ചെറുപ്പത്തിൽ പിതാവ് ഉപേക്ഷിച്ചു, തുടർന്ന് സിനിമയിലേക്ക്, വിവാദപ്രണയവും വേർപിരിയലും, സിനിമാക്കഥപോലൊരു ജീവിതം!

നടൻ കമൽ ഹാസന്‍റെ ജീവിതവും പ്രണയങ്ങളും വാർത്തകളിൽ ഇടംപിടിച്ചവയാണ്. കമലുമായുളള പ്രണയത്തിലൂടെയും വിവാഹമോചനത്തിലൂടെയും നടി സരികയും പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്. എന്നാൽ അവരുടെ വ്യക്തി ജീവിതത്തെക്കുറിച്ച് അധികമാർക്കുമറിയില്ല. സ്കൂളിൽ ചേരേണ്ട പ്രായത്തിൽ, അച്ഛൻ ഉപേക്ഷിച്ച, അഞ്ചാം വയസ്സിൽ കുടുംബത്തിന്റെ ആശ്രയമാകാൻ നിർബന്ധിതയായ, ഓരോ ദിവസം കഴിയുന്തോറും സങ്കീർണമായ ജീവിതമായിരുന്നു സരികയുടേത്.

അച്ഛൻ ഉപേക്ഷിച്ച മകൾ

സരികയുടെ അഞ്ചാംവയസ്സിലാണ് അവരെയും അമ്മയെയും പിതാവ് ഉപേക്ഷിച്ചു പോകുന്നത്. ജീവിക്കാൻ മറ്റ് മാർഗങ്ങളൊന്നുമില്ലാതെ നിന്ന സമയത്താണ് സരിക സിനിമയിൽ എത്തുന്നത്. അതിനാൽ തന്നെ സ്കൂൾ വിദ്യാഭ്യാസത്തിനുള്ള അവസരം അവർക്ക് ലഭിച്ചില്ല. ബാല്യകാലത്തിന്‍റെ നിഷ്കളങ്കത നഷ്ടപ്പെട്ടതിൽ ഒരുപാട് ഖേദിക്കുന്നതായി അവർ പല അഭിമുഖങ്ങളിലും പിന്നീട് പറയുകയുണ്ടായി.

സിനിമയിലേക്ക്

1967ൽ സുനിൽദത്തിന്‍റെ 'ഹംറാസ്' എന്ന സിനിമയിൽ ആൺകുട്ടിയുടെ വേഷം അഭിനയിച്ചുകൊണ്ടായിരുന്നു സരികയുടെ സിനിമ ജീവിതത്തിന് ആരംഭമാകുന്നത്. അന്ന് സരികക്ക് വെറും അഞ്ച് വയസ്സുമാത്രം. പതിനഞ്ചാം വയസ്സിൽ നായികയായി അരങ്ങേറ്റം. 21ാം വയസ്സിൽ 60 രൂപയുമായി വീട് വിട്ടിറങ്ങിയ കാര്യവും സരിക പങ്കുവെച്ചിട്ടുണ്ട്. ഒറ്റ രാത്രികൊണ്ടല്ല, ഒരുപാട് ചിന്തിച്ചെടുത്ത തീരുമാനമായിരുന്നു അതെന്നും സരിക പിന്നീട് പറഞ്ഞിട്ടുണ്ട്.

കമൽഹാസനുമായുളള ബന്ധം

1984ൽ രാജ് തിലകിന്‍റെ സെറ്റിൽവെച്ചാണ് കമൽഹാസനുമായുള്ള ആദ്യ കണ്ടുമുട്ടൽ. പിന്നീട് ഇവർ ഒരുമിച്ച് അഭിനയിച്ചു. അന്ന് കമൽ വിവാഹിതനാണ്. പരിചയം പ്രണയത്തിലെക്ക് വഴിമാറുകയായിരുന്നു. പിന്നീട് ലിവിങ് റിലേഷൻഷിപ്പിലേക്കും. വിവാഹിതനായ ഒരു വ്യക്തിക്കൊപ്പം മറ്റൊരു സ്ത്രീ താമസിക്കുന്നത് തമിഴ്നാട്ടിൽ വൈകാതെ തന്നെ വിവാദത്തിന് തിരികൊളുത്തി. വാർത്തകളിലും ഗോസിപ്പ് കോളങ്ങളിലും അത് ഇടംപിടിച്ചു. ഇത് സരികയുടെ കരിയറിനെ ബാധിക്കാൻ തുടങ്ങി. താമസിയാതെ കമൽഹാസന്‍ ഭാര്യ വാണി ഗണപതിയുമായി വേർപിരിഞ്ഞു. സരികയുമായി വിവാഹിതനായി.

1986ലാണ് ഇവർക്ക് ആദ്യമകളായ ശ്രുതിഹാസൻ ജനിക്കുന്നത്. അന്ന് സരിക വിവാഹിതയായിരുന്നില്ല. 1991ൽ അക്ഷരയും. അതിന് ശേഷമാണ് സരികയും കമലും വിവാഹിതരാകുന്നത്. 2004ൽ അഭിപ്രായഭിന്നതയെ തുടർന്ന് കമലിൽ നിന്നും വിവാഹമോചനം നേടി. നിലവിൽ ഒറ്റക്കാണ് താമസം. തന്‍റെ തീരുമാനങ്ങളിൽ തനിക്ക് ഒരിക്കലും കുറ്റബോധം തോന്നാറില്ലെന്നും ശരിയെന്നു തോന്നുന്ന കാര്യങ്ങളാണ് ചെയ്യുന്നതെന്ന് പല അഭിമുഖങ്ങളിലും സരിക പറയുന്നു.

Tags:    
News Summary - Abandoned by dad at 5, Bollywood star never went to school

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.