‘സുജിത്തിന്റെ പോരാട്ടത്തിന് ഈ നാട് പിന്തുണ കൊടുക്കും’; കുന്നംകുളം സ്റ്റേഷൻ മർദനത്തിൽ ഫേസ്ബുക്ക് പോസ്റ്റുമായി രാഹുൽ മാങ്കൂട്ടത്തിൽ

കോഴിക്കോട്: കുന്നംകുളം സ്റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് സുജിത്തിനെ പൊലീസ് അതിക്രൂരമായി മര്‍ദിച്ചതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി മുൻ യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ.

പ്രസ്ഥാനത്തിനും നാടിനും വേണ്ടി നിരവധി യൂത്ത് കോൺഗ്രസുകാരാണ് പൊലീസിന്റെ ക്രൂര മർദനങ്ങൾക്കു ഇരയായതെന്നും അതിലെ ഏറ്റവും ക്രൂരമായ അനുഭവമാണ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് സുജിത്തിന് നേരിടേണ്ടി വന്നതെന്നും രാഹുൽ കുറിപ്പിൽ പറയുന്നു. സുജിത്തിനെ മർദിച്ച് അവശനാക്കിയശേഷം കള്ളക്കേസിൽ കുടുക്കാനും ശ്രമിച്ചു. നീണ്ട രണ്ട് വർഷത്തെ പോരാട്ടത്തിന്റെ ഭാഗമായാണ് ദൃശ്യങ്ങൾ പുറത്ത് വന്നതെന്നും രാഹുൽ പറയുന്നു.

ലൈംഗികാരോപണങ്ങളിൽ കുടുങ്ങിയശേഷം രാഹുൽ ആദ്യമായാണ് ഒരു വിഷയത്തിൽ രാഹുൽ പ്രതികരിക്കുന്നത്. അടൂരിലെ വീട്ടിലാണ് രാഹുൽ ഇപ്പോഴും തുടരുന്നത്. തൃശൂർ കുന്നംകുളം പൊലീസ് സ്റ്റേഷനിൽ 2023 ഏപ്രിൽ അഞ്ചിന് നടന്ന സംഭവത്തിൻറെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്‍റ് സുജിത്താണ് ക്രൂര മർദനത്തിനിരയായത്. രണ്ടുവര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവിൽ വിവരാവകാശ കമീഷന്‍റെ ഉത്തരവ് പ്രകാരമാണ് ദൃശ്യങ്ങൾ പുറത്തുവന്നത്.

തൃശൂര്‍ ചൊവ്വന്നൂരിൽ വെച്ച് വഴിയരികിൽ നിന്നിരുന്ന സുഹൃത്തുക്കളെ പൊലീസ് ഭീഷണിപ്പെടുത്തുന്നത് ശ്രദ്ധയിൽപ്പെട്ട സുജിത്ത് കാര്യം തിരക്കുകയായിരുന്നു. ഇത് ഇഷ്ടപ്പെടാതിരുന്ന കുന്നംകുളം പൊലീസ് സ്റ്റേഷനിലെ എസ്. ഐ. നുഹ്മാൻ സുജിത്തിനെ കസ്റ്റഡിയിലെടുത്ത് പൊലീസ് ജീപ്പിൽ സ്റ്റേഷനിലേക്ക് കൊണ്ടുപോയാണ് മർദിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം;

പ്രസ്ഥാനത്തിനും ഈ നാടിനും വേണ്ടി നിരവധി യൂത്ത് കോൺഗ്രസുകാരാണ് ഇക്കാലയളവിൽ പോലീസിന്റെ ക്രൂര മർദ്ദനങ്ങൾക്കു ഇരയായത്. അതിലെ ഏറ്റവും ക്രൂരമായ അനുഭവമാണ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് സുജിത്ത് നേരിടേണ്ടി വന്നത്. സുജിത്തിനെ മർദിച്ച് അവശനാക്കിയ ശേഷം കള്ളക്കേസിൽ കുടുക്കാനും ശ്രമിച്ചു. നീണ്ട രണ്ട് വർഷത്തെ പോരാട്ടത്തിന്റെ ഭാഗമായാണ് ഈ ദൃശ്യങ്ങൾ പുറത്ത് വന്നത്…..

സുജിത്തിന്റെ പോരാട്ടത്തിന് ഈ നാട് പിന്തുണ കൊടുക്കും…

Full View
Tags:    
News Summary - Rahul Mamkootathil said that the footage was released as part of the struggle

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.