ബോളിവുഡിലെ ജനപ്രിയ താരങ്ങളിൽ ഒരാളാണ് ശ്രദ്ധ കപൂർ. അഭിനയവും ഫാഷൻ സെൻസും സൗമ്യമായ പെരുമാറ്റവുമാണ് ശ്രദ്ധയെ ആളുകൾക്ക് പ്രിയങ്കരിയാക്കിയത്. ആഷിഖി 2, സ്ത്രീ തുടങ്ങിയ സിനിമകൾ മുതൽ ചിച്ചോർ, തു ജൂത്തി മേം മക്കാർ വരെയുള്ള സിനിമകളിലൂടെ തന്നെ വലിയ രീതിയിൽ ആരാധകരെ ഉണ്ടാക്കിയ നടിയാണ് ശ്രദ്ധ. സാധാരണയായി ആരാധകർ അവരുടെ സിനിമകളെക്കുറിച്ച് സംസാരിക്കാറുണ്ടെങ്കിലും ഇത്തവണ വാർത്തകളിൽ ഇടം നേടുന്നത് താരത്തിന്‍റെ ലിങ്ക്ഡ്ഇൻ പ്രൊഫൈലാണ്.
സിനിമ ജീവിതം തുടങ്ങുന്നതിന് മുൻപ്, ബോസ്റ്റൺ സർവകലാശാലയിൽ സൈക്കോളജി വിദ്യാർഥിനി ആയിരുന്നു ശ്രദ്ധ, കൂടെ തന്നെ പാർട്ട് ടൈം ജോലിയും ചെയ്തിരുന്നു. 2005 ഒക്ടോബർ മുതൽ ഡിസംബർ വരെ സ്റ്റാർബക്സിൽ ഒരു ബാരിസ്റ്റയായി വർക്ക് ചെയ്തു. 'ബോസ്റ്റണിലെ ഏറ്റവും മോശം, വേഗത കുറഞ്ഞ ബാരിസ്റ്റയായിരുന്നു ഞാൻ. എല്ലാ ഉപഭോക്താക്കളെയും കണ്ടെത്തി ക്ഷമ ചോദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു' എന്ന് തന്റെ പ്രൊഫൈലിൽ ശ്രദ്ധ കുറിച്ചു. പിന്നീട് 2006 ജനുവരി മുതൽ മാർച്ച് ഐൻസ്റ്റീൻ ബ്രോസ് ബാഗൽസിൽ ഒരു സാൻഡ്‌വിച്ച് മേക്കറായി ജോലി ചെയ്തെന്നും 'നല്ല ബാഗലുകൾ ഉണ്ടാക്കി'യെന്നും കൂട്ടിച്ചേർത്തു.
2009-ൽ തന്റെ ആദ്യ ചിത്രമായ ടീൻ പാട്ടിക്കുവേണ്ടി ശ്രദ്ധ ബോസ്റ്റണിൽ നിന്നും തിരിച്ചെത്തി. ആ ചിത്രം പരാജയപ്പെട്ടെങ്കിലും, 2011-ൽ ആഷിഖി 2 എന്ന ചിത്രത്തിലൂടെ അവർക്ക് വലിയ സ്വീകാര്യത ലഭിച്ചു, ശേഷം ബോളിവുഡിലെ പ്രധാന നടിമാരിൽ ഒരാളായി ശ്രദ്ധ കപൂർ മാറി. അഭിനയത്തോടൊപ്പം 2023-ൽ ആരംഭിച്ച ആഭരണങ്ങളുടെയും ആഡംബര വസ്തുക്കളുടെയും ബ്രാൻഡായ പാൽമോണസിന്റെ സഹസ്ഥാപക കൂടിയാണ് ശ്രദ്ധ.
ശ്രദ്ധയുടെ ആദ്യ ലിങ്ക്ഡ്ഇൻ അക്കൗണ്ട് വ്യാജമാണെന്നാണ് കാണിച്ചിരുന്നത്. ശേഷം ഇൻസ്റ്റാഗ്രാമിൽ സഹായം അഭ്യർഥിച്ച് പ്രശ്നം ഉടൻ തന്നെ പരിഹരിച്ചു. ഒരു ആഴ്ചക്കുള്ളിൽ 50,000 ത്തിലധികം ഫോളോവേഴ്‌സിനെയാണ് ശ്രദ്ധ കപൂർ നേടിയത്. ആളുകൾക്ക് കൂടുതൽ ഇഷ്ടപ്പെട്ടത് താരത്തിന്‍റെ തമാശ നിറഞ്ഞതും സത്യസന്ധവുമായ ജോലി വിശേഷങ്ങളാണ്. താരത്തിന്‍റെ ലിങ്ക്ഡ്ഇൻ ബയോ രസകരമാണെന്നാണ് ആരാധകർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.