ്രഖ്യാപനത്തിന് മുമ്പാണ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിന്റെ മകനും തെലുഗുദേശം നേതാവുമായ നരേഷ് എൻ.ഡി.എ സ്ഥാനാർഥിയെ നേരിൽ കണ്ട് അഭിനന്ദിച്ചത്. ഇൻഡ്യ സഖ്യം സ്ഥാനാർഥിയെ പ്രഖ്യാപിച്ചതോടെ പിന്തുണ എൻ.ഡി.എക്ക് തന്നെയെന്ന് തെലുഗുദേശത്തിന് വീണ്ടും പറയേണ്ടിവന്നു. ഇതോടെ തമിഴ്നാട്ടിൽനിന്നുള്ള എൻ.ഡി.എ സ്ഥാനാർഥിയെ ഡി.എം.കെ പിന്തുണക്കുമോ എന്ന ബി.ജെ.പിയുടെ ചോദ്യം നിർവീര്യമാക്കാനായി. ആർ.എസ്.എസ് സ്ഥാനാർഥിക്കെതിരെ സ്വന്തം സ്ഥാനാർഥിയെ നിർത്തി ജനാധിപത്യപരമായ അവകാശം വിനിയോഗിക്കുമെന്ന് കോൺഗ്രസ് നേരത്തേ വ്യക്തമാക്കിയിരുന്നു.
പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഇതിനായി സഖ്യകക്ഷികളുമായി കൂടിയാലോചന നടത്തുമെന്നും പറഞ്ഞിരുന്നു. എല്ലാ പാർട്ടികളുടെയും അഭിപ്രായം മാനിക്കുമെന്ന വാക്ക് പാലിച്ചാണ് ഇൻഡ്യ സഖ്യത്തിനുവേണ്ടി ഡി.എം.കെ മുന്നോട്ടുവെച്ച സ്ഥാനാർഥി തൃണമൂൽ കോൺഗ്രസിന് സ്വീകാര്യമാകാതെ വന്നപ്പോൾ കോൺഗ്രസ് വേണ്ടെന്നുവെച്ചത്.
ഭരണഘടന അപകടത്തിലാണെന്നും ഭരണഘടന സ്ഥാപനങ്ങളെ ഏറെക്കുറെ അട്ടിമറിച്ചു കഴിഞ്ഞുവെന്നും ഇൻഡ്യ സഖ്യം നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്ന വേളയിൽ ഭരണഘടനാ മൂല്യങ്ങൾക്കുവേണ്ടി നിലകൊണ്ട നിയമജ്ഞനെ സ്ഥാനാർഥിയാക്കുന്നതിലൂടെ ഭരണഘടനയോടുള്ള പ്രതിബദ്ധത ഒരിക്കൽകൂടി ആവർത്തിക്കുകയാണെന്ന് പ്രതിപക്ഷത്തിന് തെളിയിക്കാനായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.