ഈ വർഷത്തെ ഏറ്റവും ഹൈപ്പിൽ പുറത്തിറങ്ങിയ ചിത്രമാണ് ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ ഒരുങ്ങിയ കൂലി. എങ്കിലും ചിത്രത്തിന് പ്രതീക്ഷക്കൊത്ത് ഉയരാൻ സാധിച്ചില്ല. ഇപ്പോഴിതാ സിനിമയിലെ എ.ഐ ഉപയോഗത്തെക്കുറിച്ച് പറയുകയാണ് ലോകേഷ് ഇപ്പോൾ. ഇന്ന് ഒ.ടി.ടിയില്ലാതെ ഒരു സിനിമ റിലീസ് ആവുന്നില്ല. അതുപോലെ ഭാവിയിൽ എ.ഐ ഇല്ലാത്ത ഒരു കാലത്തെക്കുറിച്ച് ചിന്തിക്കാൻ ആവില്ലെന്ന് ലോകേഷ് പറയുന്നു.
'15 വർഷം മുമ്പ് കമൽ സാർ അദ്ദേഹത്തിന്റെ വിശ്വരൂപം എന്ന സിനിമ നേരിട്ട് ടി.വി റിലീസ് ചെയ്യാൻ തീരുമാനിച്ചു. ഇന്ത്യൻ സിനിമയിൽ ഒ.ടി.ടി റിലീസെന്ന ട്രെൻഡിന് തുടക്കം കുറിച്ചത് അദ്ദേഹമായിരുന്നു. എന്നാൽ അന്ന് ആ നീക്കം സിനിമാമേഖലയെ ഇല്ലാതാക്കുമെന്ന് ചിലർ വാദിച്ചു. എല്ലാവരും അദ്ദേഹത്തെ ഒറ്റപ്പെടുത്തിയതോടെ ആ നീക്കത്തിൽ നിന്ന് കമൽ സാർ പിന്മാറി. ഇന്ന് എന്താണ് അവസ്ഥ. ഒ.ടി.ടി റിലീസ് ഡീൽ ക്ലോസ് ചെയ്യാതെ ഒരൊറ്റ വമ്പൻ പടവും റിലീസിനെക്കുറിച്ച് ആലോചിക്കില്ല. കമൽ സാറിന്റെ അന്നത്തെ വിഷൻ മനസിലാക്കാൻ നമുക്ക് ഒരുപാട് സമയം വേണ്ടിവന്നു. എ.ഐയുടെ കാര്യത്തിലും അത് തന്നെയാണ് എന്റെ അഭിപ്രായം. ഇന്ന് എ.ഐ അപകടകരമാണെന്ന് പറയുന്നവർ നാളെ ഇതിനെ സപ്പോർട്ട് ചെയ്ത് രംഗത്തുവരും' ലോകേഷ് പറയുന്നു.
തമിഴകത്തെ ഈ വർഷത്തെ ഏറ്റവും വലിയ റിലീസുകളിലൊന്നായിരുന്നു രജനികാന്ത് നായകനായെത്തിയ കൂലി. വൻ താരനിരയായിരുന്നു ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. തുടർച്ചയായ രണ്ട് ഹിറ്റ് സിനിമകൾക്ക് ശേഷം സംവിധായകൻ ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമായതു കൊണ്ടുതന്നെ പ്രേക്ഷക പ്രതീക്ഷയും ഏറെയായിരുന്നു. തമിഴ്, തെലുങ്ക്, ഹിന്ദി ഇൻഡസ്ട്രികളിൽ നിന്ന് താരങ്ങളെത്തിയിട്ട് പോലും ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. നാഗാർജുന, രചിത റാം, ശ്രുതി ഹാസൻ, സൗബിൻ ഷാഹിർ, ഉപേന്ദ്ര, സത്യരാജ് എന്നിവരടങ്ങുന്ന ഒരു വലിയ താരനിരയാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. ബോളിവുഡ് സൂപ്പർതാരം ആമിർ ഖാനും ചിത്രത്തിലെത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.