സെപ്റ്റംബർ അഞ്ചിന് റിലീസ് ചെയ്യാൻ പോകുന്ന തന്റെ ചിത്രമായ മദരാസിയുടെ പ്രമോഷൻ തിരക്കിലാണ് നടൻ ശിവകാർത്തികേയൻ. ഇപ്പോഴിതാ തന്റെ ജീവിത്തതിൽ ഭാര്യ ആരതി എങ്ങനെയാണ് കൂടെ നിന്നതെന്ന് പറയുകയാണ് താരം. നല്ല നടനെന്ന് അറിയപ്പെടുന്നതിന് മുമ്പ് തന്നെ ആരതി കൂടെയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഹിന്ദുസ്ഥാൻ ടൈംസിനോട് സംസാരിക്കുകയായിരുന്നു താരം.
'എന്റെ കോളജ് സുഹൃത്തുക്കൾ മിമിക്രി ചെയ്യാനും വേദികളിൽ കയറാനും എന്നെ പ്രോത്സാഹിപ്പിച്ചു. ഞാൻ നന്നായി അഭിനയിക്കുമെന്ന് പറഞ്ഞു. ഞാൻ സിനിമയിൽ വരുന്നതിനു മുമ്പുതന്നെ ആരതി എന്നെ വിവാഹം കഴിച്ചു. അന്നെനിക്ക് കൃത്യമായ ശമ്പളം പോലും ലഭിച്ചിരുന്നില്ല. എന്നിട്ടും അവൾ എന്നോട് ഓകെ പറഞ്ഞു. ഞാൻ എപ്പോഴും ആരതിയോട് നന്ദിയുള്ളവനായിരിക്കും' -ശിവകാർത്തികേയൻ പറഞ്ഞു.
ശിവകാർത്തികേയൻ 2010ലാണ് ആരതിയെ വിവാഹം കഴിക്കുന്നത്. അടുത്തിടെ അവരുടെ പതിനഞ്ചാം വിവാഹ വാർഷികം ആയിരുന്നു. ടെലിവിഷനിൽ അവതാരകനായാണ് ശിവകാർത്തികേയൻ കരിയർ ആരംഭിച്ചത്. പിന്നീട് 2012ൽ മറീന എന്ന ചിത്രത്തിലും 2013ൽ ധനുഷ് അഭിനയിച്ച ത്രീ എന്ന ചിത്രത്തിൽ അഭിനയിച്ചു.
അതേസമയം, ശിവകാർത്തികേയൻ നായകനാകുന്ന ഒരു ആക്ഷൻ ത്രില്ലറാണ് മദരാസി. ചിത്രത്തിൽ രുക്മിണി വസന്ത് നായികയായി അഭിനയിക്കുന്നു, വിദ്യുത് ജംവാൾ, ബിജു മേനോൻ, മോനിഷ വിജയ്, വിക്രാന്ത്, ഷബീർ കല്ലറക്കൽ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.