'ശുചിമുറിയിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ചു'; ടെലിവിഷൻ താരം ആശിഷ് കപൂർ അറസ്റ്റിൽ

ലൈംഗിക പീഡനക്കേസിൽ ടെലിവിഷൻ നടൻ ആശിഷ് കപൂർ അറസ്റ്റിൽ. ഡൽഹിയിൽ ഒരു വീട്ടിലെ പാർട്ടിക്കിടെ ശുചിമുറിയിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ഒരു സ്ത്രീ ആരോപിച്ചതിനെ തുടർന്നാണ് ആശിഷ് കപൂറിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്.

ഇൻസ്റ്റാഗ്രാം വഴിയാണ് കപൂർ സ്ത്രീയെ പരിചയപ്പെട്ടത്. പിന്നീട് സുഹൃത്തിന്റെ വീട്ടിലെ പാർട്ടിക്ക് ക്ഷണിക്കുകയായിരുന്നു എന്നാണ് വിവരം. അവിടെയാണ് സംഭവം നടന്നതെന്ന് ആരോപിക്കപ്പെടുന്നതെന്ന് പൊലീസ് പറഞ്ഞു. പീഡനത്തിന്‍റെ ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ടെന്നും സ്ത്രീ ആരോപിക്കുന്നുണ്ട്.

എന്നാൽ പൊലീസിന് അത്തരം ദൃശ്യങ്ങളൊന്നും ലഭിച്ചിട്ടില്ല. സംഭവത്തിന് ശേഷം കപൂറിന്റെ സുഹൃത്തിന്റെ ഭാര്യ വാഷ്‌റൂമിന് പുറത്ത് വെച്ച് തന്നെ ആക്രമിച്ചുവെന്നും അവർ ആരോപിച്ചു. കപൂറിന്റെ സുഹൃത്തിന്റെ ഭാര്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തതെന്നും പൊലീസ് പറഞ്ഞു. അന്വേഷണം തുടരുകയാണ്.

ആദ്യ പരാതിയിൽ സ്ത്രീ മറ്റ് ചില വ്യക്തികളുടെ പേര് പറഞ്ഞിരുന്നുവെന്നും എന്നാൽ പിന്നീട് മൊഴിയിലെ ചില ഭാഗങ്ങൾ മാറ്റിപ്പറഞ്ഞതായും ഉദ്യോഗസ്ഥർ പറഞ്ഞു. ആശിഷും അജ്ഞാതരായ പുരുഷന്മാരും ചേർന്ന് സ്ത്രീയെ ബലാത്സംഗം ചെയ്തുവെന്ന് ആദ്യ പരാതിയിൽ ആരോപിച്ചിരുന്നു. എന്നാൽ, പിന്നീട് ആശിഷിനെതിരെ മാത്രം ബലാത്സംഗ കുറ്റം ചുമത്തി അവർ മൊഴി തിരുത്തി.

ആശിഷ് ആദ്യം ഗോവയിൽ ഉണ്ടെന്ന വിവരം ലഭിച്ചിരുന്നെന്ന് ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. എന്നാൽ പൊലീസ് എത്തിയപ്പോഴേക്കും അയാൾ ഒളിവിൽ പോയി. പിന്നീട് പുണെയിൽ നിന്ന് പിടികൂടുകയായിരുന്നു. ആഗസ്റ്റ് 11ന് പുലർച്ചെയാണ് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി സ്ത്രീ പൊലീസിൽ പരാതിപ്പെട്ടത്.

സരസ്വതിചന്ദ്ര, ലവ് മാര്യേജ് യാ അറേഞ്ച്ഡ് മാര്യേജ്, ചാന്ദ് ചുപ ബാദൽ മേ, ദേഖാ ഏക് ഖ്വാബ്, മോൾക്കി റിഷ്‌ടൺ കി അഗ്നിപരീക്ഷ, വോ അപ്നാ സാ, ബന്ദിനി തുടങ്ങി നിരവധി ജനപ്രിയ ഷോകളുടെ ഭാഗമായ ആശിഷ് കപൂർ ഇന്ത്യൻ ടെലിവിഷനിലെ അറിയപ്പെടുന്ന മുഖമാണ്.

Tags:    
News Summary - Ashish Kapoor arrested in Pune on alleged rape charges

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.