കോഴിക്കോട്: യൂത്ത് കോണ്‍ഗ്രസ് നേതാവ് സുജിത്തിനെ കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ അതിക്രൂരമായി മര്‍ദിച്ചതിനെതിരെ സിവിൽ പൊലീസ് ഓഫിസർ ഉമേഷ് വള്ളിക്കുന്ന്. കാമറയുടെ മുൻപിൽ വെച്ച് ഇങ്ങനെ ചെയ്യാൻ കൂസലില്ലാത്തവർ കാമറയില്ലാത്തിടത്ത് ചെയ്തുകൂട്ടിയത് എന്തൊക്കെയായിരിക്കുമെന്ന് അദ്ദേഹം ചോദിച്ചു.
‘തലച്ചോറിളക്കുന്ന, നെഞ്ചു കലക്കുന്ന, മുതുക് ചതക്കുന്ന, വൃക്ക തകർക്കുന്ന ഇടികളും കാൽവെള്ളയിലൂടെ തലവരെയെത്തിക്കുന്ന അടികളും എന്നെയും കാത്തിരിക്കുന്നുണ്ടെന്ന, നിങ്ങളെയും കാത്തിരിക്കുന്നുണ്ടെന്ന തിരിച്ചറിവിൽ ഉള്ളു കിടുങ്ങുന്നു. വനിതാദിനാഘോഷത്തിൽ പങ്കെടുത്തതിനും കാടു പൂക്കുന്ന നേരം സിനിമയിലെ സംഭാഷണം ഇഷ്ടപ്പെട്ടു എന്നെഴുതിയതിന്നും ആതിരയെ പ്രണയിച്ചതിനും ഒക്കെ എനിക്കെതിരെ തരാതരം അച്ചടക്കനടപടികൾ സ്വീകരിച്ചിരുന്നു. അതിൽ എനിക്ക് കിട്ടിയ ശിക്ഷയെക്കാൾ കുറവാണ് ഇവർക്ക് നൽകിയ ശിക്ഷ! അത്ര നിസ്സാരമായാണ് ഈ ക്രൂരകൃത്യത്തെ ഡിപ്പാർട്ട്മെൻറ് കാണുന്നത് എന്നത് തന്നെ എന്തൊരു ഭീകരതയാണ്!’ -ഉമേഷ് ചോദിക്കുന്നു.
തൃശൂര്‍ ചൊവ്വന്നൂരിൽ വെച്ച് വഴിയരികിൽ നിന്നിരുന്ന സുഹൃത്തുക്കളെ പൊലീസ് ഭീഷണിപ്പെടുത്തുന്നത് ശ്രദ്ധയിൽപ്പെട്ട സുജിത്ത് കാര്യം തിരക്കുകയായിരുന്നു. ഇത് ഇഷ്ടപ്പെടാതിരുന്ന കുന്നംകുളം പൊലീസ് സ്റ്റേഷനിലെ എസ്. ഐ. നുഹ്മാൻ സുജിത്തിനെ കസ്റ്റഡിയിലെടുത്ത് പൊലീസ് ജീപ്പിൽ സ്റ്റേഷനിലേക്ക് കൊണ്ടുപോയാണ് മർദിച്ചത്.
ഉറക്കം വരാത്ത രാത്രിയാണ്.
വിഷപ്പാമ്പിനെപ്പോലും തല്ലിക്കൊല്ലാത്ത ഈ കാലത്ത് ഒരു മനുഷ്യനെ വട്ടം കൂടി നിന്ന് ക്രൂരമായി മർദ്ദിക്കുകയാണ് നാല് പോലീസുകാർ!
കാമറയുടെ മുൻപിൽ വെച്ച് ഇങ്ങനെ ചെയ്യാൻ കൂസലില്ലാത്തവർ കാമറയില്ലാത്തിടത്ത് ചെയ്തുകൂട്ടിയത് ഏന്തൊക്കെയായിരിക്കും!!
ഉൾക്കിടിലം മാറുന്നില്ല. "അച്ചടക്കനടപടി എടുത്തു" എന്ന് നിസ്സാരമായി പറഞ്ഞു തള്ളുന്ന ഉദ്യോഗസ്ഥരെയും നേതാക്കളെയും കണ്ടപ്പോൾ അത് കൂടുന്നതേയുളളു..
വനിതാദിനാഘോഷത്തിൽ പങ്കെടുത്തതിനും "കാടു പൂക്കുന്ന നേരം" സിനിമയിലെ സംഭാഷണം ഇഷ്ടപ്പെട്ടു എന്നെഴുതിയതിന്നും ആതിരയെ പ്രണയിച്ചതിനും ഒക്കെ എനിക്കെതിരെ തരാതരം അച്ചടക്കനടപടികൾ സ്വീകരിച്ചിരുന്നു. അതിൽ എനിക്ക് കിട്ടിയ ശിക്ഷയെക്കാൾ കുറവാണ് ഇവർക്ക് നൽകിയ ശിക്ഷ! അത്ര നിസ്സാരമായാണ് ഈ ക്രൂരകൃത്യത്തെ ഡിപ്പാർട്ട്മെൻറ് കാണുന്നത് എന്നത് തന്നെ എന്തൊരു ഭീകരതയാണ്!
ഈ ദൃശ്യങ്ങൾ കിട്ടാൻ ഹൈക്കോടതി വരെ ഇടപെടേണ്ടി വന്നു. രണ്ട് വർഷം വൈകുകയും ചെയ്തു. പതറാതെ, സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ പണം വാങ്ങി ഒത്തു തീർപ്പാക്കാതെ രണ്ടു വർഷം പൊരുതി ഭീകരമായ ദൃശ്യങ്ങൾ പുറംലോകത്തെത്തിച്ച മനുഷ്യരെ നമിക്കുന്നു. ആ ദൃശ്യങ്ങൾ ഒളിപ്പിക്കാൻ ഇത്രയും കാലം ശ്രമിച്ചവരും ക്രിമിനലുകളാണ്. പൊലീസ് സേനയിൽ നിന്ന് ആദ്യം പുറത്താക്കേണ്ടത് അവരെയാണ്. അവരെ സംരക്ഷിച്ചവരെയാണ്. അവരെയും സംരക്ഷിച്ച പൊന്നുതമ്പുരാനെയാണ്.
ഉറക്കം വരുന്നില്ല.
തലച്ചോറിളക്കുന്ന, നെഞ്ചു കലക്കുന്ന, മുതുക് ചതക്കുന്ന, വൃക്ക തകർക്കുന്ന ഇടികളും കാൽവെള്ളയിലൂടെ തലവരെയെത്തിക്കുന്ന അടികളും എന്നെയും കാത്തിരിക്കുന്നുണ്ടെന്ന, നിങ്ങളെയും കാത്തിരിക്കുന്നുണ്ടെന്ന തിരിച്ചറിവിൽ ഉള്ളു കിടുങ്ങുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.